News >> മ്യൂണിക്ക് വെടിവെയ്പ്പുദുരന്തത്തില്‍ വേദനിക്കുന്ന പാപ്പാ
ജര്‍മ്മനിയിലെ മ്യൂണിക്കിലെ ഒരു പൊതു കച്ചവടസ്ഥലത്ത്, ഷോപ്പിംഗ് മാളില്‍ വെള്ളിയാഴ്ച (22/07/16)യുണ്ടായ വെടിവെയ്പുദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി. ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനമറിയിക്കുന്ന കമ്പിസന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മ്യൂണിക്-ഫ്രൈസിംഗ് അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാഡ് മാര്‍ക്സിന് അയച്ചുകൊടുത്തു. കൂടുതലും യുവജനങ്ങള്‍ ഇരകളായിത്തീര്‍ന്ന അതിദാരുണമായ ഈ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത പാപ്പാ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും ഈ ദുരന്തത്തെ അതിജീവിച്ചവരുടെയും ഈ ആക്രമണത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും വേദനയില്‍ പാപ്പാ പങ്കുചേരുകയും തന്‍റെ സാമീപ്യം പാപ്പാ അവര്‍ക്കുറപ്പുനല്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു. ഈ ആക്രമണത്തില്‍ മുറിവേറ്റവരേയും അനുസ്മരിക്കുന്ന പാപ്പാ ഈ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മവിനെ ദൈവത്തിന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു. ഈ ദുരന്തവേളയില്‍ കരുതലോടെയും ഉദാരതയോടും സഹായഹസ്തം നീട്ടിയ സുരക്ഷാസേനയുള്‍പ്പടെയുള്ള സകലരോടും പാപ്പാ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ജര്‍മ്മന്‍ ഇറാനിയന്‍ വംശജനായ ഡേവിഡ് അലി സൊണ്‍ബോളി എന്ന പതിനെട്ടുകാരനായിരുന്നു 7 കൗമാരപ്രായക്കാരുള്‍പ്പടെ 9 പേരുടെ ജീവനെടുത്ത വെടിവെയ്പ്പു നടത്തിയത്. വിഷാദരോഗിയായിരുന്നെന്നു പറയപ്പെടുന്ന ആക്രമി സ്വയം വെടിവെച്ചു മരിക്കുകയും ചെയ്തു. ഷോപ്പിംഗ് മാളിലെ മാക്ഡൊണാള്‍ഡ് റസ്റ്ററന്‍റിലായിരുന്നു വെടിവെയ്പ്പാരംഭിച്ചത്. നോര്‍വേയില്‍ ആന്ദ്രെ ബ്രീവിക് എന്ന വംശീയ കൊലയാളി 77 പേരെ വെടിവെച്ചു കൊന്നതിന്‍റെ അഞ്ചാം വാര്‍ഷികത്തിലാണ് മ്യൂണിക്കില്‍ ഈ ആക്രമണമുണ്ടായത്. 2011 ജൂലൈ 22നായിരുന്നു നോര്‍വേയില്‍ ഭ്രാന്തമായ ആക്രമണം അരങ്ങേറിയത്.അതിനിടെ ജര്‍മ്മനിയിലെ ആന്‍സ്ബാക്ക് എന്ന സ്ഥലത്ത് ഒരു സംഗീതോത്സവ വേദിക്കടുത്ത് ഞായറാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.റ്യൂട്ട്ലിന്‍ഗന്‍ എന്ന സ്ഥലത്ത് ഒരാള്‍ കൊല്ലപ്പെട്ട ഒരു കത്തി ആക്രമണമുള്‍പ്പടെ ഈ ദിവസങ്ങളില്‍ ജര്‍മ്മനിയില്‍ അടുത്തടുത്തായി മൂന്നാക്രമണങ്ങളാണ് നടന്നത്.Source: Vatican Radio