News >> ക്രൈസ്തവ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ പതറാത്ത നായിക കാര്‍മെന്‍ കാലംചെയ്തു
സുവിശേഷമൂല്യങ്ങള്‍ മൗലികമായി ജീവിച്ചുകാണിച്ച കാര്‍മന്‍റെ ജീവിതം മാതൃകയാക്കാവുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസ്.
- പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു:
ക്രൈസ്തവ ജീവിത നവോത്ഥാന പ്രസ്ഥാനം Neocatechumenate Movement-ന്‍റെ പ്രയോക്താവ്, കാര്‍മന്‍ എര്‍ണാണ്ടസിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു. ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്താല്‍ പ്രചോദിതമായിരുന്ന കര്‍മന്‍ എര്‍ണാണ്ടസിന്‍റെ ദൈര്‍ഘ്യമാര്‍ന്ന ജീവിതം ശ്രേഷ്ഠമായിരുന്നെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. ക്രൈസ്തവ ജീവിതങ്ങളെ നവീകരിക്കത്തക്കവിധം സുവിശേഷമൂല്യങ്ങള്‍ മൗലികമായി ജീവിച്ചുകാണിച്ച കാര്‍മന്‍റെ മാതൃകയാക്കാവുന്ന ജീവിതത്തിന് പാപ്പാ ദൈവത്തിന് നന്ദിയര്‍പ്പിച്ചു. സഭയോടു ചേര്‍ന്നുനിന്നുകൊണ്ട്, അതിന്‍റെ വളര്‍ച്ചയ്ക്കും നവീകരണത്തിനുമായി അക്ഷീണം സമര്‍പ്പിച്ച കാര്‍മന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.
- സഭയിലെ നവോത്ഥാന പ്രസ്ഥാനം:
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം അറുപതുകളില്‍ (1960) സഭയില്‍ ആരംഭിച്ച ക്രൈസ്തവ ജീവിത നവോത്ഥാന പ്രസ്ഥാനത്തിന്‍റെ (Neo-catechumenate Movement) ആദ്യകാല പ്രയോക്താക്കളില്‍ ഒരാളാണ് സ്പെയിന്‍കാരി, കാര്‍മ്മന്‍ എര്‍ണാണ്ടസ്. വ്യക്തിജീവിത നവീകരണത്തിലൂടെ മൗലികമായി സുവിശേഷമൂല്യങ്ങള്‍ ജീവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്ക് രൂപംകൊടുക്കുവാനുള്ള തരംഗങ്ങള്‍ തുടങ്ങിയത് സ്പെയിനിലായിരുന്നു. മാമോദീസായിലൂടെ ആരംഭിക്കുന്ന ക്രൈസ്തവ ജീവിതത്തെ നവീകരിച്ചും, കൂടുതല്‍ ബോദ്ധ്യമുള്ളതാക്കി നവീകരിക്കുകയാണ് ഇന്നും കത്തോലിക്കാ ലോകത്ത് സജീവമായിരിക്കുന്ന 'നെയോ-ക്യാറ്റുക്കുമനേറ്റ്' മാര്‍ഗ്ഗിത്തിന്‍റെ ലക്ഷ്യം.സ്ഥാപകപ്രവര്‍ത്തകരായ കീക്കോ ആര്‍ഗുവേലോ, ഫാദര്‍ മാരിയോ പെസ്സി എന്നവര്‍ക്കൊപ്പം നവതരംഗത്തെ ഉയര്‍ത്തിയെടുക്കുകയും വ്യാപ്തമാക്കുകയുംചെയ്ത ധീരനായികയായിരുന്നു കാര്‍മന്‍ എര്‍ണാണ്ടസ്. 1968-ല്‍ പുറത്തുവന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നവമായ ദര്‍ശനങ്ങളാണ് കാര്‍മന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്. സ്വന്തമായുണ്ടായിരുന്ന വലിയ വ്യാവസായ സംരംഭത്തിന്‍റെ ലാഭവും നേട്ടവും മാറ്റിവച്ചിട്ടാണ്, ജ്ഞാനസ്നാനത്തിലൂടെ ലഭിച്ച ക്രൈസ്തവജീവിതത്തെ ബലപ്പെടുത്തുവാനും, സുവിശേഷചൈതന്യം മൗലികവുമായി ജീവിക്കുവാനും കാര്‍മന്‍ എര്‍ണാണ്ടസ് ഇറങ്ങിപ്പുറപ്പെട്ടത്. Neocatechumenate Movement-ന്‍റെ ആരംഭകാലത്ത് 120 രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍മന്‍ നേതൃത്വം നല്‍കിയിരുന്നതായി പ്രസ്ഥാനത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നു.
- ആത്മീയ നായികയ്ക്ക് യാത്രാമൊഴി:
ജൂലൈ 19-ാം തിയതി ചൊവ്വാഴ്ച, 83-മത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് അന്തരിച്ചത്. ജൂലൈ 21-ാം തിയതി വ്യാഴാഴ്ച അന്തിമോപചാര ശുശ്രൂഷകള്‍ സ്പെയിനിലെ മാഡ്രിഡില്‍ നടത്തപ്പെട്ടു. കന്യകാനാഥയുടെ നാമത്തിലുള്ള മാഡ്രിഡ് അതിരൂപതയുടെ 'അല്‍മുദേനാ' ഭദ്രാസന ദേവാലയത്തിലാണ് വ്യാഴ്ച രാവിലെ കാര്‍മന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ നടത്തപ്പെട്ടത്. അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് കാര്‍ലോസ് സിയെരാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാതൃകയാക്കാവുന്ന ആത്മീയത നിറഞ്ഞ അല്‍മായ പ്രമുഖയോട് യാത്രാമൊഴിചൊല്ലാന്‍ പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളും മറ്റു വിശ്വാസികളുമായി ആയിരങ്ങള്‍ എത്തിയിരുന്നു. 40-ാമത്തെ വയസ്സില്‍ തുടക്കമിട്ട ആത്മീയ നവോത്ഥാനത്തിന്‍റെ ക്രൈസ്തവജീവിതം നാലു പതിറ്റാണ്ടുകളിലേറെ - 83-ാം വയസ്സുവരെ പതറാതെ തുടര്‍ന്നുവെന്ന് ആര്‍ച്ചുബിഷപ്പ് കാര്‍ളോസ് സിയെരാ ചരമപ്രഭാഷണത്തില്‍ പ്രസ്താവിച്ചു.Source: Vatican Radio