News >> സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നവർ ആയുധക്കച്ചവടം നടത്തുന്നത് വൈരുദ്ധ്യം


ന്യൂയോർക്ക്: ആരുടെ ഭാഗത്ത് നിന്നുണ്ടായാലും സിവിലിയൻ ജനതയുടെ യുക്തിരഹിതമായ കുരുതി അപലപനീയമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ തുറന്ന ചർച്ചയിൽ ആർച്ച് ബിഷപ് ബർണാഡിറ്റ ഓസ വ്യക്തമാക്കി. പാലസ്തീൻ പ്രശ്‌നവും സിറിയൻ സംഘർഷവുമുൾപ്പെടെയുള്ള മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾ ചർച്ചയിൽ വിഷയമായി.

നിർദോഷികളായ സിവിലിയൻ ജനതയെ കൊല്ലുകയും സ്ഥാപനങ്ങളും മറ്റ് സംവിധാനങ്ങളും നശിപ്പിക്കുകയും ചെയ്യുന്നവർക്ക് ആയുധങ്ങളും സമ്പത്തും നൽകുന്നവരുടെ നടപടിയെ ഫ്രാൻസിസ് മാർപാപ്പ അപലപിക്കുന്നതായി ആർച്ച് ബിഷപ് ഓസ വ്യക്തമാക്കി. ഒരേ സമയം സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും അതേസമയം തന്നെ കൊലയാളികൾക്ക് ആയുധമെത്തിച്ചുകൊടുക്കുകയും ചെയ്യുന്നത് കാപട്യമാണ്. വലത് കൈകൊണ്ട് നിങ്ങളെ തലോടുകയും ഇടത് കൈകൊണ്ട് നിങ്ങളെ അടിക്കുകയും ചെയ്യുന്ന ഒരാളെ എങ്ങനെ വിശ്വസിക്കുമെന്നാണ് മാർപാപ്പ ചോദിക്കുന്നത്.

ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾ അവയുടെ വിതരണം നിയന്ത്രിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. പ്രത്യേകിച്ച് അടുത്ത കാലത്തായി നടന്ന കൂട്ടക്കുരുതികളുടെയും ഹീനമായ മനുഷ്യാവകാശലംഘനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള നിയമവിരുദ്ധമായ ആയുധവിതരണം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു; ആർച്ച് ബിഷപ് ഓസ വിശദീകരിച്ചു.

ഔദ്യോഗിക ചർച്ചകൾകൊണ്ട് മാത്രം മധ്യപൂർവദേശത്ത് സമാധാനം സ്ഥാപിക്കാനാവില്ലെന്നും പരസ്പരസംവാദത്തിലൂടെയും പരസ്പരം അംഗീകരിക്കുന്നതിലൂടെയും മതമസമൂഹങ്ങൾ നടത്തുന്ന 'രണ്ടാം തല നയ്രന്തജ്ഞതയിലൂടെ' എല്ലാ പൗരൻമാർക്കും സമാധാനസ്ഥാപനത്തിൽ ക്രിയാത്മക പങ്ക് വഹിക്കാനാവുമെന്നും ആർച്ച് ബിഷപ് പങ്കുവച്ചു. മതങ്ങൾളും വ്യക്തികളും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിലുള്ള അവരുടെ പങ്ക് വെളിപ്പെടുത്തേണ്ട സമയമാണിത്.

സംസ്‌കാരങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കാവുന്ന പരസ്പര വിദ്വേഷത്തിന് അവർ അറുതി വരുത്തണം. അക്രമത്തെയും ഭീകരതയെയും ന്യായീകരിക്കുവാനായി എത്രമാത്രം മതങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടോ മതങ്ങളുടെ ദുരുപയോഗം തടയുന്നതിനായി മതനേതാക്കൾ കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നാണ് എന്റെ സംഘത്തിന്റെ വിശ്വാസം. യഥാർത്ഥ മതപഠനത്തിലൂടെ തെറ്റായ മതതീക്ഷണതയെ ചെറുക്കണം. അപ്പോൾ മതങ്ങളുടെ അനൗദ്യോഗിക നയതന്ത്രജ്ഞത രാഷ്ട്രങ്ങൾ തമ്മിലുള്ള ഔദ്യോഗിക നയതന്ത്രജ്ഞതയെ ഫലദായകമായ വിധത്തിൽ പൂരീകരിക്കും; ആർച്ച് ബിഷപ് ഓസ വ്യക്തമാക്കി.

Source: Sunday Shalom