News >> തിരുവചനം പകർത്തിയെഴുത്ത്; ഒന്നാം സമ്മാനാർഹയായ സിസ്റ്റർ ഗ്ലാഡിസ് എസ്.വി.എം. വിശുദ്ധനാട് സന്ദർശിച്ചു
തൃശൂർ: ഫിയാത്ത്മിഷൻ സംഘടിപ്പിച്ച സ്‌ക്രിപ്ചുറ 2014 പുതിയനിയമം പകർത്തിയെഴുത്ത് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സി.ഗ്ലാഡിസ് വിശുദ്ധ നാട് സന്ദർശനം നടത്തി. വൈദിക സന്യാസഅത്മായ പ്രാതിനിധ്യമുള്ള യാത്രാസംഘത്തോടൊപ്പം 2016 മെയ് 20 മുതൽ 29 വരെയായിരുന്നു സിസ്റ്റർ വിശുദ്ധനാട് സന്ദർശിച്ചത്.തന്റെ ആത്മീയവളർച്ചയിൽ ദൈവാനുഭവത്തിന്റെ പുണ്യനിമിഷങ്ങൾ നൽകിയതായിരുന്നു പുതിയനിയമം പകർത്തിയെഴുത്ത് എന്നും, ഈശോ കൈയൊപ്പിട്ട അതുല്യവും അമൂല്യവുമായ സമ്മാനമായിരുന്നു ഈ വിശുദ്ധനാട് സന്ദർശനവേളയെന്നും സിസ്റ്റർ അനുസ്മരിച്ചു. അനേകരെ ആഴമേറിയ ദൈവാനുഭവത്തിലേക്ക് നയിക്കുവാൻ ഫിയാത്ത് മിഷൻ ഒരുക്കുന്ന പുതിയനിയമം പകർത്തിയെഴുത്തിന് അഭിനന്ദനങ്ങളും നന്ദിയും നേരുന്നതായി സിസ്റ്റർ ഗ്ലാഡിസ് അറിയിച്ചു.കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന പുതിയനിയമം പകർത്തിയെഴുത്ത് മത്സരത്തിൽ 2013-ൽ ഇരുന്നൂറ്റമ്പതോളവും പിന്നീടുള്ള വർഷങ്ങളിൽ 1500, 2500 എന്നിങ്ങനെയും ബൈബിളുകൾ വിവിധഭാഷകളിൽ എഴുതി സമർപ്പിക്കപ്പെട്ടു. സ്‌ക്രിപ്ചുറ-2015 മത്സരത്തിന്റെ സ്‌നേഹസംഗമവും സമ്മാനദാനവും തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിഭാഗങ്ങളിലായി സംഘടിപ്പിച്ചുവരുന്നു. തമിഴ് വിഭാഗത്തിന്റെ സമ്മാനദാനം കോയമ്പത്തൂരിൽ വെച്ച് നടത്തപ്പെട്ടു. മലയാളം വിഭാഗത്തിന്റെ സംഗമവും സമ്മാനദാനവും ജൂലൈ 31 -ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിന്റെ സമ്മാനദാനം ആഗസ്റ്റ് 21 ന് ഡിവൈനിൽ വെച്ച് നടത്തപ്പെടും. 2016-ലെ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഫിയാത്ത് മിഷനുമായി ബന്ധപ്പെടാവുന്നതാണ്.Source: Sunday Shalom