News >> വെല്ലുവിളികളെ എളിമയുടെ സുവിശേഷമാക്കിയ വൈദികൻ: ഫാ. ജേക്കബ് ഇടശേരിൽ SSP, കോടിക്കുളം.
അരനൂറ്റാണ്ട് കാലമായി നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ മിഷൻ പ്രവർത്തനം നടത്തിവരുന്ന ഫാ. ജേക്കബ് ഇടശേരിൽ, ആധുനിക മിഷൻ പ്രവർത്തന മേഖലകളിൽ ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് പ്രാർത്ഥിക്കുന്ന മിഷനറിമാർക്ക് കഴിയുമെന്ന് സ്വജീവിതംകൊണ്ട് തെളിയിക്കുകയാണ്.1946 നവംബർ പത്തിന് തൊടുപുഴയ്ക്കടുത്ത് കോടിക്കുളം ഇടവകയിൽ ഇടശേരിയിൽ മത്തായി^ മറിയം ദമ്പതികളുടെ ഏഴുമക്കളിൽ ഏഴാമനായിട്ടാണ് ഫാ. ജേക്കബിന്റെ ജനനം. ജേക്കബിനെ കൂടാതെ കുടുംബത്തിലെ മറ്റ് നാലു സഹോദരങ്ങളും ദൈവവിളി സ്വീകരിച്ചവരാണ്. ബ്ര. മാത്യു എസ്.എസ്.പി 2011ൽ മുംബൈയിൽ വെച്ച് നിത്യസമ്മാനിതനായി. സഹോദരങ്ങളായ സിസ്റ്റർ അൽഫോൻസ അജ്മിറിലെ പ്രഭുദാസി സഭയിലും ഫാ. ജോസഫ് ഇടശേരിൽ എസ്.ജെ. കാഞ്ഞിരപ്പള്ളിയിലും സിസ്റ്റർ റേജിസ് എഫ്.സി.സി മൂവാറ്റുപുഴയിലും ശുശ്രൂഷാജീവിതം നയിക്കുന്നവരാണ്.കർഷക കുടുംബമായിരുന്നു ഇടശേരി മത്തായിയുടേത്. അതിരാ വിലെ കൃഷിയിടങ്ങളിലേക്ക് ഇറ ങ്ങുംമുമ്പ് മാതാവും പിതാവും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് കണ്ടാണ് ജേക്കബ് പ്രഭാതത്തിലുണർന്നിരുന്നത്. സന്ധ്യാപ്രാർത്ഥനയിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചുണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു ആ മാതാപിതാക്കൾക്ക്. വളരെ ചെറുപ്പത്തിലെ തന്നെ മിഷൻലീഗിലെ പ്രവർത്തനങ്ങളും മരിയൻ സൊഡാലിറ്റി പ്രവർത്തനങ്ങളുമെല്ലാം ഒരു നല്ല മിഷനറി വൈദികനാകാൻ ജേക്കബിനെ പ്രേ രിപ്പിച്ചു.ആലുവയിൽ ദൈവശാസ്ത്രം പഠിക്കാനെത്തിയ ശെമ്മാശന്മാർ അവധി ദിവസങ്ങളിൽ വേദപാഠ ക്ലാസുകൾ എടുത്തിരുന്നു. ഇവരുടെ സ്വാധീനവും ജേക്കബിനെ വൈദിക ജീവിതത്തിലേക്ക് ആകർഷിച്ചു. കൂടാതെ കുടുംബത്തിലെ മുതിർന്ന വൈദികരായ ഫാ. ജോസഫ് തോയലിൻ, ഫാ. മാത്യു തോയലിൻ വി.സി, ഫാ. സൈമൺ പടിഞ്ഞാറേക്കര എന്നിവരും വൈദികനാകുന്നതിൽ ജേക്കബിനെ സ്വാധീനിച്ചു.ഒപ്പം കുടുംബത്തിലെ സന്യസ്തരായ സഹോദരങ്ങളോടൊപ്പം അവരുടെ സുഹൃത്തുക്കളായ വൈദികർ പലപ്പോഴും വീട്ടിലെത്തിയിരുന്നു. അതും ഒരു വൈദിനാകുക എന്ന ചിന്ത അദേഹത്തിൽ ഉളവാക്കി.