News >> സാധുക്കൾക്കായൊരു ജീവിതം


പാലാ: കെ.സി.ബി.സി കെയർ ഹോംസിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തക അവാർഡ് കരസ്ഥമാക്കിയ 65-കാരനായ എ.ജെ. തോമസ് അമ്പഴത്തിനാൽ നിർധനരും നിരാശ്രയരുമായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന കൊഴുവനാൽ സെന്റ് മേരീസ് അഗതി മന്ദിരത്തിന്റെ അമരക്കാരനായി കഴിഞ്ഞ കാൽനൂറ്റാണ്ടായി നിശബ്ദ സേവനം ചെയ്യുന്ന തിളക്കമാർന്ന വ്യക്തിത്വത്തിനുടമയാണ്.

കൊഴുവനാൽ ഇടവകയിൽ അമ്പഴത്തിനാൽ പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ ആറുമക്കളിൽ നാലാമനായി 1950 ജൂൺ ഏഴിന് ഇടത്തരം കർഷകകുടുംബത്തിൽ തോമസ് ജനിച്ചു. വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾമൂലം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. പിന്നീട് വീട്ടുജോലികളിൽ മാതാപിതാക്കളെ സഹായിച്ചുപോന്നു.
ഈ കാലഘട്ടത്തിലാണ് ഇടവകയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സൊസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 1953 മുതൽ നടത്തുന്ന സെന്റ് മേരീസ് അഗതിമന്ദിരത്തെക്കുറിച്ചും തോമസിന് കൂടുതൽ മനസിലാക്കുവാൻ സാധിച്ചത്. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പരസ്‌നേഹ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ തോമസ്, വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങളോടൊപ്പം അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി സമാഹരിക്കുന്ന പിടിയരി പിരിവിനായി വീടുകൾതോറും കയറിയിറങ്ങാൻ മുന്നിട്ടിറങ്ങി. അത് തോമസിന്റെ കാരുണ്യപ്രവൃത്തികളുടെ തുടക്കമായിരുന്നു. ആ പിടിയരി പിരിവിന് ഇന്നും മുടക്കം വരുത്തിയിട്ടില്ല.

പതിനെട്ടാമത്തെ വയസിൽ വിൻസെന്റ് ഡി പോൾ സംഘടനയിൽ അംഗമായി ചേർന്ന തോമസ്, ഏതാനും വർഷത്തെ പ്രവർത്തനത്തിനുശേഷം സംഘടനയുടെ സെക്രട്ടറിയായി. 21 വർഷം സെക്രട്ടറിയായി സേവനം ചെയ്തു. 1990-ൽ സംഘടനയുടെ പ്രസിഡന്റായി 1992-ൽ അഗതിമന്ദിരത്തിന്റെ പ്രധാന കെട്ടിടം പൊളിച്ചു പണിതു. ഇക്കാലയളവിൽ തന്നെ മന്ദിരത്തിന്റെ പ്രസിഡന്റായും തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ആറുവർഷം സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം, 1992 മുതൽ മന്ദിരത്തിന്റെ പ്രസിഡന്റായും മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്നു. ഇക്കാലയളവിനുള്ളിൽ അഗതി മന്ദിരത്തിനുണ്ടായ പുരോഗതി അത്ഭുതാവഹമായിരുന്നു.

35-ഓളം സ്ത്രീ-പുരുഷന്മാരാണ് അപ്പോൾ അഗതിമന്ദിരത്തിൽ കഴിയുന്നത്. 75 പേർക്ക് താമസിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും മൂന്നു മണിക്കൂർ അഗതിമന്ദിരത്തിൽ അന്തേവാസികളോടൊപ്പം ചെലവഴിക്കുന്ന തോമസ് അവരെ പരിചരിക്കാനും ശുശ്രൂഷിക്കാനും സ്‌നേഹഗിരി സിസ്റ്റേഴ്‌സിനോടൊപ്പം സമയം കണ്ടെത്തുന്നു. അപ്പച്ചൻ എന്നു വിളിപ്പേരുള്ള തോമസ്‌ചേട്ടൻ അന്തേവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ്. തങ്ങളെ സ്‌നേഹിക്കുന്ന, ആശ്വാസവാക്കുകൾകൊണ്ട് സാന്ത്വനമേകുന്ന അപ്പച്ചൻചേട്ടനെ അന്തേവാസികൾ സ്വന്തം അപ്പനായും അമ്മയായും കാണുന്നു.

