News >> കാണ്ടമാൽ ക്രൂരതകൾ മറക്കാനാവില്ലെന്ന് ഒഡീഷ മെത്രാൻ സമിതി
ഭൂവനേശ്വർ: എട്ട് വർഷം മുമ്പ് ക്രിസ്ത്യാനികൾക്ക് എതിരെ നരനായാട്ട് നടന്ന കാണ്ടമാൽ ആ ഞെട്ടലിൽനിന്നും പുറത്തുവരുന്നതിന് മുമ്പ് തദ്ദേശവാസികളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കൊലപാത വാർത്ത . സിആർപിഎഫുകാർ നടത്തിയ വെടിവയ്പിൽ അഞ്ച് സാധാരണക്കാർ വധിക്കപ്പെടുകയും അഞ്ച് പേർക്ക് ഗുരുതമായി പരിക്കേല്ക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് വയസുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നു.സംഭവത്തിൽ പ്രതിഷേധവുമായി ഒഡീഷ കത്തോലിക്ക മെത്രാൻ സമിതി രംഗത്തുവന്നു. വെടിവയ്പ് നിർഭാഗ്യകരവും അനാവശ്യവുമായിരുന്നെന്ന് കട്ടക്-ഭൂവനേശ്വർ അതിരൂപതാധ്യക്ഷനും ഒഡീഷ കത്തോലിക്ക ബിഷപ്‌സ് കൗൺസിൽ അധ്യക്ഷനുമായ ഡോ. ജോൺ ബർവ പറഞ്ഞു. നിരപരാധികൾക്ക് നീതി നടപ്പിലാക്കണമെന്നും അദ്ദേഹം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. കട്ടക്-ഭൂവനേശ്വർ അതിരൂപതയിലാണ് കാണ്ടമാൽ. ഈ മാസം എട്ടിന് രാത്രിയിലായിരുന്നു സംസ്ഥാനത്തെ ഞടുക്കിയ കൊലപാതകങ്ങൾ അരങ്ങേറിയത്. കാണ്ടമാൽ ജില്ലയിലെ പറംപാങ് ഗ്രാമത്തിലെ 11 പേർ ബലിഗുഡയിൽ പോയി തൊഴിലുറപ്പ് പദ്ധതിയുടെ പണം വാങ്ങി തിരികെ ഓട്ടോറിക്ഷയിൽ ഗ്രാമത്തിലേക്ക് മടങ്ങുന്ന വഴിക്കാണ് ആ ദുരന്തം ഉണ്ടായത്. പൊട്ടിപ്പൊളിഞ്ഞ റോഡും കനത്ത മഴയും ഉണ്ടായപ്പോൾ വാഹനം നിന്നുപോയി.ആ സമയം പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥന്മാർ മുന്നറിയിപ്പോ പരിശോധനയോ നടത്താതെ വെടിവയ്ക്കുകയായിരുന്നു. അഞ്ച് പേർ തൽക്ഷണം മരിക്കുകയും അഞ്ച് പേർക്ക് മാരകമായി പരിക്കേല്ക്കുകയും ചെയ്തു. മാവോയിസ്റ്റുകളാണെന്ന് കരുതിയാണ് വെടിവച്ചതെന്നാണ് സിആർപിഎഫുകാരുടെ വിശദീകരണം. എന്നാൽ തൊട്ടടുത്തുനിന്നാണ് വെടിവച്ചതെന്നുള്ള തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇന്റലിജൻസിന്റെ വീഴ്ചയോ ട്രൈബൽ-ദളിത് വിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമോ ആണ് ഈ സംഭവമെന്ന് മനുഷ്യാവകാശ പ്രവർത്തകനും കാണ്ടാമാൽ കേസുകൾ പുറംലോകത്ത് എത്തിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത ഫാ. അജയ് കുമാർ സിംങ് പറഞ്ഞു. ഈ വിഭാഗങ്ങളിൽപ്പെടുന്നവരാണ് ക്രൈസ്തവർ. അവരെ കാണ്ടമാൽ ജില്ലയിൽനിന്നും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക രാഷ്ട്രീയ നേതാക്കളും കച്ചവടക്കാരും ചേർന്നാണ് മാവോയിസ്റ്റു ഭീഷണി എന്ന വാർത്ത പലപ്പോഴും സൃഷ്ടിക്കുന്നതെന്ന് ഫാ. അജയ് കുമാർ സിംങ് പറഞ്ഞു. എത്രകാലം ആദിവാസികളും ദളിതരും ഇവരുടെ പേരിൽ സഹിക്കേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.ഒരു വർഷം മുമ്പ് കാണ്ടമാലിനടുത്ത് കോട്ടോഗർഗിൽ സമാനാമായ ഒരു സംഭവം നടന്നിരുന്നു. മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് സുരക്ഷാസേന ദമ്പതികളെ അന്ന് വെടിവച്ചു കൊന്നിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സംസ്ഥാന ഗവൺമെന്റ് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അതോടൊപ്പം എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ സംസ്ഥാന ഹൂമെൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെല്ലിന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ടീമിന്റെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് ജോലിയും ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.Source: Sunday Shalom