News >> വിശുദ്ധ കുർബാനക്കിടയിൽ ദാരുണമായി വധിക്കപ്പെട്ട വൈദികനായി ലോകമെങ്ങും പ്രാർത്ഥന


ഫ്രാൻസ്: സെന്റ.് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തിൽ അതിക്രമിച്ച് കയറി ഫാ. ജാക്വസ് ഹാമെൽ എന്ന വയോധികനായ വൈദികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ലോകം മുഴുവൻ പ്രാർത്ഥനയും പ്രതിഷേധവുമുർന്നു.

ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് കടക്കാൻ രണ്ട് തവണ ശ്രമിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായ യുവാവാണ് ഫാ. ജാക്വസ് ഹാമെലലിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ആക്രമികളിലൊരാൾ എന്ന് ഫ്രഞ്ച് സർക്കാർ വ്യക്തമാക്കി. തീവ്രവാദ അനുഭാവം പുലർത്തിയിരുന്ന 19 വയസുകാരനായ അദേൽ കെർമിഷെയെ നിരീക്ഷിക്കാനായി പോലീസ് ഘടിപ്പിച്ചിരുന്ന 'ഇലക്‌ട്രോണിക്ക് സർവൈലൻസ് ബ്രെയിസ്ലെറ്റ്' ആക്രമണം സമയത്ത് 'ഡീആക്ടിവേറ്റ്' ആയിരുന്നുവെന്നും അധികാരികൾ അറിയിച്ചു.

അതേസമയം വൈദികന്റെ മരണത്തിന് ഇടയാക്കിയ ആക്രമണത്തെ തുടർന്ന് ക്രാക്കോവിൽ ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാതെ ആർച്ച് ബിഷപ് ലീബ്രൺ ഫ്രാൻസിലേക്ക് മടങ്ങി. പ്രാർത്ഥനയും സാഹോദര്യവുമാണ് ഇന്ന് ലോകത്തിന് അനിവാര്യമെന്ന് അദേഹം പറഞ്ഞു. ക്രാക്കോവിൽ മനുഷ്യകുലത്തിന്റെ ഭാവി വാഗ്ദാനങ്ങളായ നൂറു കണക്കിന് യുവജനങ്ങളെ കാണാൻ സാധിച്ചു. ആക്രമണത്തിന്റെ മാർഗം അവലംബിക്കാതെ സ്‌നേഹസംസ്‌കാരത്തിന്റെ അപ്പസ്‌തോലൻമാരായി യുവജനങ്ങൾ മാറണമെന്നാണ് എനിക്ക് അവരോടുള്ള അഭ്യർത്ഥന; ആർച്ച് ബിഷപ് ലിബ്രൺ വ്യക്തമാക്കി.

സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ വേദനയും ഉത്കണ്ഠയും അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഫ്രാൻസിൽ നടന്നതെന്ന് പാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തിന്റെ വിളനിലമായി പ്രഘോഷിക്കപ്പെടുന്ന ദൈവാലയത്തിൽ ആക്രമണം നടന്നത് ഏറെ മുറിവേല്പിക്കുന്നതാണ്. മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു.

Source:Sunday Shalom