News >> വിശ്വാസപരിശീലന ശുശ്രൂഷയിൽ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കർദിനാൾ മാർ ആലഞ്ചേരി


സീറോ മലബാർ മതബോധന കമ്മീഷൻ ശില്പശാലയ്ക്കു തുടക്കം

കൊച്ചി:
 കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു. സഭയുടെ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ രൂപതകളിലെ പേരന്റിംഗ് റിസോഴ്‌സ് ടീം അംഗങ്ങൾക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കൾക്കൊപ്പം ചേർന്നുനിന്നുകൊണ്ടു അവരുടെ നന്മകളും കുറവുകളും മനസിലാക്കി കുട്ടികൾക്കു പരിശീലനം നൽകാനാണു മതാധ്യാപകർ ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ വളർച്ചയിൽ പ്രധാന ഉത്തരവാദിത്വം മാതാപിതാക്കൾക്കു തന്നെയാണ്. മാറുന്ന കാലഘട്ടത്തിൽ തങ്ങൾ അഭിമൂഖീകരിക്കുന്ന സങ്കീർണസാഹചര്യങ്ങളെ അതിജീവിക്കാനും സമഗ്രമായ വ്യക്തിത്വം രൂപപ്പെടുത്താനും സാധിക്കുന്ന തരത്തിൽ വിശ്വാസ പരിശീലന പദ്ധതികളിലും ആവശ്യമായ മാറ്റങ്ങൾ ഉണ്ടാവണം. പ്രധാന വിശ്വാസപരിശീലകർ എന്ന നിലയിൽ മാതാപിതാക്കൾ അവരുടെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിർവഹിക്കാൻ പ്രാപ്തരാകേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.

മതബോധന കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ.ഡോ. പോൾ കരേടൻ, മരിയ ജെറോം, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു.

വിപിൻ വി. റോൾഡന്റ്, സോണി തോമസ് ഓലിക്കൻ, ഭാഗ്യമേരി ബി. മാനുവൽ, അലീന ജെയിംസ്, നയന മാത്യു എന്നിവരാണു വിവിധ സെഷനുകൾ നയിക്കുന്നത്. ഇന്നു രാവിലെ 11.30ന് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സന്ദേശം നൽകും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള റിസോഴ്‌സ് ടീം അംഗങ്ങൾ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

Source: Sunday Shalom