News >> കമ്മ്യൂണിസ്റ്റ് ഭരണകൂടം സൃഷ്ടിച്ച ദൈവദാസൻ
ഓർത്തഡോക്‌സ് വിശ്വാസിയായിരുന്ന അമ്മ കത്തോലിക്കാസഭയിൽ ചേരുന്നതിന് വ്‌ളാഡിമീർ ഗിഗയെ അനുവദിച്ചില്ല. അമ്മയുടെ എതിർപ്പിനെ അവഗണിക്കാനാവാതെ അദ്ദേഹം ആ വിശ്വാസത്തിൽ തുടർന്നു. ഒടുവിൽ, അമ്മയുടെ കാലശേഷം കത്തോലിക്കാസഭയിൽ ചേർന്ന് അദ്ദേഹം വൈദികനായി. കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരമേറിയതോടെ ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം എൺപതിലധികം തവണ അതിക്രൂരമായ ചോദ്യം ചെയ്യലിന് വിധേയനായി...നാലുപതിറ്റാണ്ടു നീണ്ട റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണം കത്തോലിക്കസഭയ്ക്ക് സമ്മാനിച്ചത് പീഡനങ്ങൾ മാത്രമല്ല. വിശ്വാസത്തേക്കാൾ വലുതായി സ്വാതന്ത്ര്യത്തെ കാണാൻ വിസമ്മതിച്ച ഒരു കൂട്ടം രക്തസാക്ഷികളെയാണ്. അവരിൽ പ്രധാനിയായിരുന്നു മോൺ.വ്‌ളാഡിമീർ ഗിഗ.കമ്മ്യൂണിസ്റ്റ് തടവറയിൽ പീഡനമേറ്റും വിശന്നും മരിച്ചുവീണ് പുണ്യചരിതനായ വൈദികനാണിദ്ദേഹം. കമ്മ്യൂണിസ്റ്റ് ഭരണകൂടം തുടച്ചുകളഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള തെളിവുകളെപ്പോലും അവഗണിച്ചുകൊണ്ട് ദീർഘകാലത്തെ ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അടുത്തകാലത്ത് ചേർത്തു. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നടന്ന ചടങ്ങിന് വിശുദ്ധർക്കായുള്ള തിരുസംഘം തലവൻ കർദ്ദിനാൾ അമാറ്റോയാണ് നേതൃത്വം നൽകിയത്.1873 ൽ ഓർത്തഡോക്‌സ് വിശ്വാസികളായ ഇസ്താംബൂളിലെ പ്രഭുകുടുംബത്തിലാണ് ജനനം. ഓട്ടോമൻ കോർട്ടിലെ റൊമാനിയയുടെ നയതന്ത്രപ്രതിനിധിയായിരുന്നു പിതാവ്. ആ കുടുംബത്തിലെ ആറുമക്കളിലൊരാളായിരുന്നു അദ്ദേഹം. പഠനകാലത്തുതന്നെ കത്തോലിക്കാസഭയിലേക്ക് മടങ്ങുവാൻ കൊതിച്ച അദ്ദേഹത്തിന് വർഷങ്ങളോളം അതിന് കാത്തിരിക്കേണ്ടിവന്നു. കടുത്ത ഓർത്തഡോക്‌സ് വിശ്വാസിയായ അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹം കത്തോലിക്കസഭയിൽ ചേരുന്നതിന് അനുവദിക്കാതിരുന്നതാണ് കാരണം. ഒടുവിൽ, അമ്മയുടെ കാലശേഷം കത്തോലിക്കാസഭയിലേയ്ക്ക് ചേർന്ന അദ്ദേഹത്തെ പീയൂസ് പത്താമൻ മാർപാപ്പ അകത്തോലിക്കരുടെ ഇടയിൽ സുവിശേഷവത്ക്കരണത്തിന് നിയോഗിച്ചു. പൗരസ്ത്യ കത്തോലിക്കാ റീത്തിലും ലത്തീനിലും ബലിയർപ്പിക്കുന്നതിനും പാപ്പാ അനുവാദം നൽകി.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരമേറ്റതോടെ, അവർ കത്തോലിക്കസഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് വൈദികരെ തുറങ്കിലടച്ചു. അതിക്രൂരമായ ചോദ്യമുറകൾക്ക് വിധേയരാക്കി. ജയിലിൽ അദ്ദേഹം ഒരു വർഷത്തോളം വെറും അടിവസ്ത്രം മാത്രം ധരിച്ച് താമസിച്ചു. ജയിൽമുറികളിൽ സഹനത്തിന്റെ കയ്പുനീർ കുടിച്ചുകൊണ്ടിരുന്ന സഹതടവുകാരെ അദ്ദേഹം ആശ്വസിപ്പിച്ചു.80-ൽ അധികം പ്രാവശ്യം അദ്ദേഹം അതിക്രൂരമായ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്. അതിനുശേഷം മൂന്ന് വർഷത്തെ കഠിനമായ തടവിന് റൊമാനിയയിലെ കുപ്രസിദ്ധമായ ജിലാവ ജയിലിലും അടയ്ക്കപ്പെട്ടു. 1954 ൽ അവിടെ വെച്ച്, അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണം വരെ, പ്രാർത്ഥനയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സാമീപ്യം അനേകം തടവുകാർക്ക് പ്രത്യാശ പകർന്നു നൽകി.Source: Sunday Shalom