News >> മദർ തെരേസ നാമകരണം വത്തിക്കാനിൽ ഫോട്ടോ പ്രദർശനം
കൊൽക്കത്ത: മദർ തെരേസയുടെ നാമകരണത്തോടനുബന്ധിച്ച് മദറിന്റെ ആതുര ശുശ്രൂഷാമേഖലയെപ്പറ്റിയുള്ള ഫോട്ടോപ്രദർശനവും സംഗീതയജ്ഞവും വത്തിക്കാനിൽ നടക്കും.ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ കൗണ്ടിയസിൻഹയുടെ നേതൃത്വത്തിലാണ് വത്തിക്കാൻ സിറ്റി ഉൾപ്പെടെ 11 സ്ഥലങ്ങളിൽ ഈ പ്രദർശനം നടത്തുന്നത്. 'ദി സെയിന്റ് ഗുഡ് പ്രൊജക്ട്' എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്.കൊൽക്കത്തയിൽ 45 വർഷം മദർ തെരേസ സേവനം ചെയ്ത സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള നിരാശ്രയരുടെയും രോഗികളുടെയും നൊമ്പരങ്ങളും സങ്കടങ്ങളുമാണ് ഈ ഫോട്ടോ പ്രദർശനത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. കൊൽക്കത്തയിലെ ലോകപ്രസിദ്ധമായ വിക്‌റ്റോറിയ മെമ്മോറിയൽ ഹൗറ ബ്രിഡ്ജ് മുതലായവയെ മനഃപൂർവം ഈ പ്രദർശനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഫോട്ടോഗ്രാഫർ സിൻഹ സൂചിപ്പിച്ചു. അതിനുപകരം ഏഷ്യായിലെ ഏറ്റവും വലിയ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന സോണാഗഞ്ച്, പൂമാർക്കറ്റ്, കുമരത്തോളി മുതലായ ചേരിപ്രദേശങ്ങളിലെ ജീവിത സ്പന്ദനങ്ങളെയാണ് ചിത്രീകരിച്ചിട്ടുള്ളത്. മദർ തെരേസ ഇവിടെയെല്ലാം തന്റെ ആതുരശുശ്രൂഷാദൗത്യം നിർവഹിച്ചിരുന്നു.സംഗീതജ്ഞൻ അമലൻ ഗുഹായുടെ നേതൃത്വത്തിൽ കൊൽക്കത്തയെപ്പറ്റിയുള്ള വിവരണവുമായി സംഗീതയജ്ഞവും വത്തിക്കാനിലെ തെരുവുകളിൽ നടക്കും.Source: Sunday Shalom