News >> കേള്‍ക്കുക എന്ന സൂത്രവാക്യത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍
ജൂലൈ 17-ാം തിയതി ഞായറാഴ്ച മദ്ധ്യാഹ്നം. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം ജനനിബിഡമായിരുന്നു. പാപ്പാ ഫ്രാന്‍സിസ് അപ്പോസ്തോലിക അരമനയുടെ ജാലകത്തിങ്കല്‍നിന്നുകൊണ്ടു നല്കിയ ത്രികാലപ്രാര്‍ത്ഥന സന്ദേശം.ഇന്നത്തെ വിചിന്തനം ലൂക്കായുടെ സുവിശേഷത്തില്‍നിന്നുമാണ്. ക്രിസ്തു ജരൂസലേമിലേയ്ക്ക് പോകുകയായിരുന്നു. മാര്‍ഗ്ഗമദ്ധ്യേയുള്ള ഗ്രാമത്തില്‍ മാര്‍ത്ത മേരി - സഹോദരിമാര്‍ അവിടുത്തേയ്ക്ക് ആതിഥ്യം നല്കി (ലൂക്കാ 10, 38-42). അവരുടെ രണ്ടുപേരുടെയും ശൈലികള്‍ വ്യത്യസ്തമായിരുന്നു. ഒരാള്‍ മേരി, പാദാന്തികത്തില്‍ ഇരുന്ന് അവിടുത്തെ ശ്രവിച്ചു (39). മറ്റെയാള്‍ മാര്‍ത്തയോ, അവിടുത്തെ സല്‍ക്കരിക്കാന്‍ തകൃതിയില്‍ ഒരുങ്ങുകയാണ്. ജോലികള്‍ ചെയ്യുന്നതിന്‍റെ തിരക്കിനിടയില്‍ മാര്‍ത്ത പറഞ്ഞു.
"യേശുവേ, ജോലിചെയ്യാന്‍ മേരി എന്നെ തനിച്ചു വിട്ടിരിക്കുന്നത് അങ്ങു കണ്ടില്ലേ? ദയവായി, അവളോട് വന്ന് എന്നെ സഹായിക്കാന്‍ പറയണേ!
" (40).ക്രിസ്തു മറുപടി പറഞ്ഞു
, "മാര്‍ത്താ, മാര്‍ത്താ, നീ പല കാര്യങ്ങളില്‍ വ്യാപൃതയാണ്. എന്നാല്‍ ഒന്ന് ഏറെ പ്രധാനപ്പെട്ടതാണ്. മേരി അതാണ് തിരഞ്ഞെടുത്തത്. ഇനി അവളെ അതില്‍നിന്നും പിന്‍തിരിപ്പിക്കേണ്ട
" (41-42).ബഹളത്തില്‍ പ്രധാനപ്പെട്ടകാര്യം മാര്‍ത്ത മറന്നുപോയി എന്നതാണ് പ്രശ്നം. അതായത്, ഭവനത്തിലെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തെ മാര്‍ത്ത ഏകദേശം മറന്നുപോയ പോലെയാണ് - അതിഥിയെ മറന്നുപോകുന്നു. അതിഥിക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് മാത്രമായില്ല. എല്ലാ വിധത്തിലും അദ്ദേഹം പരിചരിക്കപ്പെടണം. അതിഥിയെ നാം സര്‍വ്വോപരി കേള്‍ക്കണം. മനസ്സിരുത്തേണ്ട വാക്കാണ് - ശ്രദ്ധിക്കുക, കേള്‍ക്കുക എന്നത്. കാരണം ഒരു വ്യക്തിയെ നാം അയാളുടെ വൈകാരികവും ബൗദ്ധികവുമായ പൂര്‍ണ്ണ പശ്ചാത്തലത്തോടെ സ്വീകരിക്കുന്നത്, അയാളെ ശ്രവിക്കുമ്പോഴാണ്. അങ്ങനെയാണ് അയാള്‍ പൂര്‍ണ്ണമായും സ്വീകൃതനാകുന്നത്! അയാള്‍ക്കു ലഭിച്ച ആതിഥ്യത്തില്‍ സംതൃപ്തനാവുകയുള്ളൂ! മറിച്ച് അതിഥിയെ വീട്ടില്‍ ഇരുത്തിയിട്ട് നാം മറ്റു കാര്യങ്ങളില്‍ വ്യാപൃതരാകയാണെങ്കിലോ!? അല്ലെങ്കില്‍ അതിഥിയുടെകൂടെ ഇരുന്നിട്ട് ഒന്നും മിണ്ടുന്നില്ലെങ്കിലോ...
