News >> മാർ ജെയിംസ് പഴയാറ്റിലിന്റെ ഏഴാം ചരമദിനം കത്തീഡ്രലിൽ നടന്നു
ഇരിങ്ങാലക്കുട: മാർ ജെയിംസ് പഴയാറ്റിലിന്റെ 7-ാം ചരമദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രാവിലെ 10.30ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുസ്മരണബലിയും പ്രാർത്ഥനയും നടന്നു. "വിളിച്ചവനോടുള്ള വിശ്വസ്തത, നന്മയാകാനും നന്മ പ്രവർത്തിക്കാനുള്ള മനോഭാവം, പൗരോഹിത്യത്തിന്റെ കുലീനത്വം, ദൈവജനത്തോടുള്ള പ്രതിബദ്ധത, ആത്മീയ നിഷ്ഠയോടുള്ള അതീവ താൽപര്യം. ബിഷപ് പഴയാറ്റിലിന്റെ ജീവിതത്തെ കരുത്തു പിടിപ്പിച്ച ചില സുകൃതങ്ങളാണ്." മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. "ലളിതവും ശാലീനവുമായ വ്യക്തിത്വം അധികാരത്തിന് മാറ്റു കൂട്ടും. ലഭിച്ചതെല്ലാം ദാനങ്ങളാണെന്നും ചെയ്യുന്നതെല്ലാം ഉപരിനന്മയ്ക്കാണെന്നും കരുതുന്നിടത്ത് ഈ വിനയഭാവം പ്രകടമാണ്. ആർക്കും സമീപിക്കാവുന്ന ആരിലേക്കും ഇറങ്ങി ചെല്ലുന്ന ഒരു ലാളിത്യത്തിന്റെ സുവിശേഷമായിരുന്നു ജെയിംസ് പഴയാറ്റിൽ പിതാവിന്റെ ജീവിതശൈലി." പിതാവ് കൂട്ടിച്ചേർത്തു.ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ ഞായറാഴ്ച രാത്രി 10.30ന് ആണ് അന്തരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കായിരുന്നു. മൃതദേഹസംസ്‌കാര ശുശ്രൂഷകൾ.
രൂപതാ വികാരി ജനറാളന്മാരായ മോൺ. ആന്റോ തച്ചിൽ, മോൺ. ജോബി പൊഴോലിപറമ്പിൽ, മോൺ. ലാസർ കുറ്റിക്കാടൻ ഫാ. ജോയ് പാല്യേക്കര എന്നിവർ സഹകാർമ്മികരായിരുന്നു. രൂപതയിലെ എല്ലാ ഫൊറോന വികാരിമാരും തിരഞ്ഞെടുക്കപ്പെട്ട സന്യസ്ത വൈദീകരും അൾത്താരയിൽ മുഖ്യ കാർമ്മികരോടൊപ്പം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട രൂപതയിലെ മുഴുവൻ വൈദികരും, ബ്രദേഴ്‌സും, എല്ലാ കോൺഗ്രിഗേഷനിലെയും പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സും, എല്ലാ സ്ഥാപനങ്ങളിലെയും സുപ്പീരിയേഴ്‌സും, ഇടവകയിലെ കൈക്കാരന്മാർ, ഇടവക പ്രതിനിധികൾ, ദേവാലയ ശുശ്രൂഷികൾ എന്നിവരും ഏകോപന സമിതി അംഗങ്ങളും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പ്രാർത്ഥനയിൽ പങ്കെടുത്തു. മോൺ. ജോബി പൊഴോലിപറമ്പിൽ നന്ദി പറഞ്ഞു. ദർശൻ കമ്മ്യൂണിക്കേഷൻസിന്റെ പഴയാറ്റിൽ പിതാവിനെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനമുണ്ടായിരുന്നു.Source: Sunday Shalom