News >> മദർ തെരേസയുടെ ജീവിതം നൃത്ത രൂപത്തിൽ
ന്യൂഡെൽഹി: 'കരുണ' കേവലം ഒരു നൃത്തരൂപമല്ല. മറിച്ച്, ജീവിക്കുന്ന വിശുദ്ധ എന്ന് ലോകം വിളിച്ച മദർ തെ രേസയോടുള്ള ഒരു കലാകാരിയുടെ ആദരവാണ്. കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരുടെ ഹൃദയത്തിലും അത്തരമൊരു അനുഭവമായിരുന്നു നിറഞ്ഞത്. സിതറിസ്റ്റി ഡാൻസ് സ്‌കൂളിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച ഫെസ്റ്റിവലിലായിരുന്നു മദർ തെരേസയുടെ ജീവിതം നൃത്തരൂപത്തിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയത്. ഇറ്റലിയിൽ ജനിച്ച ഇലിയാന സിതറിസ്റ്റി ഇന്ത്യയിലെ പ്രശസ്ത ഒഡീസി നർത്തകിയാണ്.മദർ തെരേസയുടെ ജീവിതമാണ് നൃത്തരൂപത്തിലൂടെ അവതരിപ്പിച്ചത്. കാരുണ്യത്തിന്റെ ആൾരൂപമായിരുന്ന മദറിന്റെ കഥ നൃത്തരൂപത്തിലാക്കുമ്പോൾ ആ പേരിൽവരെ ഒരു മദർ 'ടച്ച്' നൽകാൻ ഇലിയാന പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കരുണ എന്നാണ് മദറിനെക്കുറിച്ചുള്ള തന്റെ നൃത്ത രൂപത്തിന് പേരിട്ടിരിക്കുന്നത്. "ഹൃദയത്തിൽ മുഴങ്ങിയ ദൈവസ്വരത്തോട് പ്രത്യുത്തരിച്ച് എല്ലാ സുരക്ഷിതത്വവും ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുമ്പോൾ വിശ്വാസം മാത്രമായിരുന്നു മദർ തെരേസയുടെ കൈമുതൽ. ആ ബോധ്യമായിരുന്നു ജനിച്ച നാടും വീടും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാൻ മദറിനെ പ്രേരിപ്പിച്ചത്." ഇതു പറയുമ്പോൾ ഇലിയാന സിതറിസ്റ്റിയുടെ മുഖത്ത് പാവങ്ങളുടെ അമ്മയോടുള്ള ബഹുമാനം നിറയുന്നു. ആ അമ്മയോട് ഹൃദയത്തിൽ നിറഞ്ഞുനില്ക്കുന്ന ആദരവ് നൃത്തത്തിലൂടെ നൽകാൻ ശ്രമിക്കുകയാണ് ഇലിയാന.പ്രതീകങ്ങളുടെ ആശയങ്ങൾ പ്രേക്ഷക മനസുകളിലേക്ക് എത്തിക്കുന്നതിൽ ഈ കലാകാരിക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. നൃത്തത്തിലെ ഓരോ രംഗവും മദർ തെരേസയുടെ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. നർത്തകർ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങൾക്ക് മണ്ണിന്റെ കളറാണ്. അതോടൊപ്പം നിരവധി ചവുട്ടികളും ഉപയോഗിച്ചിക്കുന്നുണ്ട്. അതിന്റെ കാരണങ്ങളും സിതറസ്റ്റി വിശദീകരിക്കുന്നു. "ഇത് കൊൽക്കത്തയിലെ തെരുവോരങ്ങളിലും ചേരികളിലും ജീവിക്കുന്ന സാധാരണ മനുഷ്യരുടെ പ്രതീകങ്ങളാണ്. അവരുടെ വീടുകൾ നിർമിച്ചിരിക്കുന്നതുമുതൽ കിടക്കുന്നതിന് നിലത്തുവിരിച്ചിരിക്കുന്നവ വരെ സാധാരണ ടാർപായ്കളാണ്."1968 ജൂൺ 29-ന് ഇറ്റലിയിലെ ബെർഗമോയിൽ ജനിച്ച ഇലിയാനയുടെ ഹൃദയത്തിൽ നൃത്തത്തോട് അഭിനിവേശം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. യൗവനത്തിൽ എത്തിയപ്പോൾ അഞ്ച് വർഷം അവിടെയുള്ള നാടകസമിതിയിൽ അഭിനേത്രിയായിരുന്നു. നൃത്തത്തോടുള്ള താല്പര്യമാണ് സിതറസ്റ്റിയെ ഇന്ത്യയിലെത്തിച്ചത്. കലയും പഠനവും ഒരുപോലെ കൊണ്ടുപോ കാനും സിതറസ്റ്റിക്ക് കഴിഞ്ഞു. സിതറസ്റ്റി ഫിലോസഫിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. 1979 മുതൽ അവർ ഇന്ത്യയിലാണ്. ഒഡീഷയിലെ ഭൂവനേശ്വറിൽ സിതറിസ്റ്റ് ഡാൻസ് സ്‌കൂൾ എന്ന പേരിൽ ഒരു നൃത്ത കലാലയവും നടത്തുന്നു. കേരളവുമായി ഈ ഇറ്റാലിയൻ നർത്തകിക്ക് ബന്ധമുണ്ട്. കഥകളി പഠിക്കാൻ മൂന്ന് മാസം കേരളത്തിൽ താമസിച്ചിരുന്നു. 1996-ൽ ഏറ്റവും കോറിയോഗ്രാഫർക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ സിതറിസ്റ്റിയെ തേടി എത്തിയിരുന്നു. 'ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇറ്റാലിയൻ സോളിഡാരിറ്റി' എന്ന രാജ്യത്തെ പ്രമുഖകരുടെ സമിതിയിൽ അംഗമാക്കി 2008-ൽ ഈ കലാകാരിയെ ഇറ്റലി ആദരിച്ചിരുന്നു. സിതറസ്റ്റിയിലെ നർത്തകിയെ 2006-ൽ പത്മശ്രീ നൽകിയാണ് ഇന്ത്യ ആദരിച്ചത്. വിദേശത്തുനിന്ന ് എത്തിയ ഒരു ഡാൻസർക്ക് ലഭിക്കുന്ന ആദ്യ പത്മശ്രീയായിരുന്നു സിതറസ്റ്റിയുടേത്.Source: Sunday Shalom