News >> കന്യാമറിയത്തിന്റെ ദർശനം ലഭിച്ച മരിയ എസ്പരാൻസയുടെ നാമകരണ നടപടികൾ തുടരുന്നു


വെനിസ്വലയിൽ നിന്നുള്ള ദൈവദാസി മരിയ എസ്പരാൻസയുടെ നാമകരണ നടപടികൾ തീവ്രമാക്കാനുളള ശ്രമം ആരംഭിച്ചു. മരിയയ്ക്ക് മാതാവിന്റെ ദർശനങ്ങൾ സ്ഥിരമായി ലഭിച്ചിരുന്നു. വെനിസ്വലയിലെ ബെറ്റാനിയ എന്ന മരിയുടെ വീട് ഇന്ന് കത്തോലിക്ക സഭ അംഗീകരിച്ച മാതാവിന്റെ പ്രത്യക്ഷീകരണ സ്ഥലങ്ങളിലൊന്നാണ്. 2004 ഓഗസ്റ്റ് ഏഴിനാണ് മരിയ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

മരിയ എസ്പരാൻസ അർപ്പിതയായ വീട്ടമ്മയും ഏഴ് മക്കളുടെ അമ്മയുമായിരുന്നു. വീട്ടിലിരുന്നും അവൾ ലോകത്തിനുവേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തി. 1928 ലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ ദൈവസ്‌നേഹം അവളിൽ വേരൂന്നിയിരുന്നു. അതിനാൽ സഹനത്തെ അവൾ സ്‌നേഹിച്ചു. കന്യാസ്ത്രിയാകുവാൻ മഠത്തിൽ പ്രവേശിച്ചുവെങ്കിലും അധികതർ അവളെ മടക്കി അയക്കുകയായിരുന്നു. കുടുംബിനിയായി ജീവിക്കുകയാണ് ദൈവഹിതമെന്നായിരുന്നു അധികൃതർ അവളോട് പറഞ്ഞത്. ആ നാളുകളിൽ വി. ജോൺബോസ്‌കോ അവൾക്ക് പ്രത്യക്ഷപ്പെട്ടു. വിശുദ്ധൻ നിർദേശിച്ചതനുസരിച്ച് 1956 ൽ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ചായിരുന്നു അവളുടെ വിവാഹം.

201631616

മറ്റുള്ളവരുടെ കുരിശുകൾ സ്വയം ഏറ്റെടുത്തുകൊണ്ട് അവൾ ദൈവത്തിന് സ്വയം അർപ്പിച്ചു. ഒരിക്കൽ മക്കളിലൊരാൾ അവളോട് പറഞ്ഞു. അമ്മ ഇങ്ങനെ മറ്റുള്ളവരുടെ സഹനങ്ങൾ ഏറ്റുവാങ്ങി സ്വയം ത്യജിക്കുന്നതെന്തിനാണ്? അവൾ പറഞ്ഞു. "മകളേ, അതാണ് എന്റെ മിഷൻ."

ഈ മകൾ അമ്മയെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. "അമ്മ ഒന്നും വാരിക്കൂട്ടിയില്ല, എല്ലാം കൊടുക്കുകയായിരുന്നുവെന്നാണ്." മരിയയുടെ കുടുംബത്തിൽ നിറഞ്ഞ സ്‌നേഹം അനേകരുടെ കുടുംബജീവിതത്തിന്റെ താളം വീണ്ടെടുത്തു. ഫാ. പാദ്രെ പിയോ ആയിരുന്നു ആധ്യാത്മികനിയന്താവ്. എല്ലാ മതത്തിലും പെട്ടവരെ അവൾ സ്വാഗതം ചെയ്തു. ആത്മാക്കളെ മനസ്സിലാക്കുവാനുള്ള കഴിവ്, പഞ്ചക്ഷതങ്ങൾ, ബൈ ലൊക്കേഷൻ തുടങ്ങിയ കഴിവുകൾ അവൾക്ക് ദൈവം നല്കിയിരുന്നു. മാതാവിന്റെ ദർശനം ആദ്യമായി ലഭിച്ചത് 1976 ലായിരുന്നു. 108 പേർ അവളോടൊപ്പം അന്ന് മാതാവിനെ ദർശിച്ചു. മാതാവിന്റെ സന്ദേശത്തിന്റെ കേന്ദ്രബിന്ദു ക്രൈസ്തവ സ്‌നേഹം പരിശീലിക്കുക എന്നായിരുന്നു. അതും കുടുംബത്തിൽ ആരംഭിച്ച് മറ്റുളളവരിലേയ്ക്ക് പകരുക. പ്രാർത്ഥന, ദൈവവചനം, പ്രായശ്ചിത്തം, ദിവ്യകാരുണ്യം എന്നിവയാണ് ജീവിതത്തിന്റെ നാലുതൂണുകൾ എന്നതാണ് മരിയയുടെ ഉപദേശം. 1987 ലാണ് വത്തിക്കാൻ മരിയയ്ക്കുണ്ടായ പ്രത്യക്ഷീകരണങ്ങളെ അംഗീകരിച്ചത്.

Source: Sunday Shalom