News >> ദൈവശാസ്ത്രകാഴ്ചപ്പാടുകളിൽ സഭയുടെ തനതായ സംഭാവനകൾ പ്രതിഫലിക്കണം: കർദിനാൾ മാർ ആലഞ്ചേരി


സീറോ മലബാർ സഭയിലെ നാനൂറു ദൈവശാസ്ത്രജ്ഞർ ഒരുമിച്ചുകൂടി

കൊച്ചി: സഭയിലെ ദൈവശാസ്ത്രകാഴ്ചപ്പാടുകൾ രൂപീകരിക്കുമ്പോൾ സീറോ മലബാർ സഭയുടെ തനിമ പ്രതിഫലിപ്പിക്കാൻ ദൈവശാസ്ത്രപണ്ഡിതർക്കു സാധിക്കണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാർ സഭയുടെ പ്രഥമ സമ്പൂർണ ദൈവശാസ്ത്രസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തിസഭയുടെ ദൈവശാസ്ത്ര, സഭാത്മക അടിത്തറയെ ആധാരമാക്കി തനതായ സംഭാവനകൾ നൽകാൻ സീറോ മലബാർ സഭയ്ക്കും സഭയിലെ ദൈവശാസ്ത്രജ്ഞർക്കും കഴിയും. അതുവഴി സീറോ മലബാർ ദൈവശാസ്ത്രജ്ഞന്മാർ സാർവത്രീകസഭയുടെ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കും.

സഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിൽ വ്യക്തതയാർന്ന ദൈവശാസ്ത്ര വീക്ഷണം ഉണ്ടാകണം. വ്യക്തിസഭ എന്ന നിലയിൽ സീറോ മലബാർ സഭയുടെ ശുശ്രൂഷകൾ ദൈവവചനത്തിലും ആരാധനാക്രമത്തിലും സഭാ കൂട്ടായ്മയിലും പ്രാർഥനയിലും രൂപീകരിക്കപ്പെടണം. പ്രാർഥനാനുഭവത്തിലുറച്ച സഭയുടെ ജീവിതശൈലിയും വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ കൗദാശികജീവിതവും തിരുനാൾ ആഘോഷങ്ങൾ, നോമ്പാചരണം തുടങ്ങിയവയും നമ്മുടെ അടിസ്ഥാന പാരമ്പര്യങ്ങളാണ്. ഇവയെല്ലാം നിലനിർത്തിക്കൊണ്ടുള്ള ആഴമായ ദൈവശാസ്ത്ര വീക്ഷണമാണു സീറോ മലബാർ സഭ ആഗോളസഭയ്ക്കായി നൽകേണ്ടത്.

ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ അധ്യക്ഷത വഹിച്ചു. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാനും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

മോൺ.ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ. ഡോ. ജോയ് അയിനിയാടൻ, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, റവ.ഡോ. സിസ്റ്റർ പ്രസന്ന, റവ.ഡോ. തോമസ് ഐക്കര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയും ഉണ്ടായിരുന്നു. കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനി, എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.

സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം സഭയുടെ ദൈവശാസ്ത്ര കമ്മീഷനാണ് സംഘടിപ്പിച്ചത്. കേരളത്തിലെ സീറോ മലബാർ രൂപതകൾക്കു പുറമേ, ബൽത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂർ, സാഗർ, ഉജ്ജയിൻ, സത്‌ന, ജഗദൽപൂർ, കല്യാൺ, ഫരീദാബാദ്, മെൽബൺ, ചിക്കാഗോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള നാനൂറു ദൈവശാസ്ത്ര പണ്ഡിതർ സമ്മേളനത്തിനത്തിൽ പങ്കെടുത്തു.

Source: Sunday Shalom