News >> ചരിത്രസ്മരണകളില്‍ ഉയരാം കയ്പ്പേറിയ ഗതകാലം മറക്കാം : പാപ്പാ ഫ്രാന്‍സിസ് പോളണ്ടില്‍
ജൂലൈ 27-ാം തിയതി വ്യാഴാഴ്ച 15-മത് അപ്പസ്തോലിക പര്യടനത്തിന്‍റെ ഭാഗമായി പാപ്പാ ഫ്രാന്‍സിസ് പോളണ്ടിലെത്തി. വൈകുന്നേരം 4 മണിക്ക് ക്രാക്കോയില്‍ വിമാനമിറങ്ങിയ പാപ്പാ പ്രസിഡഷ്യല്‍ പാലസിലെ സ്വീകരണച്ചടങ്ങില്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്തു. പ്രസിസഡന്‍റിനും, മറ്റ് രാഷ്ട്രപ്രമുഖര്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും, പോളിഷ് ജനതയ്ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പോളണ്ടിലെ തന്‍റെ പ്രഥമ പ്രഭാഷണം ആരംഭിച്ചത്.ഓര്‍മ്മകള്‍ - ചരിത്രസ്മരണകള്‍ പോളിഷ് ജനതയുടെ മുഖമുദ്രയാണ്. പോളണ്ടിന്‍റെ പ്രിയ പുത്രന്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാതൃക പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. ഒരു ജനതയുടെ മാനുഷികവും ആത്മീയവുമായ സമ്പന്നത ചൂണ്ടിക്കാണിക്കാന്‍ എപ്പോഴും തന്‍റെ പ്രഭാഷണങ്ങള്‍ വിശുദ്ധന്‍ അവിടത്തെ ചരിത്രത്തില്‍നിന്നും ആരംഭിച്ചിരുന്നു. ഒരു ജനതയുടെ അനന്യതയെക്കുറിച്ച്, അല്ലെങ്കില്‍ തനിമയെക്കുറിച്ച് മനസ്സാക്ഷിയിലുള്ള അവബോധം ഏറെ പ്രധാനപ്പെട്ടതാണ്. അവിടെ മേല്‍ക്കോയ്മയോ, മേല്‍സംസ്ക്കാരമെന്നോ ചിന്തിക്കുന്ന കപടനാട്യത്തിനോ പ്രസക്തിയില്ല. ഒരു നാടിന്‍റെ തനതായ മതാത്മക, സാമ്പത്തിക, രാഷ്ട്രീയ, സമൂഹ്യ പൈതൃകത്തില്‍ വളരുന്നതിന് അന്യൂനതയെ തനിമയെ അംഗീകരിക്കുന്ന തുറവ് അത്യന്താപേക്ഷിതമാണ്. അങ്ങനെ സാമൂഹ്യ സാംസ്ക്കാരിക തലങ്ങളില്‍ ഒരു നാടിന്‍റെ സംസ്ക്കാരത്തനിമയുടെയും പാരമ്പര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അരൂപി ജനങ്ങളില്‍ എന്നും നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്. എന്നാല്‍ ഭാവി നന്മയ്ക്കുള്ള നവീകരണത്തിനും മാറ്റത്തിനുമുള്ള തുറവും ആവശ്യമാണ്. പോളണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്‍റെ 1050-ാം പിറന്നാള്‍ ഈ അരൂപിയില്‍ നിങ്ങള്‍ ആഘോഷിച്ചതാണ്. ആശയപരമായ വൈവിധ്യങ്ങള്‍ക്കിടയിലും പോളിഷ് ജനത സൂക്ഷിക്കുന്ന ദേശീയോത്ഗ്രഥനത്തിന്‍റെയും കൂട്ടായ്മയുടെയും മൂല്യമാണിത്. ഒരു ജനതയായി ഇനിയും പൊതുനന്മ ആര്‍ജ്ജിച്ചെടുക്കുന്നതിനുള്ള ആദ്യപടിയും ഇതുതന്നെയാണ്.