News >> കോട്ടയം അതിരൂപതയ്ക്ക് അഭിമാന നിമിഷം: മാർ കുര്യൻ വയലുങ്കൽ അഭിഷിക്തനായി


കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയും പാപ്പുവാ ന്യു ഗിനിയായുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി മാർ കുര്യൻ വയലുങ്കൽ അഭിഷിക്തനായി. വത്തിക്കാൻ നയതന്ത്ര പ്രതിനിധികളുടെയും ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും മേലദ്ധ്യക്ഷൻമാരുടെയും വൈദിക സന്ന്യസ്ത അൽമായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ നടത്തപ്പെട്ട മെത്രാഭിഷേക ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.

ഈജിപ്തിലെ മുൻ നുൺഷ്യോ ആർച്ച് ബിഷപ്പ് മൈക്കിൾ ലൂയിസ് ഫിറ്റ്‌സ്‌ജെറാൾഡും സി.ബി.സി.ഐ സെക്രട്ടറി ജനറൽ റൈറ്റ്. റവ. ഡോ. തെയഡോർ മസ്‌ക്കെരാനാസും സഹകാർമ്മികരായിരുന്നു. കോട്ടയം അതിമെത്രാസനമന്ദിരത്തിൽനിന്ന് മാർ കുര്യൻ വയലുങ്കലിനെ പ്രദക്ഷിണമായി കത്തീഡ്രൽ ദൈവാലയത്തിലേക്ക് ആനയിച്ചതോടെയാണ് മെത്രാഭിഷേക ശുശ്രൂഷകൾക്ക് തുടക്കമായത്. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഏവർക്കും സ്വാഗതം അർപ്പിച്ചു. തുടർന്ന് മാർ കുര്യൻ വയലുങ്കലിനെ റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയും പാപ്പുവാ ന്യു ഗിനിയായുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ നിയമനപത്രം ഇന്ത്യയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ കൗൺസിലർ റവ. മോൺസിഞ്ഞോർ മൗറോ ലാല്ലി വായിച്ചു.

പ്രസ്തുത നിയമന ഉത്തരവിന്റെ ഇംഗ്ലീഷ് പരിഭാഷ കോട്ടയം അതിരൂപതാ ചാൻസിലർ റവ. ഡോ. തോമസ് കോട്ടൂർ വായിച്ചു. തുടർന്ന് നിയുക്ത മെത്രാപ്പോലീത്ത രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വന്ദിച്ച് പ്രാർത്ഥിക്കുകയും വിശ്വാസ പ്രഖ്യാപനം നടത്തുകയും ചെയ്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ കൈവയ്പുശുശ്രൂഷയിലൂടെ മോൺസിഞ്ഞോർ വയലുങ്കൽ മെത്രാഭിഷിക്തനാവുകയും സ്ഥാനികചിഹ്നങ്ങളായ തൊപ്പിയും അംശവടിയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇൻഡ്യയിലെ വത്തിക്കാൻ അപ്പസ്‌തോലിക് നുൺഷ്യോ അഭിവന്ദ്യ ആർച്ചു ബിഷപ്പ് റൈറ്റ്. റവ. ഡോ. സാൽവത്തോരെ പെനാക്കിയോയുടെ സന്ദേശം ന്യുൺഷ്യേച്ചർ ഇന്ത്യ ഓഫീസ് പ്രതിനിധി മോൺസിഞ്ഞോർ ഹെന്ററിക് ജഗോദ്‌സിൻസ്‌കി വായിച്ചു. ജോജോ വയലുങ്കൽ, അനു വയലുങ്കൽ എന്നിവർ പഴയനിയമഭാഗവും ഡീക്കൻ അനിൽ ഒറ്റക്കുന്നേൽ ലേഖനഭാഗവും വായിച്ചു. റവ. ഡോ. ജോൺ ചേന്നാക്കുഴി ചടങ്ങുകളുടെ വിവരണം നൽകി. സി. ബി.സി.ഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജർ ആർച്ചുബിഷപ്പുമായ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മരിയ കാലിസ്റ്റ് സൂസെപാക്യം ഉൾപ്പെടെ നിരവധി മെത്രാൻമാരും എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങി മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും വൈദിക സന്യസ്ത അൽമായ പ്രതിനിധികളും മാർ വയലുങ്കലിന്റെ കുടുംബാംഗങ്ങളും ഉൾപ്പടെ ആയിരക്കണക്കിനാളുകൾ മെത്രാഭിഷേക ചടങ്ങിന് സാക്ഷ്യം വഹിച്ചു.

