News >> ലത്തീൻ കത്തോലിക്ക മാധ്യമ സംഗമം ഇന്ന് (28-07-2016) ആശിർഭവനിൽ
കൊച്ചി: കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക മാധ്യമ സംഗമത്തിന് ഇന്ന് (ജൂലൈ 28) എറണാകുളം ആശിർഭവനിൽ തുടക്കമാകും. രണ്ടു ദിവസത്തെ മാധ്യമ ശുശ്രൂഷാ സംഗമം വൈകുന്നേരം അഞ്ചിന് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനത്തിൽ കെആർഎൽസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ അദ്ധ്യക്ഷനായിരിക്കും.ഹൈബി ഈഡൻ എംഎൽഎ മുഖ്യസന്ദേശം നൽകും. ചടങ്ങിൽ കേരള ടൈംസ് ദിനപത്രത്തിന്റെ മുൻ മാനേജിംഗ് എഡിറ്ററും പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ മോൺ. ജോർജ് വെളിപ്പറമ്പിലിനെ ആദരിക്കും. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കൊച്ചി കോർപറേഷൻ കൗൺസിലർ ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവർ സംബന്ധിക്കും. കെആർഎൽസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത് സ്വാഗതവും അസോസിയേറ്റ് സെക്രട്ടറി ബിജോ സിൽവേരി നന്ദിയും പറയും.6.30ന് 'കേരളസമൂഹത്തിലെ ചലനങ്ങൾ-മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും' എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ-സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കുന്ന പാനൽ ചർച്ച. റവ. ഡോ. പോൾ തേലക്കാട്ട്, എൻ. പി ചെക്കുട്ടി, ഷാജി ജോർജ്, അഡ്വ. ലാലി വിൻസെന്റ്, നിഷ ജെബി എന്നിവർ പങ്കെടുക്കും. രാത്രി ഒമ്പതിന് കൊച്ചിൻ ആർട്‌സ് ആന്റ് കമ്യൂണിക്കേഷൻസ് (സിഎസി) അവതരിപ്പിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ. സമാപന ദിവസമായ 29ന് രാവിലെ 7 മണിയ്ക്കുള്ള ദിവ്യബലിയിൽ പുനലൂർ രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് എസ്. ഡിക്രൂസ് മുഖ്യകാർമികനായിരിക്കും. കോട്ടപ്പുറം രൂപത എപ്പിസ്‌കോപ്പൽ വികാരി ഫാ. റോക്കി റോബി കളത്തിൽ വചനപ്രഘോഷണം നടത്തും. 8.45 ന് ജീവനാദം ചീഫ് എഡിറ്റർ ഇഗ്നേഷ്യസ് ഗൊൺസാൽവസ് നയിക്കുന്ന മാധ്യമ പഠനക്ലാസ്. വിഷയം-ചരിത്രവും നമ്മുടെ മാധ്യമ ദൗത്യവും. തുടർന്ന് രൂപതാതല ചർച്ച, ചോദ്യങ്ങളും പ്രതികരണങ്ങളും. കെആർഎൽസിബിസി ബിസിസി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആർബി മോഡറേറ്ററായിരിക്കും.തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ തയ്യാറാക്കിയ ഷോർട്ട്ഫിലിം പ്രദർശനവും, കേരള ലത്തീൻ പത്രപ്രവർത്തന ചരിത്രം സംബന്ധിച്ചുള്ള ചരിത്രപ്രദർശനവും ഈ സംഗമത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. ഒരു മണിയ്ക്ക് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ സമാപന സന്ദേശം നൽകും. വിവിധ രൂപതാ/സഭാതലത്തിൽ നിന്നായി ഇരുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുക്കുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത് വ്യക്തമാക്കി. 2017ൽ വല്ലാർപാടത്തു ചേരുന്ന മിഷൻ കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന മാധ്യമ ശ്രുശ്രൂഷാ സംഗമത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ട്. രൂപതാ മീഡിയ കമ്മീഷനുകളുടെ പ്രതിനിധികളും രൂപതാ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധികളും ക്ഷണിക്കപ്പെട്ട ലത്തീൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുമാണ് മാധ്യമ സംഗമത്തിൽ പങ്കെടുക്കുന്നത്.Source: Sunday Shalom