News >> ക്രാക്കോവിൽ ഇറാക്കി യുവജനങ്ങളുടെ സാക്ഷ്യം
റോം: രണ്ട് ബിഷപ്പുമാരും 10 വൈദികരും നിരവധി സന്യാസിനികളും ഉൾപ്പെടെ 315 പേരടങ്ങുന്ന ഇറാക്കി യുവജനങ്ങൾ മൂന്ന് സംഘമായി ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കുന്നു. ക്രാക്കോവിലെ മണ്ണിൽ പീഡിതസഭയുടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന സംഘാംഗങ്ങൾ യുവജനസമ്മേളനത്തിനെത്തുന്നവർക്ക് ശക്തമായ ക്രൈസ്തവ സാക്ഷ്യമായി മാറും.ഇർബിൽ, ബാഗ്ദാദ്, കിർക്കുക്ക്,ദോഹുക്ക് - തുടങ്ങി ഐഎസ് അഴിഞ്ഞാടിയ നഗരങ്ങളുൾപ്പെടെ ഇറാക്കിൽ നിന്നെമ്പാടുമെത്തുന്ന യുവജനങ്ങളുടെ വെറുപ്പോ പകയോ ഇല്ലാത്ത മുഖങ്ങൾ തന്നെയാവും ഏറ്റവും വലിയ സാക്ഷ്യമെന്ന് യുവജനസംഘത്തെ ഏകോപിപ്പിക്കുന്ന ഫാ. റായാൻ അറ്റൊ പറഞ്ഞു. സംഘാംഗങ്ങളിൽ പകുതിയിലധികം പേർ അഭയാർത്ഥികളായി ജീവിക്കുന്നവരാണ്. വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് യുവജനങ്ങൾ യാത്രാക്കൂലി കണ്ടെത്തിയത്.അതേസമയം പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വിശ്വാസം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക എന്നുള്ളത് വെല്ലുവിളി തന്നെയാണെന്ന് ഫാ. അറ്റൊ പങ്കുവച്ചു. പൂർവികർ പകർന്ന് തന്ന വിശ്വാസമാണ് ഞങ്ങളെ പിടിച്ചു നിറുത്തുന്നത്. കൂദാശകളും പ്രാർഥനകളും വഴി ഞങ്ങൾ വിശ്വാസത്തിൽ വളരുന്നു. അത് മാത്രമാണ് ഞങ്ങൾക്കുള്ളത്. വരുന്ന തലമുറകൾക്കായി ഞങ്ങൾ വിശ്വാസം കാത്ത് സൂക്ഷിക്കുന്നു; യുവജനങ്ങളുടെ വികാരം ഫാ. അറ്റൊ പങ്കുവച്ചു.Source: Sunday Shalom