News >> സകലതും നമുക്ക് ലളിതമായി ചെയ്യാം: ഫ്രാൻസിസ് പാപ്പ യുവജനങ്ങളോട്
ക്രാക്കോവ്, പോളണ്ട്: ഫ്രാൻസിസ് പാപ്പ ക്രാക്കോവ് ആർച്ച് ബിഷപ് ഭവനത്തിൽനിന്ന് ബാലിസ് എയർപോർട്ടിലേക്ക്. പ്രധാനമായും പാപ്പയുടെ സന്ദർശനം പ്രസന്റേഷൻ സിസ്റ്റേഴ്‌സിന്റെ ഭവനത്തിലേക്കായിരുന്നു. കൂടാതെ അവർ നടത്തുന്ന സ്‌കൂളിലെ കുട്ടികളുമൊത്തുള്ള സ്വൽപസമയം. വളരെ വ്യക്തിപരമായ സന്ദർശനമായിരുന്നതിനാൽ മാധ്യമങ്ങളിൽപോലും പരിമിതമായിട്ടായിരുന്നു സംപ്രേക്ഷണം.ഈ സന്ദർശനത്തിന് പിന്നിൽ ഒരു ആശ്ചര്യം ജനിപ്പിക്കുന്ന കഥയുണ്ട്. പ്രസന്റേഷൻ സന്യാസിനികളാണ് വത്തിക്കാനിൽ പാപ്പയുടെ തീർത്ഥാടനങ്ങൾക്കുള്ള ഒരുക്കങ്ങളിൽ സഹായിക്കുന്നത്. മെഡലുകൾ, തിരുവസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാണവും പാപ്പയുടെ ആശയങ്ങളുടെ ക്രോഡീകരണവുമൊക്കെ അവരുടെ ദൗത്യമാണ്. ഇടയ്ക്കിടെ പാപ്പ അവരെ സന്ദർശിക്കാറുണ്ട്. അങ്ങനെയിരിക്കെ ഒരുദിവസം സന്യാസസഭയുടെ മദർ സുപ്പീരിയർ പാപ്പയുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞു, "പാപ്പ, അങ്ങ് പോളണ്ടിലെ ക്രാക്കോവിലെത്തുമ്പോൾ ഫ്രാൻസിസ്‌കൻസ റോഡിൽനിന്ന് ഒരു കല്ലേറുദൂരം മാത്രമാണ് ഞങ്ങളുടെ മഠം. അവിടെ വരുമോ?" അത്ര പ്രതീക്ഷയോടെയൊന്നുമായിരിക്കില്ലല്ലോ ആ ചോദ്യം. എന്നാൽ പാപ്പ അപ്പോൾതന്നെ പറഞ്ഞു, "ഒരു പ്രശ്‌നവുമില്ല. ഞാൻ അവിടെ പോകാം." ഈ സംഭവമാണ് ഇന്ന് അർത്ഥപൂർണമായി ഇവിടെ ഇതൾവിരിയുന്നത്. പാപ്പ വാക്കുപാലിച്ചു.ചെസ്‌റ്റോച്ചോവ, കറുത്ത രാജ്ഞിയുടെ അടുക്കലേക്കാണ് പാപ്പയുടെ അടുത്ത യാത്ര. ജാസ്‌ന ഗോറ സന്യാസമന്ദിരത്തിലാണ് ബ്ലാക്ക് മഡോണയുടെ രൂപം സൂക്ഷിച്ചിരിക്കുന്നത്. വഴിമധ്യേ രോഗിണിയായ ഒരു പെൺകുട്ടിയെ പാപ്പ ചുംബിച്ചു, അവളുടെ കരങ്ങളിൽ പിടിച്ചു. ഹൃദയസ്പർശിയായിരുന്നു അത്. പിന്നീട് ബ്ലാക്ക് മഡോണയുടെ ചിത്രത്തിന്റെ അനാവരണം വലിയ ആഘോഷത്തോടെ. അവിടെ പാപ്പ അല്പസമയം പ്രാർത്ഥിക്കുന്നു. പോളണ്ടിന്റെ രാജ്ഞി എന്നാണ് ബ്ലാക് മഡോണ അറിയപ്പെടുന്നത്. ലോകയുവജനസമ്മേളനവുമായും ഈ തിരുസ്വരൂപത്തിന് ബന്ധമുണ്ട്. 1991 ൽ ആദ്യമായി ലോകയുവജനസമ്മേളനം ലോകവ്യാപകമാക്കിയപ്പോൾ അതിന് ആതിഥ്യമരുളിയത് ചെസ്‌റ്റോച്ചോവയാണ്.