News >> അർജന്റീനയുടെ വിശുദ്ധനായ വൈദികൻ ഫാ. ജോസ് ബ്രോഹേറൊ
അർജന്റീന: ആടുകളെ തേടി കഴുതപ്പുറത്ത് കാടും മലയും കയറിയിറങ്ങിയ കൗബോയ് വൈദികന് ഇനി വിശുദ്ധിയുടെ കിരീടം. അർജന്റീനയിൽ നിന്നുള്ള കൗബോയ് പ്രീസ്റ്റ് എന്നറിയപ്പെട്ട ഫാ. ജോസ് ബ്രോഹേറൊയാണ് വിശുദ്ധപദവിയിലേക്കുയർത്തപ്പെടുന്നത്. ഒക്‌ടോബർ 16 നാണ് നാമകരണം.1840 ൽ അർജന്റീനയിലായിരുന്നു ജനനം. ഇഗ്നേഷ്യോ ബ്രോഹേറൊയുടെയും പെട്രോണ ഡാവിലയുടെയും പത്തുമക്കളിൽ നാലാമാനായിരുന്നു അദ്ദേഹം. 16-മത്തെ വയസിൽ സെമിനാരിയിൽ പ്രവേശിച്ചു. 26-ാം വയസിൽ കൊർഡോബ അതിരൂപതയിലെ വൈദികനായി. വൈദികനായ ശേഷം കുറെക്കാലം സെമിനാരിയിൽ ഫിലോസഫി അദ്ധ്യാപകനായും സേവനം ചെയ്തു. പിന്നീട് സെന്റ് ആൽബെർട്ട് രൂപതയിലെ വികാരിയായി നിയമിതനായി. 1675 സ്‌ക്വയർ മൈൽസ് വിസ്തീർണവും വിദൂര ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന 10,000 ഇടവകക്കാരുമായിരുന്നു അദ്ദേഹത്തിന് ഏല്പിക്കപ്പെട്ടത്. അർജന്റീനയിലെ വിദൂരഗ്രാമങ്ങൾ ഉൾപ്പെട്ട മലമ്പ്രദേശങ്ങളായിരുന്നു ഈ പ്രവർത്തനഭൂമി.മലമ്പ്രദേശങ്ങളോ ദൂരമോ, മോശമായ കാലാവസ്ഥയോ വകവെക്കാതെ കൗബോയിയെപ്പോലെ മലമ്പ്രദേശങ്ങളിലൂടെ കോവർ കഴുതപ്പുറത്ത് അദേഹം സഞ്ചരിച്ചു. വിശ്വാസികൾക്ക് കൂദാശ നൽകുവാനും അവരെ വിശ്വാസത്തിൽ സംരക്ഷിക്കുവാനും ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അദേഹം പൊയ്‌ക്കൊണ്ടിരുന്നു. ഒരു യഥാർത്ഥ അർജന്റീനിയൻ കൗബോയിയെപ്പോലെ പ്രത്യേക വസ്ത്രങ്ങളും തൊപ്പിയും ധരിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം കൗ ബോയ് വൈദികൻ എന്ന് അറിയപ്പെട്ടത്.കഴുതപ്പുറത്ത് സഞ്ചരിക്കുമ്പോഴും അദ്ദേഹം എപ്പോഴും മാതാവിന്റെ രൂപവും കുർബാനയ്ക്കുവേണ്ടിയുള്ള കിറ്റും കരുതി. ഏതുനേരവും ബലിയർപ്പിക്കുവാൻ സന്നദ്ധനായിട്ടാണ് ഗ്രാമങ്ങൾ തോറും കറങ്ങിയത്.
വിദൂരമായ ഗ്രാമങ്ങളിൽ അദ്ദേഹം ജനങ്ങൾക്ക് ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുവാനുള്ള സ്ഥലവും പെൺകുട്ടികൾക്കായി ഒരു സ്‌കൂളും സ്ഥാപിച്ചു. കൂടാതെ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ് സ്റ്റേഷനുകളും റോഡുകളും നിർമ്മിച്ചു. പിശാച് എന്റെ പക്കൽ നിന്നും ഒരാത്മാവിനെയെങ്കിലും പറിച്ചെടുത്താൽ എനിക്കുനാശം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ഒരാടിനെപ്പോലും നഷ്ടപ്പെടാൻ അനുവദിക്കാതെ ദുർഘടമായ പാതകളും അതിക്രൂരമായ കാലാവസ്ഥയും വകവെക്കാതെ മലകൾ കയറിയിറങ്ങിയത്.പാവപ്പെട്ടവരോടും രോഗികളോടും അദ്ദേഹം കൂടുതൽ സാമിപ്യം കാണിച്ചു. 1867 ൽ കോളറ പടർന്നപ്പോൾ അദ്ദേഹം രോഗികളെ സഹായിച്ചു. പിന്നീട് ഇടവകയിലെ കുഷ്ഠരോഗിയെ പരിചരിച്ചിരുന്നതിനാൽ അദ്ദേഹത്തിന് കുഷ്ഠരോഗവും പിടിപെട്ടു. സാവധാനം അത് അദ്ദേഹത്തിന്റെ കാഴചയും കേൾവിയും കവർന്നു.തീക്ഷ്ണമതിയായ അദ്ദേഹത്തിന് ഒടുവിൽ ഇടവക ജോലികൾ നിർവഹിക്കുവാൻ പോലും കഴിയാതെയായി. അദേഹം തന്റെ സഹോദരിയുടെ വീട്ടിലാണ് ശിഷ്ടകാലം കഴിച്ചുകൂട്ടിയത്.1814 ജനുവരി 26 ന് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. "ഇപ്പോൾ എനിക്ക് അവസാനത്തെ യാത്രയ്ക്കുള്ള എല്ലാം റെഡിയായിരിക്കുന്നു" എന്നതായിരുന്നു അദ്ദേഹത്തിന്റ അവസാനത്തെ വാക്കുകൾ.
അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവിടുത്തെ കത്തോലിക്കപത്രം ഇങ്ങനെ എഴുതി. "ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിഞ്ഞുനടന്ന കുഷ്ഠരോഗിയെ ആലിംഗനം ചെയ്തതിലൂടെ അദ്ദേഹം രോഗിയായി. ആ രോഗം അദ്ദേഹത്തെ മൃതകുടീരത്തിലെത്തിച്ചു."2012 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതം അംഗീകരിച്ചു. അതിൽ 13 വയസായ നിക്കോളസ് ഫ്‌ളോറസ് എന്ന കുട്ടി സൗഖ്യം പ്രാപിച്ചതാണ് സഭ അത്ഭുതമായി കണ്ടത്. ഒരു ആക്‌സിഡന്റിൽ പെട്ട് നിർജീവാവസ്ഥയിൽ കഴിയുകയായിരുന്ന നിക്കോളാസ് അദ്ദേഹത്തിന്റെ മാധ്യസ്ഥതയിലൂടെ സൗഖ്യം പ്രാപിക്കുകയായിരുന്നു.Source: Sunday Shalom ( Edited)