News >> നോര്‍മാണ്ടിയിലെ ഭീകരാക്രമണം : പാപ്പാ ഫ്രാന്‍സിസ് ദുഃഖാര്‍ത്തനായി
ജൂലൈ 26-ാം തിയതി ചൊവ്വാഴ്ച രാവിലെ വടക്കന്‍ ഫ്രാന്‍സിലെ നൊര്‍മാണ്ടിയില്‍ വിശുദ്ധ ഏതെയ്നോയുടെ ഇടവക ദേവാലയത്തിലാണ് മൃഗീയമായ കൊലപാതകം നടന്നത്. 85-വയസ്സുകാരന്‍ ഫാദര്‍ ഷാക്കി അമേലിനെയാണ് പ്രഭാതദിവ്യബലിമദ്ധ്യേ (പ്രാദേശിക സമയം രാവിലെ 9.30-മണിക്ക്) കത്തിക്കു കുത്തിയും, കഴുത്ത് അറുത്തും ഭീകരര്‍ കൊലപ്പെടുത്തിയത്.
വൈദികന്‍റെ ദുഃഖാര്‍ത്തരായ കുടുംബത്തെയും, നോര്‍മാണ്ടിയിലെ ക്രൈസ്തവ സമൂഹത്തെയും ഇടവകാംഗങ്ങളെയും പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ സാന്ത്വനപ്പെടുത്തി. തന്‍റെ ആത്മീയ സാമീപ്യം അറിയിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും, പ്രാര്‍ത്ഥന നേരുകയുംചെയ്തു. സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുന്നത് 'യുക്തിഹീന'മെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.നോര്‍മാണ്ടിയിലെ റൂവോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ലെബ്രൂണിനാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്. ക്രാക്കോയിലെ ലോകയുവജന സംഗമത്തിലായിരുന്ന ആര്‍ച്ചുബിഷപ്പ് ലെബ്രൂണി അവിടെന്നുമാണ് പ്രതികരിച്ചത്. തിന്‍മയോടു പ്രതികരിക്കാന്‍ പ്രാര്‍ത്ഥനയോളം ശക്തമായ മറ്റൊരു ആയുധമില്ല. രൂപതാംഗങ്ങള്‍ സംയമനം പാലിക്കണമെന്നും, താന്‍ ബുധനാഴ്ച രാത്രിയോടെ റൂവോയില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. യുവജനങ്ങളോട് യാത്ര പറഞ്ഞാണ് അദ്ദേഹം പുറപ്പെട്ടത്. നിങ്ങള്‍ ഒരിക്കലും അധിക്രമങ്ങളുടെ വക്താക്കളും അടിമകളുമാകരുത്. സ്നേഹസംസ്ക്കാരത്തിന്‍റെ ദൂതരാകണം... എന്നു പറഞ്ഞാണ് അദ്ദേഹം ഭാഗമായിരുന്ന ക്രാക്കോയിലെ മതബോധന വേദിയില്‍നിന്നും പുറപ്പെട്ടത്. വൈദികന്‍, ഷാക്കി അമേലിന്‍റെ കൊലപാതകം ഫ്രാന്‍സിനെ മുറിപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്‍്, ഫോസ്വാ ഒളാന്തെ പ്രതികരിച്ചു. നൊര്‍മാണ്ടിയില്‍ ഭീകരര്‍ നടത്തിയ ദേവാലയ ആക്രമണത്തിലും, ഇടവക വൈദികന്‍റെ കൊലപാതകത്തിലും ഖേദം രേഖപ്പെടുത്തിക്കൊണ്ട് വത്തിക്കാനില്‍നിന്നും പാപ്പാ നടത്തിയ ടെലിഫോണ്‍ വിളിയോട് പ്രതികരിച്ചുകൊണ്ടാണ് പ്രസിഡന്‍റ് ഒളാന്തെ ഇങ്ങനെ പ്രസ്താവിച്ചത്.വൈദികന്‍റെ കൊലപാതകത്തിലും ദേവാലയാക്രണത്തിലും ഒളിഞ്ഞിരിക്കുന്ന ഭീതിദമായ മൃഗീയതയും ബുദ്ധിശൂന്യതയും മനസ്സിലാക്കുന്നുവെന്നും, വിദ്വേഷത്തിനുംമേല്‍ കൂട്ടായ്മയുടെ അരൂപി വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുമെന്ന് പ്രസിഡന്‍റ് ഒളാന്തെ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസിന് ഉറപ്പുനല്കി. ജൂലൈ 27-ാം തിയതി പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.Source: Vatican Radio