News >> ഈശോസഭയുടെ ജനറല്‍ ആഡോഫോ നിക്കോളസ് വിരമിക്കും


2016 ഒക്ടോബര്‍ 2-ന് റോമിലെ ജനറലേറ്റില്‍ ആരംഭിക്കുന്നതും, താന്‍ വിളിച്ചു കൂട്ടിയിരിക്കുന്നതുമായ ഈശോസഭയുടെ 36-ാമത് ആഗോള സമ്മേളനത്തില്‍വച്ച് സ്ഥാനത്യാഗം ചെയ്യുമെന്ന് ജൂലൈ 20-ാം തിയതി, ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഫാദര്‍ നിക്കോളസ് പ്രസ്താവിച്ചു.

അംഗസംഖ്യകൊണ്ട് ലോകത്തെ ഏറ്റവും വലുപ്പമുള്ള ഈശോസഭയുടെ ചുക്കാന്‍ 2008-മുതല്‍ പിടിക്കുകയാണ് 80-വയസ്സെത്തിയ ഫാദര്‍ നിക്കോളെ. പ്രായാധിക്യവും മങ്ങുന്ന ഭരണശേഷിയുമാണ് വിരമിക്കുന്നതിനുള്ള കാരണമായി അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചത്. സ്പെയിന്‍കാരനാണ് 8 വര്‍ഷക്കാലം ഈശോസഭയെ കാര്യക്ഷമമായി നയിച്ച ഫാദര്‍ നിക്കോളസ്.

200-ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈശോസഭയുടെ രാജ്യാന്തര പ്രതിനിധികളുടെ സമ്മേളനം സ്ഥാനത്യാഗം ​അംഗീകരിച്ചില്ലെങ്കില്‍, ഒരു ഉപാദ്ധ്യക്ഷനെ (Vice General) തിരഞ്ഞെടുത്ത് ഭരണകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടി വരുമെന്നും ഫാദര്‍ നിക്കോളസ് അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഈശോസഭയുടെ 'ജനറല്‍' സ്ഥാനം വഹിക്കുന്നവര്‍ മരണംവരെ അധികാരത്തില്‍ തുടരുന്ന പാരമ്പര്യം തെറ്റിച്ചാണ് വിശുദ്ധ ഇഗ്നേഷ്യസിന്‍റെ 30-ാമത്തെ പിന്‍ഗാമി, ഫാദര്‍ നിക്കോളസ് സ്ഥാനത്യാഗം ചെയ്യുമെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍ജനറള്‍, ഫാദര്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ബാഹും 80-ാം വയസ്സില്‍, 2008-ല്‍ സ്ഥാനത്യാഗം ചെയ്ത പാരമ്പര്യമുണ്ട്. വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയാണ് ഈശോ സഭയുടെ സ്ഥാപകന്‍.

ഈശോസഭാംഗമായ പാപ്പാ ഫ്രാന്‍സിസ് സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, അതിനുള്ള സ്വാതന്ത്ര്യം പാപ്പായ്ക്കുണ്ടെന്നു മാത്രം പ്രതികരിച്ചു. ഫാദര്‍ നിക്കോളസിന്‍റെ ക്ഷണം സ്വീകരിച്ച് വിശുദ്ധ ഇഗ്നേഷ്യസിന്‍റെ തിരുനാളില്‍ (31 ജൂലൈ 2014) വത്തിക്കാനില്‍നിന്നും ഒരു കല്ലേറു മാത്രം അകലെയുള്ള ഈശോസഭയുടെ ജനറലേറ്റു പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചിട്ടുണ്ട്.

Source: Vatican Radio