News >> അസംഘടിത മേഖലയിലെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധചെലുത്തണം: ആർച്ച്ബിഷപ് മാർ ഭരണികുളങ്ങര
ന്യൂഡൽഹി: കാരുണ്യവർഷത്തിൽ അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങളിലേക്ക് സഭ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഫരീതാബാദ് അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര. സിബിസിഐയുടെ ലേബർ കമ്മീഷൻ സംഘടിപ്പിച്ച ഹരിയാന, ജമ്മു-കാശ്മീർ, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലെ ലേബർ കമ്മീഷൻ പ്രതിനിധികളുടെ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഠിനമായ സാഹചര്യങ്ങളുടെ നടുവിൽ കഴിയുന്ന അവരെ സഹായിക്കുന്നതിനായി പദ്ധതികൾ രൂപപ്പെടുത്തണമെന്നും മാർ ഭരണികുളങ്ങര ആവശ്യപ്പെട്ടു. ഇന്ത്യയിൽ 50 കോടി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. എന്നാൽ, 47 കോടിയും അസംഘടിത മേഖലകളിലാണ് പ്രവർത്തിക്കുന്നത്.മാറിമാറി വരുന്ന ഗവൺമെന്റുകൾ അസംഘടിത തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾപോലും സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് ആർച്ച്ബിഷപ് കുറ്റപ്പെടുത്തി. അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ കടമയാണ്. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സംഭാവനകൾക്കു നേരെ കണ്ണടയ്ക്കുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതും അനീതിയാണെന്ന് മാർ ഭരണികുളങ്ങര ചൂണ്ടിക്കാട്ടി. നീതിനിഷേധിക്കപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാൻ വിശ്വാസികൾ മുമ്പോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജെയ്‌സൺ വടശേരി, ഫരീതാബാദ് അതിരൂപതാ വികാരി ജനറൽ ഫാ. ജോസ് ഇടശേരി, ഡൽഹി ശ്രീവെങ്കിടേശ്വര കോളജ് അധ്യാപകൻ ഡോ. കൃഷ്ണകുമാർ, സിസ്റ്റർ റാണി എച്ച്.സി.എം എന്നിവർ പ്രസംഗിച്ചു.Source: Sunday Shalom