ബ്ലാക്ക് മഡോണയുടെ ചരിത്രം ആരുടെയും ഹൃദയം കവരുന്നതാണ്. വിശുദ്ധ ലൂക്കയാണ് ഈ ചിത്രം വരച്ചതെന്നാണ് പറയപ്പെടുന്നത്. അതും മരപ്പണിക്കാരനായ ഈശോ നിർമ്മിച്ച ഒരു മേശയുടെ മുകളിൽ വച്ച്. ഈ സമയത്ത് മറ്റ് സുവിശേഷകർക്കറിയാത്ത യേശുവിന്റെ ജീവിതത്തിലെ ഏടുകൾ മറിയത്തിൽനിന്ന് അറിയാനും ലൂക്കായ്ക്ക് കഴിഞ്ഞുവെന്നും പറയപ്പെടുന്നു. എ.ഡി 326 ൽ ഹെലേന രാജ്ഞി യേശുവിന്റെ കുരിശ് കണ്ടെടുത്ത കൂട്ടത്തിൽ ഈ ചിത്രവും ലഭിച്ചത്രേ. പോളണ്ടിന്റെ ചരിത്രത്തിൽ അനേകം യുദ്ധങ്ങളിലും ആക്രമണങ്ങളിലും അവർ മാതാവിന്റെ മധ്യസ്ഥത്തിനായി പ്രാർത്ഥിച്ചത് ബ്ലാക്ക് മഡോണയുടെ തിരുസവിധത്തിലാണ്. അത്ഭുതങ്ങളുടെ നീണ്ട നിര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.പോളണ്ടിന്റെ 1050-ാമത് മാമ്മോദീസ ജൂബിലി ആഘോഷമാണ് ദിവ്യബലിമധ്യേ അനുസ്മരിക്കപ്പെട്ടത്. പരിശുദ്ധ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലി. 966 ൽ പോളണ്ടിന്റെ സ്ഥാപകപിതാവായ ഡ്യൂക് മിയെസ്‌കോ മാമ്മോദീസ സ്വീകരിച്ചതിനെയാണ് ഇത് ആഘോഷത്തിലൂടെ അനുസ്മരിക്കുന്നത്. അദ്ദേഹം ഭരണാധികാരിയിരുന്നു എന്നതിനപ്പുറം, കത്തോലിക്കാ സഭയിലേക്ക് അനേകർ കടന്നുവരുന്ന ദുഃഖശനിയുടെ മാമ്മോദീസ ആയിരുന്നു അത്. അതായിരുന്നു പോളണ്ടിന്റെ ഭാവി നിശ്ചയിച്ചത്. ദിവ്യബലിമധ്യേ, കാനായിലെ കല്യാണവിരുന്നിനെക്കുറിച്ചാണ് പാപ്പ സംസാരിച്ചത്. ദൈവം വലിയ അത്ഭുതങ്ങളിലൂടെയല്ല പലപ്പോഴും പ്രവർത്തിക്കുന്നതെന്നും, മറിയമെന്ന സ്ത്രീയിലൂടെ ലളിതമായി കടന്നുവന്നതുപോലെ നമ്മുടെ ജീവിതത്തിലേക്കും കടന്നുവരാൻ ഇഷ്ടപ്പെടുന്നുവെന്ന ലളിതമായ ഓർമ്മപ്പെടുത്തൽ. ആകാശങ്ങളിലിരിക്കാൻ ഇഷ്ടപ്പെടുന്ന ദൈവമല്ല, കൂടെ വസിക്കാൻ താല്പര്യപ്പെടുന്ന ദൈവമാണ് അവിടുന്ന്... എല്ലാക്കാര്യങ്ങളും ലളിതമായും എളിമയോടെയും ചെയ്യുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർ്ഥിക്കാം.പീന്നീട്, പാപ്പ ഹെലികോപ്റ്ററിൽ ക്രാക്കോവിലേക്ക്. ക്രാക്കോവിലെ ബ്ലോണിയയിൽ ജോർദ്ദാൻ പാർക്കിൽ യുവജനങ്ങളുമൊത്തുള്ള ആഘോഷങ്ങളാണ് അടുത്തത്.Source: Sunday Shalom