News >> മനുഷ്യന്‍റെ അയോഗ്യതയില്‍ യാഥാര്‍ത്ഥ്യമായ ദൈവിക ലാളിത്യം
ജൂലൈ 28 വ്യാഴാഴ്ച. പോളണ്ടില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടാം ദിവസം. ക്രാക്കോ നഗരപ്രാന്തത്തില്‍ ചെസ്റ്റൊകോവ അല്ലെങ്കില്‍ ജെസ്ന ഗോരയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ രാവിലെ പ്രാദേശിക സമയം 10-മണിക്ക് സമൂഹബലിയര്‍പ്പിച്ചു. ആയിരങ്ങള്‍ പങ്കെടുത്തു. പാപ്പാ നല്കിയ വചനവിചിന്തനം താഴെ ചേര്‍ക്കുന്നു:ഇന്നത്തെ വചനപരായണത്തില്‍ ഉടനീളം ഉയര്‍ന്നുവരുന്ന ദൈവികമായ ഒരു 'പൊന്‍നാമ്പു' കണ്ടെത്താം. അത് മനുഷ്യചരിത്രത്തിലേയ്ക്ക് കടന്നുവന്ന്, രക്ഷാകര ചരിത്രം ഭൂമിയില്‍ മനുഷ്യരുടെമദ്ധ്യേ മെനഞ്ഞെടുക്കുന്നു, നെയ്തെടുക്കുന്നു! കാലത്തികവില്‍ സ്ത്രീയിലൂടെ ദൈവം മനുഷ്യരുടെമദ്ധ്യേ അവതരിച്ചെന്നു പറയുമ്പോള്‍.. (ഗലാത്തി. 4, 4), ആ സമയത്തികവില്‍ രക്ഷ ഉള്‍ക്കൊള്ളാന്‍ മാനവരാശി സന്നദ്ധമായിരുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. സമാധാനത്തിന്‍റെയും പ്രത്യാശയുടെയും കാലമായിരുന്നില്ല അത്. അത് നന്മയുടെ 'സുവര്‍ണ്ണ കാല'വുമല്ലായിരുന്നു. തന്‍റെ ജനം അവിടുത്തെ സ്വീകരിച്ചില്ല, (യോഹ. 1, 11) എന്ന് യോഹന്നാന്‍ രേഖപ്പെടുത്തുന്നത് മാനവികതയുടെ അയോഗ്യതയാണ് വെളിപ്പെടുത്തുന്നത്.കാലത്തികവ് കൃപയുടെ ദാനമാണ്. ദൈവം നമ്മുടെ കാലഘട്ടത്തെ അവിടുത്തെ കാരുണ്യംകൊണ്ടു നിറയ്ക്കുന്നു. അതായത്, നമ്മളോടുള്ള സ്നേഹത്താല്‍ അവിടുന്ന് കാലത്തിന്‍റെ പുര്‍ണ്ണിമ മനുഷ്യരാശിയ്ക്ക് ലഭ്യമാക്കുന്നു. ദൈവം ഏങ്ങനെ മനുഷ്യചരിത്രത്തില്‍ പ്രവേശിച്ചു എന്നത് ശ്രദ്ധേയമാണ്. സ്ത്രീയില്‍നിന്നും ജാതനായി, എന്നു രേഖപ്പെടുത്തുന്നത് മനുഷ്യാവതാരത്തിന്‍റെ ലാളിത്യവും ലോലതയുമാണ് വെളിപ്പെടുത്തുന്നത്. ഏശയ്യായുടെ വാക്കുകളില്‍, ഭൂമിയെ നനച്ച ഒരു ചെറുമഴയായിരുന്നു അത് (ഏശ. 55, 10). പിന്നെ ചെറുവിത്തു മുളപൊട്ടി... വടവൃക്ഷമായി വളര്‍ന്നു പന്തലിച്ച്, അതിന്‍റെ ചുവട്ടില്‍ മനുഷ്യര്‍ തണല്‍തേടുന്നു... അതിന്‍റെ ശിഖരത്തില്‍ പറവകള്‍ കൂടുകെട്ടുന്നു...(മത്തായി 4, 31-32). അങ്ങനെ നമ്മുടെ ദൃഷ്ടിക്ക് ഗോചരമല്ലാത്ത വിധത്തിലാണ് ദൈവരാജ്യം ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകുന്നത് - ഏറെ താഴ്മയിലും... ലാളിത്യത്തിലും അതു ചുരുളഴിയുന്നു, യാഥാര്‍ത്ഥ്യമാകുന്നു.സുവിശേഷം... ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തിലെ മൂന്നാം ദിവസത്തെ കഥ പറയുന്നു. ഇതാ, ഗലീലിയായിലെ കാനാ എന്ന ചെറുഗ്രാമത്തിലെ കല്യാണവിരുന്നില്‍ 'രക്ഷയുടെ സമയം' പ്രഘോഷിക്കപ്പെടുന്നു. അത് മനുഷ്യര്‍ക്ക് ദൃശ്യവും അനുഭവേദ്യവുമാക്കപ്പെടുന്നു. അവിടെ, കാനാഗ്രാമത്തില്‍ ക്രിസ്തു പ്രവര്‍ത്തിച്ച ആദ്യാത്ഭുതമായിരുന്നു അത്. ആ ഗ്രാമത്തില്‍ കൊട്ടിഘോഷിക്കപ്പെടത്തക്ക പ്രകമ്പനങ്ങളൊന്നും ഉണ്ടായില്ല. ഒരു അത്ഭുത സംഭവമായിരുന്നു! അറിയപ്പെടാത്ത, സാധാരണ കുടുംബത്തിലെ കല്യാണത്തില്‍ വീഞ്ഞു തീര്‍ന്നുപോയി. മറിയം അതു ശ്രദ്ധിച്ചു. മകനോടു പറഞ്ഞു. ക്രിസ്തു വെള്ളം വീഞ്ഞാക്കി.വെള്ളം വീഞ്ഞായി മാറിയത്... വലിയ അടയാളമാണ്. കാരണം കല്യാണവിരുന്നില്‍ ദൈവത്തിന്‍റെ മണവാള മുഖം, ശ്രേഷ്ഠമായ മുഖകാന്തിയാണ്, കാരുണ്യവദനമാണ് വെളിപ്പെടുത്തപ്പെട്ടത്. നമ്മുടെകൂടെ വിരുന്നിരിക്കുകയും, നമ്മെ അറിയുകയും നമ്മോട് സംവദിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ രൂപം. നമ്മുടെ ചാരത്ത്, യാഥാര്‍ത്ഥ്യമാകുന്ന ദൈവികസാന്നിദ്ധ്യം (God who is near and real!). ശക്തിയോ പ്രാഭവമോ പ്രകടമാക്കാതെ, അത് എടുത്തു കാണിക്കാതെ, നമ്മുടെ കൂടെയായിരുന്നുകൊണ്ട്, നമ്മില്‍ ഒരുവാനായിരുന്നുകൊണ്ട് തന്‍റെ അനുപമമായ സൗന്ദര്യം ചെറുതായി വെളിപ്പെടുത്തുന്ന ദൈവം! തികച്ചും നമ്മുടെ മാനുഷികതയ്ക്ക് വിരുദ്ധമായി.. നമ്മുടെ പൊങ്ങച്ചത്തിന്‍റെയും ഊതിവീര്‍പ്പിച്ചു കാട്ടുന്ന പ്രകടനപരതയുടെയും, ശക്തിപ്രകടനത്തിന്‍റെയും ശൈലിക്ക് കടകവിരുദ്ധമായൊരു രീതി!...ലാളിത്യവും, സാമീപ്യവും യാഥാര്‍ത്ഥതയും, വാസ്തവികതകൊണ്ട് രക്ഷണീയത പ്രകടമാക്കുന്ന ദൈവം! ദൈവം തന്നെത്തന്നെ നിസ്സാരീകരിക്കുന്നു. അവിടുത്തെ വലിമ ചെറിമയായി ലഭ്യവും അനുഭവവേദ്യവുമാക്കുന്നു. ചെറിയവരെയും പാവങ്ങളെയും സ്നേഹിച്ചുകൊണ്ടും, അവരുടെ മദ്ധ്യേയായിക്കൊണ്ടുമാണ് ദൈവരാജ്യം ലോകത്ത് ദൃശ്യമായത്, അനുഭവേദ്യമായത് (മത്തായി 11. 25). അതാണ്... ദൈവപുത്രനായ ക്രിസ്തു!മറിയം ലോകത്തിന്... ദൈവിക സന്നിദ്ധ്യമാണ് തന്‍റെ എളിമയിലും ചെറിമയിലും... ലാളിത്യമാര്‍ന്ന മാതൃസാന്നിദ്ധ്യംകൊണ്ട് ദൈവരാജ്യത്തിന്‍റെ അനുഭവമാണ് മറിയം പങ്കുവയ്ക്കുന്നത്. ഇവിടെ പോളണ്ടില്‍ മാത്രമല്ല, ലോകത്ത് എവിടെയും ദൈവികസാന്നിദ്ധ്യത്തിന്‍റെ... ദൈവരാജ്യത്തിന്‍റെ കാലത്തികവ്, സമയത്തിന്‍റെ പൂര്‍ണ്ണിമ അനുഭവിക്കാന്‍ കന്യകാനാഥയുടെ മാധ്യസ്ഥ്യം നമുക്കു പ്രാര്‍ത്ഥിക്കാം. നമുക്കും അമ്മയെപ്പോലെ എളിമയില്‍ താഴ്മയില്‍.. ഹൃദയംതുറന്ന് അനുദിന ജീവിതത്തില്‍ നന്മചെയ്യാം. ജീവിത പരിസരങ്ങളില്‍ ദൈവിക കാരുണ്യവും സ്നേഹവും പ്രകടമാക്കാം.Source: Vatican Radio