News >> കൃതജ്ഞതാ സ്‌ത്രോത്രവുമായി ബൈബിൾ പകർത്തിയെഴുത്ത്
തൃശൂർ: ജീവിതത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് കൃതജ്ഞതാസ്‌തോത്രമായി ബൈബിൾ പകർത്തിയെഴുതിയിരിക്കുകയാണ് അതിരൂപതയിലെ പടവരാട് ഇടവകാംഗമായ ചിറയത്ത് കോനിക്കര ജോളി (60). 291 ദിവസങ്ങൾകൊണ്ടാണ് 59-ാം വയസിൽ ആരംഭിച്ച പകർത്തിയെഴുത്ത് പൂർത്തിയാക്കിയത്.2011-ൽ തൃശൂർ ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് ഡിവിഷൻ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ തസ്തികയിൽനിന്ന് വിരമിച്ചശേഷമാണ് സമ്പൂർണ ബൈബിൾ പകർത്തിയെഴുതുന്നതിനെക്കുറിച്ച് ജോളി ആലോചിച്ചത്. 60 വർഷവും കാത്തുപരിപാലിച്ച ദൈവത്തിന് പ്രതിനന്ദിയായിട്ടാണ് ജോളി ഈ എഴുത്തിനെ കണ്ടത്. അനുദിന ദിവ്യബലിയിൽ പ്രത്യേകം നിയോഗംവച്ച് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.ആകെ 848 എ-ഫോർ ഷീറ്റുകളാണ് ബൈബിൾ പകർത്തിയെഴുതാൻ ഉപയോഗിച്ചത്. ജപ്പാൻ പൈലറ്റ് ഹൈടെക് പോയിന്റ് ഫൈവ് ബ്ലാക്ക് പേനയാണ് എഴുതാൻ ഉപയോഗിച്ചത്. ഹൈടെക് ഇങ്ക് നാല് മില്ലി ബോട്ടിൽ ആറെണ്ണം എഴുതാനുപയോഗിച്ച മഷി. പഴയനിയമം എഴുതിത്തീർക്കാൻ 225 ദിവസവും പുതിയ നിയമം എഴുതാൻ 66 ദിവസവും എടുത്തു. ഒരു ദിവസം ശരാശരി നാലുമണിക്കൂർകൊണ്ട് സമ്പൂർണ ബൈബിളിലെ ആറ് പേജുകളാണ് എഴുതിയത്. ബൈബിൾ ബൈന്റ് ചെയ്ത് മനോഹരമാക്കിയത് ജോളിയുടെ സുഹൃത്തും മതാധ്യാപകനുമായ പൊന്നൂക്കര ജോസ് കണ്ണമ്പുഴയാണ്.35 വർഷമായി മതാധ്യാപകനാണ് ജോളി. പതിനാലാം വയസുമുതൽ പഠിപ്പിക്കാൻ തുടങ്ങിയ ജോളിക്ക് 25 വർഷത്തെ സർവീസ് അവാർഡും ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ് ജോളിമാസ്റ്റർ. പകർത്തിയെഴുതി ബൈന്റ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ബൈബിളിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രചോദനാത്മകമായി ആമുഖവരികൾ കുറിച്ചിട്ടുണ്ട്.സഹമതാധ്യാപകരും ഇടവകയിലെ കോൺവെന്റിലെ സിസ്റ്റർമാരും ബൈബിൾ പകർത്തിയെഴുതുമ്പോൾ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. ഒരിക്കൽ ഒരു ആശാരി വീട്ടിൽ പണിക്കു വന്നപ്പോൾ ജോളിമാസ്റ്ററുടെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരു ഹൈന്ദവനായിട്ടുപോലും ഇത് വലിയൊരു അനുഗ്രഹമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാ പ്രോത്സാഹനങ്ങളെക്കാളും ജോളിമാസ്റ്റർ വിലമതിക്കുന്നത് ഈ ഹൈന്ദവന്റെ സാന്നിധ്യമാണ്.ജോളിമാസ്റ്ററുടെ സഹോദരിയും ബൈബിൾ പകർത്തിയെഴുത്ത് തുടങ്ങിയിരുന്നു. എന്നാൽ നിയമാവർത്തനം വരെയേ അവർക്ക് ആവർത്തിക്കാനായുള്ളൂ. അവരുടെ പ്രോത്സാഹനവും ജോളിമാസ്റ്റർക്കുണ്ടായിരുന്നു. ബൈബിൾ പകർത്തിയെഴുതുമ്പോൾ അത് നിരുത്സാഹപ്പെടുത്താനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളുണ്ടായെങ്കിലും അതൊന്നും വിലപ്പോയില്ല. മതാധ്യാപകർക്കുവേണ്ടിയുള്ള ആപ്റ്റിറ്റിയൂട് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ലോഗോസ് ക്വിസ് മത്സരത്തിലും ജോളി മാസ്റ്റർ പങ്കെടുക്കാറുണ്ട്.ജോളി മാസ്റ്ററുടെ സഹോദരിമാരുടെ രണ്ടുമക്കൾ തൃശൂർ അതിരൂപതയിലെ വൈദികരാണ്. ഫാ. പ്രിൻസ് പൂവ്വത്തിങ്കൽ, ഫാ. ബിജു ആലപ്പാട്ട്. മറ്റൊരു സഹോദരി ഇറ്റലിയിലെ മൗണ്ട് കാർമൽ സന്യാസിനീ സമൂഹത്തിലെ സിസ്റ്ററാണ്. ഇവരുടെയൊക്കെ പ്രോത്സാഹനം ജോളിയുടെ ബൈബിൾ പകർത്തിയെഴുത്തിന് ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു കുടുംബയോഗം 'മക്കൾ സംഗമം' എന്ന പേരിൽ നടക്കുന്നുണ്ട്. അവിടെവച്ചാണ് പകർത്തിയെഴുതിയ ബൈബിൾ പ്രകാശനം ചെയ്തത്. 71 കുടുംബങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.റെക്‌സ് ബാൻഡ് ഡയറക്ടർ ഫാ. ആന്റണി ഉരുളിയാനിക്കൽ സി.എം.ഐ ജോളിയുടെ ബൈബിൾ പ്രതിയിൽ പ്രോത്സാഹജനകമായ വാക്കുകൾ കുറിച്ചിട്ടുണ്ട്. നിരവധി വൈദികരും സന്യസ്തരും ഈ ഉദ്യമത്തിന് അനുഗ്രഹവചസുകളുമായി എത്തിയിരുന്നു. ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് ഈ കയ്യെഴുത്ത് പ്രതി പൂർത്തിയാക്കാനായതെന്ന് ജോളിമാസ്റ്റർ പറയുന്നു.Source: Sunday Shalom