News >> ഏറ്റവും പ്രധാന പ്രാർത്ഥനയേതാണ്?


വത്തിക്കാൻ സിറ്റി: 'പിതാവേ, ഞങ്ങൾക്ക് പരിശുദ്ധാത്മാവിനെ തരണമെ' എന്ന പ്രാർത്ഥന ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ത്രികാലജപം നയിക്കുന്നതിന് മുമ്പായി യേശു സ്വർഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ശിഷ്യൻമാരെ പഠിപ്പിച്ച വചനഭാഗം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ വിശ്വാസികൾക്ക് വിശദീകരിച്ചപ്പോഴാണ് പാപ്പ പരിശുദ്ധാത്മാവിന് വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്.

'പിതാവെ' എന്ന് ദൈവത്തെ വിളിച്ചപേക്ഷിക്കാൻ യേശുവാണ് ശിഷ്യൻമാരെ പഠിപ്പിച്ചത്. യേശുവിന്റെ പ്രാർത്ഥനയുടെ രഹസ്യമാണിത്. അത് അവിടുന്ന് തന്നെ നമുക്ക് വെളിപ്പെടുത്തി. പിതാവുമായുള്ള വിശ്വസ്തബന്ധത്തിലായിരുന്നുകൊണ്ട് സംഭാഷണത്തിലായിരിക്കുവാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു; പാപ്പ പങ്കുവച്ചു.

പിതാവെ എന്ന് വിളിച്ചുകൊണ്ട് രണ്ട് യാചനാ പ്രാർത്ഥനാകളാണ് യേശു ഉയർത്തുന്നത്. അങ്ങയുടെ നാമം പൂജിതമാകണമെന്നും അങ്ങയുടെ രാജ്യം വരണമെന്നുമുള്ള അപേക്ഷകളാണത്. ഒരു ക്രിസ്ത്യാനിയുടെ പ്രാർത്ഥന ഒന്നാമതായി ദൈവത്തിന് സ്ഥലം കൊടുക്കുന്നതായിരിക്കണം. അതിലൂടെയാണ് അവിടുത്തെ പരിശുദ്ധി നമ്മിൽ പ്രകടമാകുന്നതും അവിടുത്തെ സ്‌നേഹത്തിന്റെ കർതൃത്വം നമ്മുടെ ജീവിതത്തിലേക്ക് കൂടി വ്യാപിക്കുന്നതും. അടുത്ത മൂന്ന് യാചനകൾ നമ്മുടെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. ഭക്ഷണം, ക്ഷമ, പ്രലോഭനങ്ങളിൽ സഹായം എന്നിവ; പാപ്പ വിശദീകരിച്ചു.

പ്രാർത്ഥനയിൽ ഞാനും ദൈവവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ഒന്നിച്ച് പൊരുതുകയാണെന്ന് പാപ്പ തുടർന്നു. നമ്മുടെ കൈയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് പ്രാർത്ഥന. ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന പലപ്പോഴും നമ്മൾ വിസ്മരിച്ചു പോകാറുണ്ട്. വചനത്തിൽ യേശു ഇപ്രകാരം പറയുന്നു- 'ദുഷ്ടരായ നിങ്ങൾക്ക് മക്കൾക്ക് നല്ല ദാനങ്ങൾ നൽകുവാൻ അറിയാമെങ്കിൽ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് എത്ര അധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല' .അതെ, പരിശുദ്ധാത്മാവിന് വേണ്ടി നാം പ്രാർത്ഥിക്കണം. പിതാവെ, ഞങ്ങൾക്ക് പരിശുദ്ധാത്മാവിനെ നൽകണമെ എന്നത് എത്ര മനോഹരമായ പ്രാർത്ഥനയാണ്. പരിശുദ്ധാത്മാവിന് വേണ്ടി എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടതെന്ന് പരിശുദ്ധ മറിയം തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു; പാപ്പ പങ്കുവച്ചു.

Source: Sunday Shalom