!? അതും ഏറെ കല്ലുപോലെ കഠിന്യമുള്ള ആതിഥ്യമായിരിക്കും. അതു ശരിയല്ല! അതിഥിയെ സ്വീകരിക്കുന്നതുപോലെ നാം അയാളെ ശ്രവിക്കണം, കേള്‍ക്കണം.മാര്‍ത്തയോട് ക്രിസ്തു പറയുന്ന മറുപടി ശ്രദ്ധേയമാണ്.
"ഒന്നു മാത്രമാണ് പ്രധാനപ്പെട്ടത്
!" എന്നു പറഞ്ഞാല്‍, ക്രിസ്തുവിനെ ശ്രവിക്കുക! എന്നാണ്. കാരണം നാം ചെയ്യുന്നതെല്ലാം നയിക്കുവാനും നിലനിര്‍ത്തുവാനും കെല്പുള്ള പ്രകാശപൂര്‍ണ്ണമായ അവിടുത്തെ തിരുമൊഴികള്‍ ശ്രവിക്കുക, എന്നാണ് അതിനര്‍ത്ഥം.ഉദാഹരണത്തിന് നാം കുരിശിന്‍റെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു. ക്രൂശിതനോട് ഇടതോരാതെ നാം സംസാരിച്ചു കൊണ്ടിരുന്നാലോ!? മറിച്ചാണു വേണ്ടത്. അവിടെയും നാം ശ്രവിക്കണം? കുരിശിലെ രോദനം കേള്‍ക്കണം. ഹൃദയത്തില്‍ അവിടുത്തെ ദിവ്യവചസ്സുകള്‍ സ്വീകരിക്കാതെ അവിടം വിട്ടുപോകരുത്.
'ശ്രവിക്കുക,
' അതൊരു സൂത്രവാക്യമാണ്! കേള്‍ക്കുകയെന്നാല്‍ ഏറെ പ്രധാനപ്പെട്ട കര്‍മ്മവുമാണ്. ഇതു മറക്കരുത്. മാര്‍ത്തയുടെയും മേരിയുടെയും ഭവനത്തില്‍ ക്രിസ്തു ഒരു തീര്‍ത്ഥാടകനോ, അതിഥിയോ എന്നതിനെക്കാള്‍ ഗുരുവും നാഥനുമാണ്.
"മാര്‍ത്താ, മാര്‍ത്താ, നീ പലകാര്യങ്ങളില്‍ വ്യാപൃതയായിരിക്കുന്നതിനാല്‍ പ്രധാനപ്പെട്ട കാര്യം മറന്നുപോയിരിക്കുന്നു.
" ക്രിസ്തു ഇങ്ങനെ പറഞ്ഞതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം, ക്രിസ്തു-സാന്നിദ്ധ്യം മറന്നുകൊണ്ടുള്ള പെരുമാറ്റമായിരുന്നു മാര്‍ത്തയുടേതെന്നാണ്. മറിച്ച്, ഒന്നു മാത്രം മതി അതിഥിക്ക് - അദ്ദേഹത്തെ ശ്രവിക്കുക! കേള്‍ക്കുക! ഇത് സാഹോദര്യത്തിന്‍റെ മനോഭാവമാണ്. അതുവഴി അതിഥി, ഒരു സത്രത്തിന്‍റെയല്ല, കുടുംബത്തിന്‍റെ ഭാഗമായി മാറുന്നു.ഇവിടെ നമുക്ക് മനസ്സിലാക്കാവുന്നൊരു കാര്യം, ആതിഥേയത്വം ഒരു കാരുണ്യപ്രവൃത്തിയാണ്. എന്നാല്‍ അത് ഇന്ന് ഏറെ അവഗണിക്കപ്പെടുന്നതും, മറന്നുകളയുന്നതുമായ മാനുഷികഗുണവും ക്രിസ്തീയ പുണ്യവുമാണ്. ജീവിതപരിസരങ്ങളില്‍ - സമൂഹത്തിലും കുടുംബത്തിലും നാം വ്യക്തികളെ സ്വീകരിക്കാതെ, അവരോട് ആതിഥ്യമര്യാദകള്‍ കാട്ടാതെ, വിശിഷ്യാ, പ്രായമായവരെ വൃദ്ധമന്ദിരങ്ങളിലേയ്ക്കും ആതുരാലയങ്ങളിലേയ്ക്കും തള്ളിവിടുകയാണ് ഇന്ന്. വ്യക്തികളോടു കാണിക്കുന്ന നിസംഗതയുടെയും തിരസ്ക്കരണത്തിന്‍റെയും മനോഭാവംമൂലം സമൂഹത്തില്‍ രോഗികള്‍ക്കും, അഗതികള്‍ക്കും പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ഏകാന്തത അനുഭവിക്കുന്നവര്‍ക്കുമുള്ള സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. മറിച്ച്, നാം മറ്റുള്ളവരെ കേള്‍ക്കാന്‍ സന്നദ്ധരാകുമ്പോള്‍ സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെയും, അനാഥത്വം അനുഭവിക്കുന്നവരുടെയും, രോഗികളായവരുടെയും എണ്ണം കുറയുകതന്നെ ചെയ്യും. അതിനാല്‍ അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പാവങ്ങളുടെയും വേദന അനുഭവിക്കുന്നവരുടെയും രോദനം നാം എപ്പോഴും കേള്‍ക്കാന്‍ സന്നദ്ധരാകേണ്ടതാണ്.കുടുംബങ്ങളില്‍ പല കാര്യങ്ങള്‍ ചെയ്യുന്നതിനിടയിലും പരസ്പരം കേള്‍ക്കുവാനും, ഒരാള്‍ മറ്റൊരാളെ ചെവിക്കൊള്ളുവാനും ശ്രദ്ധിക്കേണ്ടതാണ്. നമുക്കോരോരുത്തര്‍ക്കും ഇന്ന് സ്വന്തമായി ധാരാളം പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടെന്നത് ശരിയാണ്. അവ പലപ്പോഴും പരസ്പരം കേള്‍ക്കാനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നുമുണ്ട്. എന്നാല്‍ അവയ്ക്കിടയില്‍പ്പോലും, അങ്ങുമിങ്ങും കേള്‍ക്കുവാനും, അപരനെ ശ്രവിക്കുവാനുമുള്ള സന്മനസ്സ് ഏറെ പ്രധാനപ്പെട്ടതാണ്.ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ! (പാപ്പാ ഫ്രാന്‍സിസ് തുടര്‍ന്നു). മനസ്സില്‍ ഉത്തരംപറഞ്ഞാല്‍ മതി. ഭര്‍ത്താവിന് ഭാര്യയെ ശ്രവിക്കാന്‍ സമയമുണ്ടോ? ഭാര്യയ്ക്ക്.... ഭാര്‍ത്താവിനെ കേള്‍ക്കാനും....? കുടുംബനാഥന്മാര്‍ കുട്ടികളെ ചെവിക്കൊള്ളാറുണ്ടോ? നിങ്ങള്‍ മൂത്തവരെ - മുത്തച്ഛനെയും മുത്തച്ഛിയെയും കേള്‍ക്കാറുണ്ടോ? "മുതിര്‍ന്നവര്‍ എപ്പോഴും ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കും... ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അവര്‍ 'ബോറന്മാരാ'ണ്.. ഏറെ മടുപ്പുണ്ടാക്കുന്നവര്‍...!
So boring!" എന്നു പറയാറുണ്ട്. അതു ശരിയല്ല. നാം അവരെ ശ്രവിക്കേണ്ടതുണ്ട്. കാരണവന്മാരെ കേള്‍ക്കാന്‍ കടപ്പെട്ടവരാണ് പുതിയ തലമുറയും യുവജനങ്ങളും കുട്ടികളുമെല്ലാം. അങ്ങനെ മറ്റുള്ളവരെ ശ്രവിക്കാന്‍ നാം പ്രത്യേകമായി സമയം കണ്ടെത്തേണ്ടതാണ്. കേള്‍ക്കാനുള്ള കഴിവ് സമാധാനത്തിന് അടിസ്ഥാനമാണ്!സഹോദരങ്ങളെ ശ്രദ്ധയോടും കരുതലോടുംകൂടെ പരിചരിച്ച, ഹൃദ്യമായ ആതിഥേയത്വത്തിനു മാതൃകയാണ് പരിശുദ്ധ കന്യകാനാഥ...! അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാം...! അമ്മയോടു പ്രാര്‍ത്ഥിക്കാം! എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.Source: Vatican Radio