News >> മാതാപിതാക്കളുടെ അശ്രദ്ധ മക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു


ബംഗ്ലാദേശ് : മാതാപിതാക്കൾ മക്കളെ ശരിയായ രീതിയിൽ ശ്രദ്ധിക്കാത്തതിനാലാണ് യുവാക്കൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വഴിമാറി പോകുന്നതെന്ന് ബംഗ്ലാദേശിലെ രാജ്ഷാഹി രൂപതയുടെ ബിഷപ്പ് ഗിർവാസ് റോസാരിയോ. കുട്ടികളുടെ മാനസിക അവസ്ഥയെ കുറിച്ചോ അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ചോ മാതാപിതാക്കൾ ശ്രദ്ധിക്കാത്തതും പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുന്നു. പണം മാത്രം കുട്ടികൾക്കു നൽകുന്ന രക്ഷിതാക്കൾ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം തെറ്റിധാരണകളാണ് കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നത്. ധാക്കയിൽ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.

പണം മാത്രം നാം കുഞ്ഞുങ്ങൾക്ക് നൽകുന്നു. അവരുടെ എല്ലാ ആവശ്യങ്ങളും നാം നിറവേറ്റുന്നു. എന്നാൽ അവരുടെ പ്രശ്‌നങ്ങളിലേക്ക് നാം കടന്നു ചെല്ലുന്നില്ല. കുട്ടികളുടെ മേലുള്ള നമ്മുടെ ശ്രദ്ധകുറവ് മറ്റുള്ളവർ അവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന സാഹചര്യം രൂപപ്പെടുത്തുന്നു. ഇത് അവരെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നു. അക്രമങ്ങൾ തങ്ങളെ സ്വർഗത്തിൽ എത്തിക്കുമെന്ന തെറ്റായ ചിന്ത അവർ പൂർണമായും വിശ്വസിക്കുന്നു. ഇതിനെ ദേശീയമായ ഒരു പ്രശ്‌നമായി കാണുവാൻ നമ്മൾ തയാറാകണമെന്നും ബിഷപ്പ് പറഞ്ഞു.

ജൂലൈ ഒന്നാം തീയതി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ ഏഴു തീവ്രവാദികളുടെയും പ്രായം 20നും 22നും ഇടയിലായിരുന്നു. ബംഗ്ലാദേശ് സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രധാന നേതാവിന്റെ മകനും തീവ്രവാദികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന വാർത്ത ജനങ്ങളിൽ അമ്പരപ്പുളവാക്കി.

കൊല്ലപ്പെട്ട എല്ലാ തീവ്രവാദികളും ധനിക കുടുംബങ്ങളിലെ അംഗങ്ങളാണ്. മികച്ച സ്വകാര്യ സ്‌കൂളുകളിൽനിന്നും വിദ്യാഭ്യാസം ലഭിച്ചവരാണ് ഇവർ.

ആക്രമണത്തെ അപലപിച്ച മുസ്ലീം ബംഗ്ലാദേശി നേതാക്കളുടെ കൂടെ തീവ്രവാദത്തെ എതിർക്കുവാൻ യോജിച്ച് പ്രവർത്തിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.

Source: Sunday Shalom