News >> നിങ്ങളില്ലാത്ത സഭയെക്കുറിച്ച് ചിന്തിക്കാനാവില്ല


വത്തിക്കാൻ സിറ്റി: പ്രാർത്ഥനയ്ക്കും സമൂഹങ്ങളുടെ കേന്ദ്രീകരണത്തിനും ഊന്നൽ നൽകുന്ന പുതിയ അപ്പസ്‌തോലിക പ്രമാണരേഖ മിണ്ടാമഠങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ചു. നിങ്ങളില്ലാത്ത സഭയെക്കുറിച്ച് ചിന്തിക്കാനാവില്ല എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പ്രമാണരേഖയിൽ ആവൃതിജീവതം നയിക്കുന്ന സന്യാസിനിമാരുടെ ആത്മപരിത്യാഗത്തെ മാർപാപ്പ പ്രശംസിച്ചു.

ആവൃതിജീവതത്തിലെ ദിനചര്യകളുളവാക്കുന്ന വിരസതയും ഊർജ്ജരാഹിത്യവും ഉദാസീനതയുമാകുന്ന പ്രലോഭനങ്ങളോടൊപ്പം ആധുനിക സംസ്‌കാരത്തിന്റെ സ്വാധീനങ്ങളും ജാഗ്രതയോടെ അതിജീവിക്കണമെന്ന് പാപ്പ ഓർമിപ്പിച്ചു. ഇന്നത്തെ സാംസ്‌കാരിക കാലാവസ്ഥയിൽനിന്ന് ആവൃതിക്കുള്ളിലെ സമൂഹങ്ങളും മുക്തമല്ല. ആധുനികവാർത്താമാധ്യമങ്ങളെുടെ സാധ്യതകളെ അംഗീകരിക്കുന്നതോടൊപ്പം വിവേകത്തോടെയുളള വിവേചനം അവയുടെ ഉപയോഗത്തിൽ ഉണ്ടാകണം. സമയം പാഴാക്കുന്നതിനോ സാഹോദര്യകൂട്ടായ്മയുടെ ആവശ്യങ്ങളിൽനിന്ന് ഓടി ഒളിക്കുവാനോ ഉള്ള ഉപാധിയായി അവ മാറരുത്; രേഖയിൽ വിശദീകരിക്കുന്നു.

ധ്യാനത്മക സന്യാസജീവിതം അമൂല്യവും സഭയ്ക്ക് ഒഴിച്ചുകൂടാനാവത്തതുമായ പരിശുദ്ധാത്മാവിന്റെ ദാനമാണെന്നും അത് ജീവതത്തിന്റെ ആത്യന്തിക അർത്ഥത്തെ ഓർമപ്പെടുത്തുന്ന ചൂണ്ടുപലകയാണെന്നും ദൈവത്തിന്റം മുഖം തേടുക എന്ന അപ്പസ്‌തോലിക പ്രമാണികരേഖയിൽ ഫ്രാൻസിസ് മാർപാപ്പ തുടരുന്നു. ഈ ജീവിതശൈലി പിന്തുരുന്ന സന്യാസിനിമാരുടെ വിളിയുടെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുവാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 12 മേഖലകളിൽ പുതിയ മാർഗനിർദേശങ്ങൾ പാപ്പ പ്രമാണരേഖയിലൂടെ നൽകുന്നു.

രൂപീകരണം, പ്രാർത്ഥന, ദൈവവചനം, കൂദാശകളായ ദിവ്യകാരുണ്യവും കുമ്പസാരവും, സമൂഹത്തിലെ സാഹോദര്യജീവിതം, സ്വാശ്രയത്വം, ഫെഡറേഷൻ, ആവൃതി, ജോലി, നിശബ്ദത, സമ്പർക്ക മാധ്യമങ്ങൾ, തപസ് തുടങ്ങിയമേഖലകളിലാണ് ധ്യാനാത്മക ജീവിതശൈലി പിന്തുടരുന്ന സന്യാസസമൂഹങ്ങൾക്കുള്ള മാർഗരേഖ നൽകിയിരിക്കുന്നത്. പുതിയ അപ്പസ്‌തോലിക പ്രമാണരേഖയുടെയും കാനൻ നിയമത്തിലെ കാനൻ 20ന്റെയും വെളിച്ചെത്തിൽ പുതിയ രേഖയ്ക്ക് വിരുദ്ധമായ കാനൻ നിയമങ്ങൾ അസാധുവാകുമെന്ന് മാർപാപ്പ വ്യക്തമാക്കി. അപ്പസ്‌തോലിക പ്രമാണരേഖയ്ക്കനുസൃതമായ പുതിയ നിയമങ്ങൾ സന്യാസസമൂഹങ്ങൾക്കും അപ്പസ്‌തോലിക്ക് സൊസൈറ്റീസിനുമായുള്ള തിരുസംഘമാവും ക്രോഡീകരിക്കുന്നത്. തുടർന്ന് കാനൻ നിയമങ്ങളിലും ഇതിനനുസരണമായ ഭേദഗതിയുണ്ടാകും.

Source: Sunday Shalom