സ്വന്തമായ അനന്യതയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അവബോധവും രാജ്യാന്തരതലത്തില്‍ പരസ്പര ആദരവും, ഫലവത്തായ സഹകരണവും വളര്‍ത്തിയെടുക്കാന്‍ സഹായകമാകും. തുറവുള്ള സംവാദം എവിടെയും ആരംഭിക്കുന്നത്, തന്നെക്കുറിച്ചു തന്നെയുള്ള വ്യക്തമായ ധാരണയില്‍നിന്നുമാണ്. വ്യക്തിപരമായും സാമൂഹികമായും രണ്ടുതരം ധാരണകള്‍ ഉണ്ടാകാം - ക്രിയാത്മകവും നിഷേധാത്മകവും.ദൈവത്തിന്‍റെ രക്ഷണീയ കര്‍മ്മങ്ങള്‍ പ്രകീര്‍ത്തിക്കുന്ന കന്യകാനാഥയുടെ സ്തോത്രഗീതം ക്രിയാത്മകമായ ചരിത്രസ്മരണയുടെ മകുടോദാഹരണമാണ്. മറിച്ച് മനസ്സിലും ഹൃദയത്തിലും മറ്റുള്ളവര്‍ ചെയ്ത തെറ്റുകളെ ഓര്‍ത്ത് വിദ്വേഷം പേറിനടക്കുന്നത് നിഷേധാത്മകമായ മനോഭാവമാണ്. അടുത്ത കാലത്ത് പോളണ്ടിലെ മെത്രാന്‍സമിതി ജര്‍മ്മനിയിലെ മെത്രാന്‍ സമിതിയോടു ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തിലെ അധര്‍മ്മങ്ങളെക്കുറിച്ചുള്ള അനുരഞ്ജനത്തിന്‍റെ 50-ാം വാര്‍ഷികം ആചരിച്ചത് ഏറെ ക്രിയാത്മകമായ ചരിത്രസംഭവം തന്നെയാണ്. സഭാതലത്തില്‍ തുടക്കമിട്ട രമ്യതയുടെ ഈ അടയാളത്തിലൂടെ, ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമൂഹ്യ രാഷ്ട്രീയ മതാത്മക സാംസ്ക്കാരിക ബന്ധത്തില്‍ സ്ഥായിയായതും ക്രിയാത്മകവുമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ മോസ്ക്കോയിലെ ഓര്‍ത്തഡോക്സ് സഭയും പോളണ്ടിലെ കത്തോലിക്കാ സഭയും ഇറക്കിയ സംയുക്തപ്രസ്താവനയും ഇത്തരുണത്തില്‍ അനുസ്മരണീയമാണ്. രണ്ടു സഭാസമൂഹങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും അടയാളമെന്നതിനെക്കാള്‍, രണ്ട് ജനതകളുടെ സഹവര്‍ത്തിത്വത്തിന്‍റെ പ്രതീകമാണതെന്ന് പാപ്പാ വിശേഷിപ്പിച്ചു.മോശമായ ഓര്‍മ്മകള്‍ മാറ്റിവച്ച് നല്ല സ്മരണകളില്‍ ചിറകുവിരിച്ച് ഉയരാമെന്ന് പോളിഷ് ജനത തെളിയിച്ചിട്ടുണ്ട്. ജനതകളുടെ ഭാഗധേയത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും പ്രത്യാശയുമാണ്, അടഞ്ഞ വാതിലുകള്‍ തുറക്കുവാനും, പ്രതിസന്ധികളെ വളരുവാനുള്ള അവസരങ്ങളാക്കി മാറ്റുവാനും, രക്ഷയില്ലെന്നു തോന്നുന്ന സാഹചര്യങ്ങളില്‍നിന്നുപോലും - നന്മയും നല്ലതും ഉരുത്തിരിയിക്കാനുമുള്ള ധൈര്യം നല്കി, നയിക്കും. ചരിത്രഘട്ടങ്ങളിലെ കാറ്റും