News >> കുടുംബസന്തുഷ്ടിക്കുള്ള സൂത്രം : ദയവായി...Please, നന്ദി...thanks, ക്ഷമിക്കണം...Sorry!
ജൂലൈ 28 വ്യാഴം രാത്രി 8 മണിക്ക് പോളണ്ടിലെ ആ ദിവസത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി. പ്രാര്‍ത്ഥിനയ്ക്കും രാത്രി വിശ്രമത്തിനും പോകും മുന്‍പ് താമസസ്ഥലമായ ക്രാക്കോ മെത്രാസന മന്ദിരത്തിലെ ചത്വരത്തില്‍ ആവേശത്തോടെ കാത്തുനിന്നു യുവതീയുവാക്കളെ പാപ്പാ അഭിസംബോധനചെയ്തു:സമ്മേളിച്ചിരിക്കുന്ന ധാരാളം യുവജനങ്ങള്‍ക്ക് ഇവിടെ സ്പാനിഷ് അറിയാമെന്നു കേട്ടു. അതിനാല്‍ ഇന്ന് സ്പാനിഷില്‍ സംസാരിക്കാം. ക്രാക്കോ മെത്രാസന മന്ദിരത്തിന്‍റെ ചത്വരിത്തില്‍ ധാരാളം നവദമ്പതിമാര്‍ എത്തിയിട്ടുണ്ടെന്നും അറിഞ്ഞു. അതിയായ സന്തോഷം! ചെറുപ്പാര്‍ വിവാഹിതരാകുന്നത്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വിവാഹിതരായി എന്നു കേള്‍ക്കുന്നത് എനിക്കേറെ സന്തോഷകരമാണ്. കാരണം നിങ്ങള്‍ ജീവിതത്തില്‍ ഉറച്ചൊരു തീരുമാനത്തില്‍ എത്തുകയാണ്. ആജീവനാന്തം കുടുംബമായി ജീവിക്കാനുള്ള തീരുമാനം! നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. ധൈര്യമായി മുന്നോട്ടു പോവുക!
വിവാഹിതര്‍ പറയാറുണ്ട്, മുന്നോട്ടു പോകുന്തോറും ജീവിതത്തില്‍ പ്രതിസന്ധികളാണെന്ന്. മൂന്നു ചെറിയ വാക്കുകള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം. മൂന്നു സൂത്രവാക്കുകള്‍ - അവ നിങ്ങളെ സഹായിക്കും. എന്നും സൂക്ഷിക്കാവുന്ന ലളിതമായ, എന്നാല്‍ മനോഹരമായ വാക്കുകളാണവ ! ദയവായി...Please, നന്ദി...thanks, ക്ഷമിക്കണം...Sorry! അനുദിനം കുടുംബജീവിതത്തിലെ സംഭാഷണങ്ങളില്‍ ഈ വാക്കുകള്‍ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കണം.1. ദമ്പതിമാര്‍ - ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും ആദരവോടെ സംസാരിക്കാന്‍ സാധിക്കട്ടെ. എന്താണ് ദയവായി, നിങ്ങള്‍ ചിന്തിച്ചിരിക്കുന്നത്? ദയവായി, നമുക്ക് ഇങ്ങനെ ചെയ്യാമല്ലേ?, ദയവായി, എന്നെ അങ്ങനെ കൊച്ചാക്കല്ലേ...!! എന്നുള്ള പ്രയോഗങ്ങള്‍ അനുദിന കുടുംബചുറ്റുപാടുകളില്‍ അഭികാമ്യമാണ്.
2. രണ്ടാമതായി പരസ്പരം നന്ദിയുള്ളവരായിരിക്കുക. നിങ്ങള്‍ക്ക് നന്ദി...! എന്ന് ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ആവശ്യംപോലെ പറയണം. എത്ര പറഞ്ഞാലും അത് അധികമാവില്ല. കാരണം വിവാഹം പാരസ്പരികതയുടെ കൂദാശയാണ്. കൗദാശിക ബന്ധം നിലനിര്‍ത്താനുള്ള നല്ല മാര്‍ഗ്ഗമാണ് ഈ നന്ദിപറച്ചില്‍, പരസ്പരമുള്ള നന്ദിയുടെ ആദരപൂര്‍വ്വകമായ പെരുമാറ്റവും ജീവിതത്തെ സന്തുഷ്ടമാക്കും.
