News >> റബർ സമരം പ്രക്ഷുബ്ധമാകുമെന്ന് മാർ മാത്യു അറയ്ക്കൽ


റബർ കർഷകരോടുള്ള അവഗണന തുടർന്നാൽ കത്തോലിക്ക കോൺഗ്രസ് റബർ സമരം പ്രക്ഷുബ്ധമാകുമെന്ന് അല്മായ കമ്മീഷൻ ചെയർമാനും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാർ മാത്യു അറയ്ക്കൽ. റബർ ഉല്പന്നങ്ങളുടെ ഇറക്കുമതി നയത്തിനും റബർ വിലയിടിവിനുമെതിരെ കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമിതി കോട്ടയം റബർ ബോർഡ് കേന്ദ്രകാര്യാലയത്തിന് മുമ്പിൽ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

നികുതി രഹിത റബർ ഉല്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുക, ഉല്പാദന ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിച്ച് റബർ സംഭരിക്കുക, റബർ സബ്‌സിഡി വിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കുക, റബർ തടിയും റബറും അന്യസംസ്ഥാനങ്ങളിൽ കൊണ്ടുപോയി കർഷകർക്ക് വില്പന നടത്തുവാനുള്ള തടസങ്ങൾ നീക്കുക, റീജണൽ സംയോജിത സാമ്പത്തിക കരാറിൽനിന്ന് ഇന്ത്യ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാർ അടിയന്തിര പ്രാധാന്യം നൽകണമെന്നും സർക്കാർ ബഡ്ജറ്റുകളിൽ റബർ കർഷകർക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകാത്തപക്ഷം കത്തോലിക്ക കോൺഗ്രസ് സമരം കേരള വ്യാപകമാക്കുമെന്നു അതിനാൽ സത്വര നടപടി സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് റബർ കർഷക സമരത്തിന് സീറോ മലബാർ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ പിൻതുണയും അഭിവാദ്യവും അറിയിച്ചുകൊണ്ടുള്ള സന്ദേശം കേന്ദ്ര ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം സമരവേദിയിൽ വായിച്ചു. കേന്ദ്ര റബർ നയം ഉടൻ പ്രഖ്യാപിക്കണമെന്നും റബർ കർഷകർക്ക് വിള ഇൻഷൂറൻസിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും കർഷകർ റബർ കൃഷിയിൽനിന്ന് പിൻമാറുന്ന സാഹചര്യത്തിൽ ആവർത്ത കൃഷിക്ക് ഹെക്റ്റിന് രണ്ടുലക്ഷം രൂപ നൽകുവാൻ നടപടി സ്വീകരിക്കണമെന്നും മേജർ ആർച്ച് ബിഷപ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

ജൂൺ 21-ന് സെൻട്രൽ എക്‌സൈസ് വിജ്ഞാപനം റദ്ദ് ചെയ്തില്ലായെങ്കിൽ ഇന്ത്യ റബർ മാലിന്യത്തിന്റെ കൂമ്പാരമാകുമെന്ന് സമരത്തെ അതിസംബോധന ചെയ്ത പ്രസിഡന്റ് വി.വി. അഗസ്റ്റ്യൻ മുന്നറിയിപ്പ് നൽകി. രാവിലെ 8.45-ന് ആരംഭിച്ച ഉപരോധ സമരത്തിൽ കേരളത്തിന്റെ വിവിധ രൂപതകളിൽനിന്ന് 600 പ്രവർത്തകർ പങ്കെടുത്തു.

പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ട്രഷറർ ജോസ്‌കുട്ടി മാടപ്പള്ളി, വൈസ് പ്രസിഡന്റ് സാജു അലക്‌സ്, സ്റ്റീഫൻ ജോർജ്, ജേക്കബ് മുണ്ടയ്ക്കൻ, സെബാസ്റ്റ്യൻ വടശേരി, ജോമി കൊച്ചുപറമ്പിൽ, ജോർജ് കോയിക്കൽ, ഐപ്പച്ചൻ തടിക്കാട്, ജോസ് മുങ്കം, റെജി കൊച്ചുകരിപ്പാപറമ്പിൽ, അഡ്വ. ജോസ് ഇലഞ്ഞിക്കൽ, ജോസ് തോമസ് ഒഴുകയിൽ, സെലിൻ സിജോ, ബെന്നി പാലക്കാത്തടം, മനോജ് കല്ലുകളം, തോമസ് പീടികയിൽ, ജോൺ മുണ്ടൻകാവിൽ, ടോമി ഇളംതോട്ടം, ജയിംസ് പെരുമ്മാംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Source: Sunday Shalom