News >> നാഗാലാൻഡിൽ കാത്തലിക് യൂണിവേഴ്‌സിറ്റി
കൊഹിമ: നാഗാലാന്റിൽ കത്തോലിക്ക സർവകലാശാല ഉടൻ പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച ബിൽ നാഗാലാന്റ് നിയമസഭ പാസാക്കി. ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്, ഡി.എം.ഐ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സെന്റ് ജോസഫ് കത്തോലിക്ക സർവകലാശാല തുടങ്ങുന്നത്.നാഗാലാന്റിൽ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സർവകലാശാല ആരംഭിക്കുന്നത്. ബിസിനസ് മാനേജ്‌മെന്റ്, അപ്ലൈഡ് സയൻസ്, എഞ്ചി നീയറിംഗ്, അഗ്രികൾച്ചർ, മെഡിക്കൽ സയൻസ്, നിയമം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകളായിരിക്കും സെന്റ് ജോസഫ് സർവകലാശാലയുടെ കീഴിൽ ആരംഭിക്കുന്നത്. കോഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ നാഗാലാന്റ് മുഖ്യമന്ത്രി ടി.ആർ. സെലാംങിന് ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു. നാഗാലാന്റിൽ കത്തോലിക്ക സഭ വിദ്യാഭ്യാസ മേഖലയിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങൾ ഡോ. തോ പ്പിൽ നിവേദനത്തിൽ എടുത്തുകാണിച്ചിരുന്നു. അതേത്തുടർന്നാണ് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. സർവകലാശാല സ്ഥാപിക്കുന്നതിനുള്ള പൂർണ ചെലവ് കത്തോലിക്കാ സഭയാണ് വഹിക്കുന്നത്.125 പ്രൈമറി സ്‌കൂളുകൾ, 57 ഹൈസ്‌കൂളുകൾ, 27 ഹയർസെക്കന്റി സ്‌കൂളുകൾ, നാല് കോളജുകൾ, രണ്ട് അധ്യാപക പരിശീലന സ്ഥാനപനങ്ങൾ, ഒരു പ്രോഫഷണൽ കോളജ് എന്നിവ കത്തോലിക്ക സഭയുടെ കീഴിൽ നാഗാലാന്റിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കൂടുൽ സ്വകാര്യ സർവകാലശാലകളെ സ്വാഗതം ചെയ്യുന്നതായി നാഗാലാന്റിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സർവകലാശാല ആരംഭിക്കുന്നതോടെ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടമായിരിക്കും സംസ്ഥാനത്ത് ഉണ്ടാകുക.1984-ൽ തമിഴ്‌നാട്ടിലെ തിരുവള്ളുവർ ജില്ലയിൽ ഫാ. ജെ.ഇ. അരുൾരാജ് സ്ഥാപിച്ചതാണ് ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹം. വിദ്യാഭ്യാസം, ആതുരസേവനം എന്നീ മേഖലകളിൽ സേവനം ചെയ്യുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ടാമത്തെ കാത്തലിക് യൂണിവേഴ്‌സിറ്റിയാണിത്. ആദ്യത്തെ യൂണിവേഴ്‌സിറ്റി, സലേഷ്യൻ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള ആസാമിലെ ഡോൺ ബോസ്‌കോ യൂണിവേഴ്‌സിറ്റിയും.നാഗാലാൻഡിലെ ഏക രൂപതയാണ് കൊഹിമ രൂപത. പ്രധാനപ്പെട്ട 16 ഗോത്രവർഗക്കാർ ഉൾപ്പെടെ അറുപതിനായിരം വിശ്വാസികളും നാനൂറോളം മിഷനറിമാരും ഈ രൂപതയിലുണ്ട്.Source: Sunday Shalom