News >> സീറോ മലബാർ സഭ ദൈവശാസ്ത്ര പണ്ഡിതരെ ഒരുമിച്ചുകൂട്ടുന്നു
പ്രഥമ സമ്പൂർണ ദൈവശാസ്ത്ര സമ്മേളനം (ജൂലൈ 21)കൊച്ചി: സീറോ മലബാർ സഭയുടെ പ്രഥമ സമ്പൂർണ ദൈവശാസ്ത്രസമ്മേളനം
ജൂലൈ 21 കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഫ്രാൻസിസ് മാർപാപ്പാ വിഭാവനം ചെയ്യുന്ന നവീനസഭാദർശനത്തിന്റെ വെളിച്ചത്തിൽ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു സംവദിക്കാൻ സഭയെ പ്രാപ്തമാക്കുന്നതിനു ലക്ഷ്യമിട്ടാണു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
ജൂലൈ 21 രാവിലെ 9.30ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാനും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിക്കും. കമ്മീഷൻ അംഗങ്ങളായ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ഭദ്രാവതി രൂപത മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ വിവിധ സെഷനുകൾക്കു നേതൃത്വം നൽകും.സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തിൽ സഭയിലെ മെത്രാന്മാരും വിവിധ ദൈവശാസ്ത്ര ദാർശനിക മേഖലകളിൽ ഡോക്ടറേറ്റോ ലൈസൻഷിയേറ്റോ നേടിയിട്ടുള്ള വൈദികരും സന്യസ്തരും അല്മായരും പങ്കെടുക്കും. നാനൂറോളം ദൈവശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സമ്മേളനം സഭയുടെ ദൈവശാസ്ത്ര ചുവടുകൾക്കു പുതിയ കരുത്തും ഉൾക്കാഴ്ചയും പകരുമെന്നാണു പ്രതീക്ഷയെന്നു മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവശാസ്ത്രത്തിലെ നവീനസരണികൾക്കു സഭാത്മകമായ ദിശാബോധം നൽകുന്നതോടൊപ്പം സഭാസിനഡിലെ ചർച്ചകൾക്കു പിൻബലമേകാനുതകുന്ന ചിന്താസരണികൾ രൂപപ്പെടുത്തുക എന്നതും ദൈവശാസ്ത്രസമ്മേളനത്തിന്റെ ലക്ഷ്യമാണെന്നു ദൈവശാസ്ത്ര കമ്മീഷൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ അറിയിച്ചു.കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ. ജോയ് അയിനിയാടൻ, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, മോൺ.ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ.ഡോ. തോമസ് ഐക്കര, റവ.ഡോ. സിസ്റ്റർ പ്രസന്ന എന്നിവർ വിവിധ വിഷയങ്ങളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ സീറോ മലബാർ രൂപതകൾക്കു പുറമേ, ബൽത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂർ, സാഗർ, ഉജ്ജയിൻ, സത്‌ന, ജഗദൽപൂർ, കല്യാൺ, ഫരീദാബാദ്, മെൽബൺ, ചിക്കാഗോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ദൈവശാസ്ത്രസമ്മേളനത്തിനെത്തുന്നുണ്ട്.Source: Sunday Shalom