പോളണ്ട്: ക്രാക്കോ നഗരത്തിൽ യുവസാഗരമിളകും. 30 ലക്ഷത്തിലധികംപേർ പങ്കെടുക്കുമെന്ന കണക്കുകൂട്ടലോടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 26 മുതൽ 31 വരെയാണ് ലോക യുവജനസംഗമ ദിനങ്ങൾ.സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ എത്തുന്നുവെന്നതും ജനതയുടെ ആവേശം ഇരട്ടിപ്പിക്കുന്നു. 27ന് എത്തുന്ന ഫ്രാൻസിസ് പാപ്പ ഔദ്യോഗിക സ്വീകരണത്തിനുശേഷം പോളിഷ് പ്രസിഡന്റ് അന്ദ്രേജ് ദൂദയുമായും പോളണ്ടിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും. 'ഹൃദയവിശുദ്ധിയുളളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും' (മത്തായി 5:8) എന്നതാണ് ആപ്തവാക്യം. 26 ന് പോളണ്ടിലെ ബിഷപ്പുമാരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആരംഭം.28ന് മാർപാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്യും. അതിനുമുമ്പ് പോളണ്ടിന്റെ രക്ഷകയായ ബ്ലാക്ക് മഡോണയുടെ രൂപം സ്ഥിതിചെയ്യുന്ന സെസ്‌തോചോവാ പാപ്പ സന്ദർശിക്കും. പോളണ്ടിലെ നാസി പീഡന കേന്ദ്രങ്ങളായിരുന്ന ഓഷ്വിറ്റ്‌സ്, ബുർക്കിനാവ് ക്യാമ്പുകളിലെ സന്ദർശനം 29ന് രാവിലെയാണ്. അവിടെ നടക്കുന്ന പ്രത്യേക അനുസ്മരണശുശ്രൂഷയിൽ പാപ്പ പ്രസംഗിക്കും. തുടർന്ന് അവിടെ അടുത്തുള്ള കുട്ടികളുടെ സർക്കാർ ആശുപത്രി സന്ദർശിക്കുന്ന പാപ്പ വൈകിട്ടുതന്നെ യുവജനങ്ങൾക്കൊപ്പമുള്ള കുരിശിന്റെ വഴിക്കായി ക്രാക്കോവിൽ തിരിച്ചെത്തും.30-ന് ക്രാക്കോവിലെ ഡിവൈൻ മേഴ്‌സി തീർത്ഥകേന്ദ്രത്തിലെ 'കരുണയുടെ കവാട'ത്തിലൂടെ, വിശുദ്ധ ഫൗസ്റ്റീനയെ അടക്കം ചെയ്ത ചാപ്പലിലെത്തി പ്രാർത്ഥിക്കും. സമാപനദിനമായ 31ന് അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളണ്ടിയർമാർ എന്നിവരെയും സന്ദർശിച്ചശേഷമാണ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നത്. സമാപന ദിവ്യബലിമധ്യേ അടുത്ത സംഗമവേദി പാപ്പ പ്രഖ്യാപിക്കും. 187 രാജ്യങ്ങളിൽനിന്നും പങ്കെടുക്കുന്നവരിൽ 47 കർദിനാ ൾമാരും 800ൽപരം ബിഷപ്പുമാരും 20,000 ഓളം വൈദികരും ഉ ൾപ്പെടുന്നു. ഇന്ത്യയിൽനിന്ന് 1,000 പേർ പങ്കെടുക്കുമെന്നാണ് കണക്ക്.600 ഏക്കർ വിസ്താരമുള്ള മൈതാനമാണ് സംഗമത്തിന് തയാറാക്കിയിരിക്കുന്നത്. ഒരു ഭാഗത്തുകൂടി റോഡും മറുഭാഗത്തുകൂടി പുഴയും ഒഴുകുന്ന ഇവിടെ സുരക്ഷ ഒരുക്കുക ശ്രമകരമായതിനാൽ സൈന്യമാണ് സുരക്ഷാകാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനം നടക്കുന്ന വേദിയിലേക്ക് താൽക്കാലികമായി നാലു പുതിയ പാലങ്ങൾ നിർമിച്ചിട്ടുണ്ട്.വിശുദ്ധ ജോൺ പോൾ രണ്ടാമനുള്ള സ്മരണാജ്ഞലിയായി 'ജോൺ പോൾ രണ്ടാമന്റെ ദിവ്യബലി' എന്ന പേരിൽ സംഗീത പരിപാടിയാണ് സമാപന ദിനം അരങ്ങേറുന്നത്. ലത്തീൻ ഭാഷയിൽ എഴുതി ഹെൻറിക് ജാൻ ബോതോർ സംവിധാനം ചെയ്ത സംഗീതപരിപാടി വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. പോളണ്ടിലെ പ്രശസ്തരായ 300 പേരുടെ ഗായകസംഘവും 100 പേരുടെ ഓർക്കസ്ട്രയും സംഗീതപരിപാടിയിൽ അണിനിരക്കുന്നുണ്ട്.Source: Sunday Shalom