അഗതിമന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ചെലവുകൾക്കുമായി വ്യത്യസ്ത ധനാഗമ മാർഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇടവകയിലെ ഭവനനിർമാണ പ്രവർത്തനങ്ങൾ, നാടകട്രൂപ്പ്, ശവപ്പെട്ടി നിർമാണം, കർട്ടൻ സെറ്റ്, പന്തൽ നിർമാണം എന്നിവ ചെയ്തുകൊടുത്ത് പണം കണ്ടെത്തുന്നു. കൊഴുവനാൽ ഇടവകയിൽ പിടിയരി പിരിവ് നടത്തിയും സമീപ പ്രദേശങ്ങളിൽനിന്നും സുമനസുകളിൽനിന്നും സംഭാവനകൾ സ്വീകരിച്ചുമാണ് അഗതിമന്ദിരം മുന്നോട്ടുപോകുന്നത്. അതിന് ശക്തമായ നേതൃത്വം കൊടുക്കുന്നതും തോമസ്‌ചേട്ടനാണ്. അഗതിമന്ദിരത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാ മതവിഭാഗക്കാരും സഹകരിക്കുന്നുവെന്നുള്ളതും നന്മയുടെ വഴികളിലെ പൊൻവെളിച്ചമായി തോമസ്‌ചേട്ടൻ കാണുന്നു.

വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പരസ്‌നേഹപ്രവർത്തനങ്ങളോടൊപ്പം കൊഴുവനാലെ സാമൂഹിക പ്രവർത്തനങ്ങളിലും തോമസ്‌ചേട്ടൻ നിറസാന്നിധ്യമാണ്. ഇടവകദൈവാലയവുമായി ബന്ധപ്പെട്ട് കമ്മിറ്റി, കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഹൈസ്‌കൂൾ, രജിസ്ട്രാർ ഓഫീസ്, എ.ഇ. ഓഫീസ്, കപ്പേള, ഹയർ സെക്കന്ററി സ്‌കൂൾ തുടങ്ങിയവയുടെ നിർമാണ കമ്മിറ്റിയിലും കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല കൊഴുവനാൽ ഇടവകയിലെ മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി സഹകരിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ഭാഗമായി വനിതകൾക്കായി മദർ തെരേസ കോൺഫറൻസ് രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതും തോമസ്‌ചേട്ടനായിരുന്നു.

മണിമല കൂനംകുന്നേൽ കുടുംബാംഗമായ ത്രേസ്യാമ്മയാണ് ഭാര്യ. ഏഴുപെൺമക്കളാണ്. അഞ്ചുപേർ നഴ്‌സുമാരായി സ്വദേശത്തും വിദേശത്തുമായി കഴിയുന്നു. രണ്ടുപേർ നാട്ടിൽ താമസിക്കുന്നു.

അഗതികൾക്കായി ജീവിതം സമർപ്പിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ആദരണീയനായ അബ്രാഹം കൈപ്പൻപ്ലാക്കലച്ചന്റെ ജന്മനാടായ കൊഴുവനാലിൽ വളർന്നു വരുന്ന സെന്റ് മേരീസ് അഗതിമന്ദിരം ഇന്നൊരു സ്‌നേഹതീരം തന്നെയാണ്. സമയത്തിന്റെയും സമ്പത്തിന്റെയും ഒരോഹരി മാറ്റിവച്ച് സന്തോഷപൂർവം സേവനം അനുഷ്ഠിക്കുന്ന എ.ജെ. തോമസ് അമ്പഴത്തിനാൽ അഗതികൾക്കായി ജീവിതം സമർപ്പിച്ച നിസ്വാർത്ഥ - നിശബ്ദ സേവനത്തിന്റെ പ്രതീകമാണെന്ന് നിസംശയം പറയാം.

Source: Sunday Shalom