കോളും അതിജീവിച്ച്, പോളിഷ് ജനത അന്തസ്സോടെ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. വിപ്രവാസത്തില്‍നിന്നും തിരിച്ചെത്തിയ യഹൂദജനത്തെപ്പോലെ നിങ്ങള്‍ക്കും പാടാം, "ദൈവം ഞങ്ങളെ സിയോനിലേയ്ക്കു തിരിച്ചുകൊണ്ടുവന്നു. അതൊരു സ്വപ്നംപോലെ തോന്നി. അന്നു ജനം പൊട്ടിച്ചിരിച്ചു. ആനന്ദാരവം മുഴക്കി, ദൈവം ഇതാ, നമുക്കായ് വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു" (സങ്കീ. 126, 1-2). കഴിഞ്ഞകാലത്ത് നേടിയ പുരോഗതിയെക്കുറിച്ചുള്ള അവബോധവും, ലക്ഷ്യങ്ങള്‍ പ്രാപിച്ചതിലുള്ള സന്തോഷവും ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനുള്ള ശക്തിയുടെ സ്രോതസ്സായി മാറുന്നു. മാനുഷിക ബന്ധങ്ങള്‍ മനുഷ്യാന്തസ്സില്‍ അധിഷ്ഠിതമായും, തീരുമാനങ്ങളും പ്രവൃത്തികളും ധാര്‍മ്മിക സമര്‍പ്പണത്തിലും സത്യത്തിലും അടിയുറച്ചതുമായിരിക്കുവാന്‍ ഏറെ ധീരത നമുക്കാവശ്യമാണ്. സാമൂഹികമായ എല്ലാത്തലങ്ങളിലും ധാര്‍മ്മികതയുടെ ധീരത ഒരു രാഷ്ട്രം പുലര്‍ത്തേണ്ടിയിരിക്കുന്നു, വിശിഷ്യാ ഇന്നിന്‍റെ സങ്കീര്‍ണ്ണമായ
കുടിയേറ്റ പ്രതിഭാസത്തിന്‍റെ മേഖലയില്‍.കുടിയേറ്റത്തിന്‍റെ മേഖലയെക്കുറിച്ചുള്ള ഭീതി അകറ്റി, നന്മചെയ്യണമെങ്കില്‍ ഏറെ അനുകമ്പയും വലിയ വിവേകവും വേണ്ടിയിരിക്കുന്നു. പോളിഷ് ജനതയുടെ തന്നെ കുടിയേറ്റത്തിന്‍റെയും കുടിയിറക്കത്തിന്‍റെയും കാരണങ്ങള്‍ ആദ്യം നാം വിലയിരുത്തണം, മനസ്സിലാക്കണം. യുദ്ധവും കലാപവും വിശപ്പുംമൂലം കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നവരെയും, അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരെയും, വിശ്വാസത്തെപ്രതി പുറംതള്ളപ്പെടുന്നവരെയും സന്നദ്ധതയോടെ സ്വീകരിക്കാന്‍ സഹാനുഭാവത്തിന്‍റെ മനോഭാവം ആവശ്യമാണ്. അതുപോലെ യുദ്ധത്തിന്‍റെയും അഭ്യന്തര കലാപത്തിന്‍റെയും പ്രതിസന്ധികളും, അതുകാരണമാക്കുന്ന ജനതകളുടെ വിപ്രവാസത്തെയും നിയന്ത്രിക്കാന്‍ നവമായ നിലപാടുകള്‍ രാജ്യാന്തരതലത്തില്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അതായത്, ക്രിസ്തീയവും മാനുഷികവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് മനുഷ്യയാതനകള്‍ ശമിപ്പിക്കാന്‍, വിവേകത്തോടും നീതിബോധത്തോടും സമാധാനവാഞ്ഛയോടുംകൂടെ പതറാതെ അക്ഷീണം കഴിവതു