3. ക്ഷമയാണല്ലോ മൂന്നാമത്തെ വാക്ക്. ഉച്ചരിക്കാന്‍പോലും ബുദ്ധിമുട്ടുള്ള വാക്കാണല്ലേ ഇത്!? കുടുംബ പശ്ചാത്തലത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ ഏറെ സാദ്ധ്യതകളുണ്ട്. ഇതു മനസ്സിലാക്കി നാം പരസ്പരം അംഗീകരിക്കുകയും, അങ്ങും ഇങ്ങും മാപ്പുചോദിക്കുകയും വേണം. തെറ്റുകള്‍ക്ക് മാപ്പുചേദിക്കുന്നതാണ് ഉത്തമം, അത് മഹത്തുക്കളുടെ ലക്ഷണവുമാണ്.
നവദമ്പതിമാരും, ആസന്നഭാവിയില്‍ ദമ്പതിമാരാകേണ്ടവരും ഇവിടെയുണ്ടെന്ന് അറിയാം. ഈ മൂന്നു വാക്കുളും നിങ്ങള്‍ ഉദാരമായി ഉപയോഗിക്കുക. അതു ജീവിതത്തെ മെച്ചപ്പെടുത്തും. നമുക്ക് ഒരുമിച്ചു പറഞ്ഞു നോക്കാം... ദയവായി... നന്ദി.. ക്ഷമിക്കണേ..! എല്ലാവരും പാപ്പാ ഉദ്ബോധിപ്പിച്ച കുടുംബജീവിതത്തിന്‍റെ സൂത്രവാക്കുകള്‍ ആവേശത്തോടെയും ഉറക്കെയും ഏറ്റുപറഞ്ഞു. കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ പതിവാണ്. അവയെ ചൊല്ലി തര്‍ക്കങ്ങളും!. തര്‍ക്കം മൂത്ത് പലപ്പോഴും ഒച്ചയും ബഹളവും പിന്നെ കലഹവുമുണ്ടാകാം. ചിലപ്പോള്‍ പാത്രങ്ങള്‍ 'പറക്കുന്നതും' പതിവാണ്! പേടിക്കരുത്!! അങ്ങനെ സംഭവിച്ചാലും.., രമ്യപ്പെടാതെ ആ ദിവസം അവസാനിക്കാന്‍ ഇടയാകരുത്. അന്നു തന്നെയെന്നു പറയാന്‍ കാരണം... കുടുംബത്തിലെ ശീതസമരം നാളത്തേയ്ക്കു വയ്ക്കുന്നത് അപകടകരമാണ്. നിങ്ങള്‍ ഉള്ളില്‍ ചോദിക്കുന്നുണ്ടാകാം... പാപ്പാ ഫ്രാന്‍സിസ്, ഏങ്ങനെ ഞങ്ങള്‍ സമാധാനപ്പെടും..? അത എങ്ങനെ സാധിക്കും? അതിന് വലിയ സംഭാഷണമോ, സംവാദമോ വേണ്ട! നിങ്ങള്‍ക്ക് ഇണങ്ങിയ ഒരു ആംഗ്യം കാട്ടിയാല്‍ മതി! സമാധാനം ഉടന്‍ നേടിയിരിക്കും.. വേണമെങ്കില്‍ നിങ്ങള്‍ തമ്മിലൊന്ന് ആലോചിച്ചു നോക്ക്! പരസ്പരം ചോദിച്ചു നോക്ക്!? സ്നേഹമുള്ളിടത്ത്, സ്നേഹത്തിന്‍റെ അടയാളങ്ങള്‍ പെട്ടന്ന് ഉണ്ടാകും.
ആശീര്‍വാദത്തിനു മുന്‍പ് ഇവിടെ സന്നിഹിതരായിരിക്കുന്ന നവദമ്പതിമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അതുപോലെ കുടുംബങ്ങള്‍ക്കുവേണ്ടിയും... വിവാഹിതരാകാന്‍ പോകുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. എല്ലാവരും അവരവരുടെ ഭാഷകളില്‍ നന്മനിറഞ്ഞ മറിയമേ! എന്ന പ്രാര്‍ത്ഥന ഉരുവിട്ടു.ആശീര്‍വ്വാദത്തെ തുടര്‍ന്ന്, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറുന്നുപോകരുതേ! പ്രത്യേകം പ്രാര്‍ത്ഥിക്കണം, എന്ന് പാപ്പാ യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് നല്ലൊരു രാത്രി നേര്‍ന്നുകൊണ്ട്.. ജാലകത്തില്‍നിന്നും പാപ്പാ മന്ദസ്മിതത്തോടെ വിരമിച്ചു. Source: Vatican Radio