News >> ഇനി മനസാക്ഷിയനുസരിച്ച് പ്രവർത്തിക്കാം


യു.എസ് കോൺഗ്രസ് 'കോൺഷ്യൻസ് പ്രൊട്ടക്ഷൻ ആക്ട്' പാസാക്കി

വാഷിംഗ്ടൺ ഡി. സി: ഗർഭഛിദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷനലുകൾക്ക് നിയമപരിരക്ഷ നൽകുന്ന 'കോൺഷ്യൻസ് പ്രൊട്ടക്ഷൻ ആക്ട്' പാസാക്കിയ യു. എസ് കോൺഗ്രസിനെ കർദിനാൾ തിമോത്തി ഡോളനും ആർച്ച് ബിഷപ് വില്യം ലോറിയും അഭിനന്ദിച്ചു. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നതവർക്കുപോലും അതിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കാത്തവരുടെ മനസാക്ഷിയെ മാനിക്കാനാവുമെന്ന് സംയുക്തപ്രസ്തവാനയിൽ ഇരുവരും ചൂണ്ടിക്കാട്ടി. കർദിനാൾ തിമോത്തി ഡോളൻ പ്രോ-ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള യു. എസ് ബിഷപ്‌സ് കമ്മിറ്റിയുടെയും ആർച്ച് ബിഷപ് വില്യം ഇ ലോറി മതസ്വാതന്ത്ര്യത്തിനായുള്ള അഡ്‌ഹോക്ക് കമ്മിറ്റിയുടെയും തലവനാണ്. 182-നെതിരെ 245 വോട്ടുകൾക്കാണ് ആക്ട് പാസായത്.

സമീപകാലത്ത് നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ ഗർഭഛിദ്രം നടത്താൻ വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ നിർബന്ധിക്കുന്ന നടപടി ഗവൺമെന്റ് ഭാഗത്ത് നിന്നുണ്ടായതിനെ തുടർന്ന് സഭാ നേതാക്കൾ വൈദ്യശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഈ നിയമം പാസാക്കുന്നതിനായി രംഗത്ത് വന്നിരുന്നു.

ജോലിസ്ഥാപനങ്ങൾ നൽകുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസുകളിലും ഗർഭഛിദ്രവും കൂടെ ഉൾപ്പെടുത്തണമെന്ന നിയമം കാലിഫോർണിയയിൽ 2014ൽ പ്രാബല്യത്തിൽ വന്നിരുന്നു. മതവിശ്വാസികളായ തൊഴിലുടമകൾ പ്രതിഷേധിച്ചിരുന്നെങ്കിലും നിയമത്തിൽ ഭേദഗതി ഒന്നുമുണ്ടായില്ല.

സമാനമായ ഉത്തരവിലൂടെ മതവിശ്വാസികൾ നടത്തുന്ന തൊഴിൽസ്ഥാപനങ്ങൾ നൽകുന്ന ഇൻഷുറൻസിൽ ഗർഭഛിദ്രവും ഉൾപ്പെടുത്തുവാൻ ന്യൂയോർക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവ്വീസും തീരുമാനിച്ചിരുന്നു. മാതൃപരിപാലന നൽകുന്ന സ്‌കേഗിറ്റ് കൗണ്ടിയിലെ എല്ലാ പൊതു ആശുപത്രികളും ഗർഭഛിദ്രങ്ങൾ കൂടി നടത്തണമെന്ന ഉത്തരവാണ് മൂന്നാമത്തെ സംഭവം. വൈദ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരെ ജീവന്റെ നശീകരണത്തിന് നിർബന്ധിതമായി ഉപയോഗിക്കുന്ന പ്രവണതയ്ക്ക് ഫെഡറൽ നിയമത്തിലൂടെ അടിയന്തിരമായി പരിഹാരം കാണണമെന്ന് കർദിനാൾ ഡോളനും ആർച്ച് ബിഷപ് ലോറിയും അഭ്യർത്ഥിച്ചിരുന്നു.

Source: Sunday Shalom