News >> വൈദികന്റെ കൊലപാതകം:കേരളത്തിലും കടുത്ത പ്രതിഷേധം, പ്രാർത്ഥന


ജൂലൈ 31 ന് സീറോ മലബാർ സഭ പ്രാർഥനാദിനമായി ആചരിക്കും

കൊച്ചി: വടക്കൻ ഫ്രാൻസിലെ ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികൻ ഷാക് ഹാമൽ മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളമെങ്ങും പ്രാർഥനയും പ്രതിഷേധ സമ്മേളനങ്ങളും നടന്നു. ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരെയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ 31 ന് സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാർഥന നടത്താനും സീറോ മലബാർസഭ തീരുമാനിച്ചു.

ഏതാനും നാളുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ആശങ്കയുണർത്തുന്നതാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറ ഞ്ഞു. കഴിഞ്ഞ ദിവസം വടക്കൻ ഫ്രാൻസിലെ ദൈവാലയത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ടിരുന്ന വൈദികൻ ഷാക് ഹാമൽ മൃഗീയമായി കൊല്ലപ്പെട്ട സംഭവം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്തു ഫ്രാൻസിൽത്തന്നെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഈ അക്രമങ്ങളിൽ നൂറോളം പേർ മരണമടഞ്ഞ കാര്യവും ഓർമിക്കണമെന്ന് അദേഹം സൂചിപ്പിച്ചു.

യമനിലെ ഏഡനിൽ പൗരോഹിത്യശുശ്രൂഷയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തിരോധാനം സംഭവിച്ചിട്ട് അഞ്ചു മാസമാവുന്നു. ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നത് ഉത്കണ്ഠ ഉളവാക്കുന്നു. ഈ അവസരത്തിൽ തന്നെ മിഷനറീസ് ഓഫ് ചാരിറ്റീസ് സമൂഹത്തിലെ നാലു സന്യാസിനികൾ ഉൾപ്പടെ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടതും മറക്കാവുന്നതല്ല. അച്ചന്റെ മോചനത്തിനായി വത്തിക്കാനും ഭാരതസർക്കാരും സിബിസിഐയും സലേഷ്യൻ സഭയും പരിശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിലും അതിന്റെ പൈതൃകത്തിലും ജീവിക്കുന്നവരെ വശത്താക്കി തീവ്രവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പ്രേരിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടാകുന്നുവെന്നതും ഗൗരവമായി കാണം. കർദിനാൾ വ്യക്തമാക്കി.

മതവിശ്വാസത്തെ തീവ്രവാദത്തിനുപയോഗിക്കുന്ന ഒരുവിഭാഗം ആളുകളുടെ ക്രൂരതയ്ക്കു മനുഷ്യസമൂഹം തലകുനിച്ചുനിൽക്കേണ്ട സാഹചര്യം ദയനീയമാണ്. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന പൊതുസമൂഹത്തിൽ, വിശ്വാസജീവിതം മുറുകെപ്പിടിക്കുന്നവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കണം. ഇത്തരം പ്രവണതകളെ സൂക്ഷ്മതയോടെ വീക്ഷിക്കാനും മതേതര മൂല്യങ്ങൾ മുറുകെപ്പിടിക്കാനും എല്ലാ മതങ്ങളിലുമുള്ള വിശ്വാസികൾക്കു സംരക്ഷണം നൽകാനും ഭരണകർത്താക്കൾക്കു കടമയുണ്ട്. കർദിനാൾ ഓർമ്മിപ്പിച്ചു.

വിശ്വാസികൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പേരിൽ മതവൈരമോ പരസ്പര വിദ്വേഷമോ വളർത്താതിരിക്കാൻ ഏവരും ശ്രദ്ധിക്കണം. തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ഭയപ്പെടാതെ വിശ്വാസബോധ്യത്തോടെ ഇതിനെ നോക്കിക്കാണാനാണു ക്രൈസ്തവർ ശ്രദ്ധിക്കേണ്ടത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്തു വളർന്നതാണു ക്രൈസ്തവവിശ്വാസം. വിശ്വാസം എന്നും സംരക്ഷിക്കപ്പെടാനും സഹനങ്ങളെ ധീരതയോടെ ഏറ്റെടുക്കാനും ലോകമെങ്ങും പീഡനമനുഭവിക്കുന്നവരുടെയും മറ്റെല്ലാ വിശ്വാസികളുടെയും സുസ്ഥിതിക്കു വേണ്ടിയും തീക്ഷ്ണമായി പ്രാർഥിക്കണം. കർദിനാൾ വ്യക്തമാക്കി.

കൊച്ചി: വൈദികനെ ഐഎസ് അനുഭാവി കൊലപ്പെടുത്തിയ സംഭവത്തെ സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അപലപിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാനും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, സീറോ മലബാർ സഭ മുഖ്യവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡോ. കുര്യാസ് കുമ്പളക്കുഴി, പി.സി. സിറിയക്, സാബു ജോസ്, അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. വി.പി. ജോസഫ്, ഡോ. അനിയൻ കുഞ്ഞ്, പി.ഐ. ലാസർ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, അഡ്വ. ബിജു പറയന്നിലം, അഡ്വ. ബിജു. പറയന്നിലം എന്നിവർ പ്രസംഗിച്ചു.

Source: Sunday Shalom