News >> ജൂഡിത് ഡിസൂസയുടെ മോചനം; കൃതജ്ഞതയോടെ ഒരു ഇടവക
കൊൽക്കത്ത: അഫ്ഗാനിസ്ഥാനിൽനിന്നും ഭീകർ തട്ടിക്കൊണ്ടുപോയ ജൂഡിത് ഡിസൂസയുടെ മോചന വാർത്ത കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചപ്പോൾ രാജ്യം ഏറെ ആശ്വാസത്തോടെയാണ് അതിനെ എതിരേറ്റത്. കൊൽക്കത്തയിലെ സിഐടി റോഡിലുള്ള ഔവർ ലേഡി ഓഫ് ഫാത്തിമ ദൈവാലയത്തിൽ ആ സമയം തന്നെ കൃതജ്ഞതാ പ്രാർത്ഥനകൾ ആരംഭിച്ചിരുന്നു. ഒരു ഇടവകയുടെ 44 ദിവസത്തെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ച സമയമായിരുന്നത്.നന്ദി പ്രകാശനവും ആരാധനകളുമായി ഒരു ദിവസം ചെലവഴിക്കാനാണ് ഇടവക സഹവികാരി ഫാ. പ്രദീപിന്റെയും യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെയും ഇടവകക്കാരുടെയും തീരുമാനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽനിന്ന് ജൂൺ ഒമ്പതിനാണ് ജീവകാരുണ്യ പ്രവർത്തകയായ കൊൽക്കത്ത സ്വദേശിനി 40-കാരി ജൂഡിത്തിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. ഒരു പരിപാടി കഴിഞ്ഞ് രാത്രിയിൽ തിരിച്ചുവരുന്ന വഴിക്ക് വാഹനം തടഞ്ഞുനിർത്തി തട്ടി ക്കൊണ്ടുപോകുകയായിരുന്നു.ഇടവകയിലെ യൂത്ത് അസോസിയേഷന്റെ സജീവ പ്രവർത്തകയും ആനിമേറ്ററുമായിരുന്നു ജൂഡിത്ത് ഡിസൂസ. ഇടവകയുടെ എല്ലാക്കാര്യങ്ങളിലും ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ജൂഡിത്ത് എന്ന് ഫാ. പ്രദീപ് ഓർക്കുന്നു. കിഡ്‌നി രോഗത്തെ തുടർന്ന് ജൂഡിത്തിന്റെ പിതാവ് ബെൻസിൽ ഡിസൂസക്ക് സ്ഥിരമായി ഡയാലിസിസ് ആവശ്യമുണ്ട്. ഒരു പ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന സമയത്ത് വിശുദ്ധ കുർബാന നൽകുന്നതിനായി ജൂഡിത്തിനൊപ്പം ആശുപത്രിയിൽ പോയ സംഭവും തിരികെ വരുന്ന വഴിക്ക് അഫ്ഗാനിസ്ഥാനിലെ അനുഭവങ്ങൾ പങ്കുവച്ചതും ഫാ. പ്രദീപിന്റെ ഓർമയിലുണ്ട്.ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആയിരിക്കുമ്പോഴും ഇടവകയിലെ യൂത്ത് അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി ഇ-മെയിലിലൂടെ നിരന്തമായി ബന്ധപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഞങ്ങൾക്കൊരു ഗ്രൂപ്പുണ്ട്. അതിലൂടെ എല്ലാ കാര്യങ്ങളിലും അഭിപ്രായം തേടുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് ജൂഡിത്ത് ഞങ്ങളുടെ അടുത്തില്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല; യൂത്ത് അസോസിയേഷൻ പ്രസിഡന്റ് ആന്റണി മാജി പറഞ്ഞു.യൂവജന കൂട്ടായ്മയിലെ ഓരോരുത്തരുടെയും മനസിൽ മുതിർന്ന സഹോദരിയുടെ സ്ഥാനമാണ് ജൂഡിത്തിന്. ഉന്നത വിദ്യാഭ്യാസവും ലോകപരിചയവും അവരുമായി പങ്കുവയ്ക്കുന്നതിനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും വ്യക്തിപരമായി തങ്ങളെ മോട്ടീവേറ്റ് ചെയ്തതിന്റെ അനുഭവങ്ങൾ അവർക്ക് ഓരോരുത്തർക്കും പങ്കുവയ്ക്കുവാനുണ്ട്. "ശരികൾക്കുവേണ്ടി വാദിക്കാൻ എന്നെ പ്രാപ്ത യാക്കിയത് എന്റെ റോൾമോഡലായ ജൂഡിത്താണ്." യൂത്ത് അസോസിയേഷൻ പ്രവർത്തകയായ സു ദേഷ്‌ന പറയുന്നു. അതുകൊണ്ടുതന്നെ ജൂഡിത്തിനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ജൂഡിത്തിന്റെ മോചനത്തിനായി അവർ ദിവസങ്ങളായി പ്രാർത്ഥനയിലായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജൂഡിത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കകൾ തങ്ങളെ കീഴടക്കിയ വിവരവും സുഹൃത്തുക്കൾ മറച്ചുവയ്ക്കുന്നില്ല.