News >> വർദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങളിൽ ഭാരത കത്തോലിക്കാസഭക്ക് ആശങ്ക


ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ മേൽ വർദ്ധിച്ചുവരുന്ന പീഢനങ്ങളിലും അവരെ ഒറ്റപ്പെടുത്തുന്ന അനിഷ്ടസംഭവങ്ങളിലും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ജൂലൈ 11-ന് ഗുജറാത്തിൽ ഒരു ദളിത് കുടുംബത്തിലെ 7 അംഗങ്ങൾ അതിക്രൂരമായി സാമൂഹ്യവിരുദ്ധരുടെ അക്രമത്തിന് ഇരയായ സംഭവം ഇതിലേറ്റവും അവസാനത്തേതാണ്. ഒറീസ്സായിലെ കാൻഡമാലിൽ എട്ടു വർഷം മുമ്പ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച നരനായാട്ടിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് അതേ സ്ഥലത്തു തന്നെ ഒരു പെൺകുഞ്ഞുൾപ്പെടെ അഞ്ചുപേർ നിയമപാലകരുടെ വെടിയേറ്റു മരിച്ച സംഭവം അതീവ ദു:ഖകരമാണ്. ഇൻഡ്യൻ ഭരണഘടനയും നിയമവ്യവസ്ഥയും ലംഘിച്ചുകൊണ്ട് ദളിതരുടെ അവകാശത്തിന്മേൽ കടന്നുകയറ്റം നടത്തുന്നതും വ്യക്തിഹത്യ ഉൾപ്പെടെയുള്ള നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ ഒഴിഞ്ഞു നിൽക്കേണ്ടതാണ്.

മാംസഭക്ഷണം, പശുസംരക്ഷണം തുടങ്ങിയ വാദങ്ങളുടെമേൽ ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. സാമൂഹികമായ പിന്നാക്കാവസ്ഥയും കടുത്ത അവഗണനയും അനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുടെ മേൽ ശാരീരികവും മാനസികവുമായ പീഢനങ്ങൾ ഏൽപ്പിക്കുന്നത് മനസ്സാക്ഷിക്ക് ചേരാത്ത കിരാതനടപടികളാണ്. 2014-ൽ നാൽപ്പത്തി ഏഴായിരത്തിലധികം കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് ദളിതരുടെ മേലുള്ള അക്രമങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 29 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ദളിത് വിവേചനം നൈയ്യാമികമായി രാജ്യത്ത് അവസാനിപ്പിച്ചു എങ്കിലും വിവിധ രൂപങ്ങളിലും ഭാവങ്ങളിലും അത് ഇന്നും തുടരുന്നു എന്നതാണ് വാസ്തവം. എല്ലാ മനുഷ്യർക്കും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും ഒരുപോലെ ആയിരിക്കെ ദളിത് വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കേണ്ടവരും കുറ്റകരമായ പ്രവർത്തികളിലേർപ്പെട്ടവർക്കെതിരെ നിയമാനുസൃതമായ നടപടികൾ എടുക്കേണ്ടതും ആവശ്യമാണ്. രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങളോട് ഭാരത കത്തോലിക്കാ സഭയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സത്വരമായ നടപടികളും മുൻകരുതലുകളും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും സ്വീകരിക്കണമെന്ന് സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അഭ്യർത്ഥിച്ചു. ഇതോടൊപ്പം തെലങ്കാനയിലെ കടപ്പ ബിഷപ്പ് ഗലേല പ്രസാദിനു നേരേയുണ്ടായ അക്രമണത്തിലും മാർ ക്ലീമീസ് ബാവാ ഉൽക്കണ്ഠ രേഖപ്പെടുത്തി. സ്വന്തം ജീവിതം മനുഷ്യസമൂഹത്തിന് പ്രത്യേകിച്ച്, ദളിത് പിന്നാക്കവിഭാഗങ്ങൾക്കുവേണ്ടി മാറ്റിവച്ചിട്ടുള്ള ബിഷപ്പ് ഗലേല പ്രസാദിനു നേരെ നടന്ന ക്രൂരമായ കയ്യേറ്റം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും ബാവാ ആവശ്യപ്പെട്ടു.

Source: Sunday Shalom