ചെയ്യണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഒരായിരം വര്‍ഷത്തെ ചരിത്ര സ്മരണകളുടെ വെളിച്ചത്തില്‍ ഭാവിയെ പ്രത്യാശയോടെ വീക്ഷിക്കാന്‍ പോളിഷ് ജനതയെ ക്ഷണിക്കുന്നു. സമൂഹത്തിലെ എല്ലാ ഘടകങ്ങളും സഖ്യങ്ങളും തമ്മില്‍ ക്രിയാത്മകമായ സംവാദത്തിന്‍റെയും പരസ്പരാദരവിന്‍റെയും പാത സ്വീകരിക്കാന്‍ ഈ ഒരു കാഴ്ചപ്പാട് സഹായിക്കും. രാഷ്ട്രീയവും സാമ്പത്തികവും ജനസംഖ്യാപരവുമായ വളര്‍ച്ച സാധിതമാക്കുവാനും, വരും തലമുറയ്ക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുവാനും ഈ നയം സഹായകമായിരിക്കും. യുവതലമുറയെ പ്രതിസന്ധികളുടെ ഭാരം പേറുന്നവരാക്കി മാറ്റാതെ, സൃഷ്ടിയുടെ മനോഹാരിതയും നന്മയും ആസ്വദിച്ച് പ്രത്യാശയില്‍ മുന്നേറാന്‍ നമുക്കവരെ സഹായിക്കാം. അതുപോലെ രാഷ്ട്രത്തിന്‍റെ സാമൂഹിക നിലപാടുകള്‍ സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബത്തെ തുണയ്ക്കുന്നതായിരിക്കട്ടെ! അതുപോലെ പാവപ്പെട്ട കുടുംബങ്ങളെ തുണയ്ക്കുന്നതും അവരുടെ അന്തസ്സു നിലനിര്‍ത്തുന്ന സാമൂഹ്യ നിലപാടുകളും രാഷ്ട്രം കൈക്കൊള്ളേണ്ടതാണ്. ഉത്തരവാദിത്വത്തോടെ ജീവനെ അതിന്‍റെ ഉല്പത്തി മുതല്‍ അവസാനം മരണംവരെ പരിപോഷിപ്പിക്കുന്നതും വളര്‍ത്തുന്നതുമായിരിക്കണം രാഷ്ട്രത്തിന്‍റെ നയം. ഗൗരവകരമായ പ്രതിസന്ധയില്‍ അകടപ്പെട്ട കുടുംബങ്ങളെ സഹായിക്കേണ്ടത് രാഷ്ട്രത്തിന്‍റേതെന്ന പോലെ, സഭയുടെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്വമാണ്. അങ്ങനെ പാവങ്ങളെയും പാര്‍ശ്വത്ക്കരിക്കപ്പെട്ടവരെയും, അത് ഒരു കുഞ്ഞായിരുന്നാല്‍പ്പോലും ഭാരമായി കാണാതെ, ദൈവികദാനമായി കണ്ട് പരിപോഷിപ്പിക്കേണ്ടതാണ്. ചരിത്രത്തില്‍ ഉടനീളം സഭയോടു ചേര്‍ന്നുനിന്നിട്ടുള്ള പോളണ്ടിന് ഇനിയും അതിന്‍റെ പിന്‍തുണയില്‍ ആശ്രയിക്കാം. അങ്ങനെ പ്രതിസന്ധികളുടെ ഇക്കാലഘട്ടത്തിലും, ക്രിസ്തീയമൂല്യങ്ങളുടെ വെളിച്ചത്തില്‍ ഇന്നാടിന്‍റെ തനിമയും ചരിത്രവും ലോലമായ പാരമ്പര്യങ്ങളും പരിരക്ഷിച്ച് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറാന്‍...ഇന്നാടിനു സാധിക്കട്ടെ! പൊതുനന്മ നിലനിര്‍ത്തുന്നതിലുള്ള ഉദ്യമത്തില്‍ നന്ദിയോടെ സകലര്‍ക്കും ഭാവുകങ്ങളും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.Source: Vatican Radio