നിരന്തരമായ സംഘർഷങ്ങൾവഴി തകർന്നുപോയ കാബൂളിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലകളുടെ പുനഃരുജ്ജീവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഖാൻ ഫൗണ്ടേഷനിലായിരുന്നു ജൂഡിത് പ്രവർത്തിച്ചിരുന്നത്. 700 കോടി ഡോളറിന്റെ പദ്ധതികളായിരുന്നു ഈ സന്നദ്ധസംഘടനയുടേത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ജൂഡിത്തിന് ജോലി ആയിരുന്നില്ല. മറിച്ച്, ജീവിതത്തിന്റെ ഭാഗമായിരുന്നു. ജൂഡിത്ത് തടവിലാക്കപ്പെട്ട വാർത്ത അറിഞ്ഞ ഉടനെ പുറത്തുവന്ന സിസ്റ്റർ സിറിൽ മൂണി പറഞ്ഞത്, അവളുടെ മനോധൈര്യം തകർക്കാൻ ഭീകരർക്കാവില്ല. തീർച്ചയായും അവൾ തിരിച്ചുവരുമെന്നായിരുന്നു. സിസ്റ്ററിന്റെ ശിഷ്യയായിരുന്നു ജൂഡിത്ത്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളെ മുൻനിർത്തി 2007-ൽ രാജ്യം പത്മശ്രീ നൽകി സിസ്റ്ററിനെ ആദരിച്ചിരുന്നു. കൊൽക്കയിലെ ചേരികളിൽ താമസിച്ചിരുന്ന വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന പെൺകുട്ടികൾക്ക് അക്ഷരവെളിച്ചം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റെയിൻബോ പ്രൊജക്ടിന്റെ പേരിലായിരുന്നു പുരസ്‌കാരം.അവധിദിവസങ്ങളിലും സ്‌കൂൾ ഇടവേളകളിലും പാവപ്പെട്ട പെൺകുട്ടികൾക്ക് സ്‌കൂളിൽവച്ചുതന്നെ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയായിരുന്നു റെയിൻബോ പ്രൊജക്ട്. വിദ്യാർത്ഥികൾ അവധി സമയങ്ങളിൽ വിദ്യാഭ്യാസം അന്യമായ കുട്ടികളുടെ അധ്യാപകരായി മാറുന്നതിനോടൊപ്പം ഗ്രാമങ്ങളിലേക്ക് ചെന്ന് അവിടെയുള്ള കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക. ഈ പ്രവർത്തനങ്ങളിലും പങ്കുചേരാൻ മുന്നോട്ടുവന്ന അഞ്ചാംക്ലാസുകാരിയായിരുന്നു ജൂഡിത്ത്. അവിടു ന്നാണ് സന്നദ്ധപ്രവർത്തനം ജൂഡിത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ചത്. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജിൽനിന്നും ബിരുദം നേടിയതിനുശേഷം മുംബൈ സർവകലാശാലയിൽനിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സന്നദ്ധ പ്രവർത്തനം തന്റെ മേഖലയായി തിരഞ്ഞെടുക്കുകയായിരുന്നു. പുതുശേരി, പശ്ചിമബംഗാൾ, തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി നീണ്ട 15 വർഷത്തെ സാമൂഹ്യപ്രവർത്തനങ്ങൾക്കുശേഷമായിരുന്നു ഒരു വർഷം മുമ്പ് കാബൂളിലെത്തിയത്.ഏതാനും മാസങ്ങൾക്കു മുമ്പ് അഫ്ഗാനിസ്ഥാനിൽനിന്നും കൊൽക്കത്തയിൽ എത്തിയപ്പോൾ അസോസിയേഷനിലെ അംഗങ്ങൾ ഒരു സംശയം ജൂഡിത്തിനോട് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്രയും അപകടംപിടിച്ച അഫ്ഗാനിസ്ഥാനിൽ തുടരുന്നത്. ഞാൻ അവരെ സ്‌നേഹിക്കുന്നു എന്നായിരുന്നു ചെറിയ ചിരിയോടെയുള്ള മറുപടി.Source: Sunday Shalom