201631612കോട്ടയം തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി 1991 ഡിസംബർ 27-ാം തീയതി കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ വച്ച് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ച മാർ കുര്യൻ വയലുങ്കലിന്റെ പൗരോഹിത്യ രജത ജൂബിലി വർഷത്തിലാണ് മെത്രാഭിഷിക്തനായത്. കോട്ടയം അതിരൂപതയിലെ രാജപുരം, കള്ളാർ, എൻ.ആർ.സിറ്റി, സേനാപതി പള്ളികളിൽ അജപാലനശുശ്രൂഷ നിർവ്വഹിച്ചിട്ടുണ്ട്. റോമിലെ "സാന്താക്രോച്ചെ" യൂണിവേഴ്‌സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടുകയും വത്തിക്കാൻ നയതന്ത്ര അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്ത മാർ വയലുങ്കൽ ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം ചെയ്തു. 2001 ൽ മോൺസിഞ്ഞോർ പദവിയും 2011 ൽ "പ്രിലേറ്റ് ഓഫ് ഓണർ" പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ മാർ വയലുങ്കൽ പങ്കാളിയായിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗൺസിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപ്പാപ്പ അദ്ദേഹത്തെ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്. നീണ്ടൂർ ഇടവക വയലുങ്കൽ എം.സി മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനാണ് മാർ കുര്യൻ വയലുങ്കൽ.

1911 ആഗസ്റ്റ് 29 ന് 'ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന തിരുവെഴുത്തിലൂടെ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയാൽ സ്ഥാപിതമായ കോട്ടയം രൂപതയ്ക്ക് ഇപ്പോഴത്തെ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കാരുണ്യ വർഷത്തിൽ ലഭിച്ച അമൂല്യമായ സമ്മാനമാണ് മാർ കുര്യൻ വയലുങ്കലിന്റെ മെത്രാപ്പോലിത്തയായുള്ള സ്ഥാന ലബ്ദ്ധി. യശ്ശശരീരായ മാർ മാത്യു മാക്കിൽ, മാർ അലക്‌സാണ്ടർ ചൂളപറമ്പിൽ, മാർ തോമസ് തറയിൽ എന്നീ മെത്രാൻമാരുടെയും കോട്ടയം അതിരൂപതയിലെ പ്രഥമ മെത്രാപ്പോലിത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെയും ഇപ്പോഴത്തെ മെത്രാപ്പോലിത്തയായ മാർ മാത്യു മൂലക്കാട്ടിന്റെയും സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെയും അതിരൂപതയിലെ മിഷണറി മെത്രാൻമാരായ നാഗ്പൂർ അതിരൂപത മെത്രാപ്പോലിത്ത മാർ എബ്രാഹം വിരുത്തിക്കുളങ്ങര, മിയാവ് രൂപത മെത്രാൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ, കോഹിമ രൂപത മെത്രാനായ മാർ ജെയിംസ് തോപ്പിൽ, ബാലസോർ രൂപത മെത്രാനായ മാർ സൈമൺ കായിപ്പുറം എന്നിവരുടെയും സേവന ചൈതന്യത്തിന്റെ പാത പിന്തുടർന്നുകൊണ്ടാണ് മാർ കുര്യൻ വയലുങ്കൽ പാപ്പുവാ ന്യൂഗിനിയായിൽ അജപാലന ശുശ്രൂഷ ആരംഭിക്കുന്നത്.

Source: Sunday Shalom