കോടിക്കുളം സെന്റ് മേരീസ് സ്‌കൂൾ, ആലപ്പുഴയിലുള്ള ഈശോസഭയുടെ ബോർഡിംഗ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ആസാമിലെ ദിബ്രുഗാർ രൂപതയിൽ വൈദികനാകാൻ ചേർന്നു. യേശുവിനെ അറിയാത്തവർക്കിടയിൽ മിഷൻ പ്രവർത്തനം നടത്തണമെന്ന ചിന്തയാണ് ആസാമിലുള്ള രൂപതയിൽ ചേരാൻ കാരണമായത്. ആ കാലഘട്ടത്തിൽ ദിബ്രുഗാർ രൂപതയുടെ മൈനർ സെമിനാരിയുടെ പണി പൂർത്തിയാകാത്തതിനാൽ പാലാ ഗുഡ്‌ഷെപ്പേർഡ് സെമിനാരിയിൽ പന്ത്രണ്ടാം ക്ലാസ് (പി.യു) പഠിച്ചു. പിന്നീട് ഒരു വർഷം അവിടെ ലത്തീനും പഠിച്ചു. മൂന്നാം വർഷ ലത്തീൻ പഠനം ആസാമിലായിരുന്നു. അക്കാലത്തെ ട്രെയിനിലുള്ള യാത്ര ക്ലേശകരമായിരുന്നു. കൽക്കരി തീവണ്ടിയിൽ ഏഴുദിവസം യാത്ര ചെയ്തുവേണമായിരുന്നു ആസാമിലെത്താൻ. പലപ്പോഴും റിസർവേഷൻ ലഭിച്ചിരുന്നുമില്ല.പാലാ സെമിനാരിയിലെ പഠനകാലത്ത് ഫാ. തോമസ് മുത്തേടം, ഫാ. മാത്യു പാറാൽകുളങ്ങര, ഫാ. ജോൺ പൊൻമറ്റം എം.എസ് എന്നിവരുടെ സാന്നിധ്യം നന്ദിയോടെയാണ് അച്ചൻ അനുസ്മരിക്കുന്നത്. തമിഴ്‌നാട്ടിലെ പുനമല്ലി സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.റീജൻസിക്കാലത്ത് (1969-70) മണിപ്പൂരിലെ ഹൂൺ ദാം ഇടവകയിൽ സേവനം ചെയ്തു. മണിപ്പൂരിലെ ആദ്യകാല മിഷനറിമാരായ ഫാ. ജോസഫ് മറ്റം, ഫാ. മാണി പാറക്കുളങ്ങര, ഫാ. മാത്യു പ്ലാത്തോട്ടം ഇവരുടെ തീക്ഷ്ണതയാർന്ന മിഷൻ പ്രവർത്തനങ്ങൾ റീജൻസിക്കാലത്ത് തന്നെ സ്വാധീനിച്ചിരുന്നതായി ഫാ. ജേക്കബ് ഓർക്കുന്നു. 1974 ഡിസംബർ 20ന് കോതമംഗലം മെത്രാനായിരുന്ന മാർ മാത്യു പോത്തനാമൂഴിയിൽനിന്ന് ഫാ. ജേക്കബ് പൗരോഹിത്യം സ്വീകരിച്ചു. ഉൾപ്രദേശങ്ങളിൽ സ്‌കൂളുകൾ സ്ഥാപിച്ചും അവിടെയുള്ള കുട്ടികളെ പഠിപ്പിച്ചും തന്റെ മിഷൻ ജീവിതം അദ്ദേഹം ക്രൈസ്തവ സാക്ഷ്യമാക്കി.വൈദികനായശേഷം ആസാമിലെ ദിബ്രുഗാർ രൂപതയിലെ നാർക്കട്ടി ഇടവകയിലായിരുന്നു ആദ്യ നിയമനം. 1975ൽ മണിപ്പൂരിലുള്ള സുഗുന് ഇടവകയിൽ സഹവൈദികനായി. ഈ സമയം തുടർച്ചയായി വില്ലേജുകൾ സന്ദർശിച്ചിരുന്നു. തന്റെ ആദ്യകാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അന്നത്തെ രൂപതാബിഷപ്പ് മാർ റോബർട്ട് കെർക്കേട്ടയുടെ വൈദികരോടുള്ള സ്‌നേഹവും പ്രോത്സാഹനവും അ വരുടെ കാര്യങ്ങളിലുള്ള ഇടപെടലുകളുമെല്ലാം ഏറെ സന്തോഷം നൽകിയിരുന്നതായി ഫാ. ജേക്കബ് പറഞ്ഞു.ദിബ്രുഗാർ രൂപതയെ സംബന്ധി ച്ച് ആദ്യകാല രൂപതാ വൈദികരിൽ രണ്ടാമനാണ് ഫാ. ജേക്കബ് ഇടശേരി. ആദ്യകാലങ്ങളിൽ ഇടവകകളുടെ വിസ്തൃതി വളരെ വലുതായിരുന്നു. ഓരോ ഇടവകകളിലും 60, 70 സബ് സ്റ്റേഷനുകൾ ഉണ്ടായിരുന്നു. ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ക്ലേശപൂർണമായ സാഹചര്യങ്ങളിലൂടെയാണ് മിഷൻ മേഖലകളിൽ സ്‌കൂൾ, ഹോസ്റ്റൽ, ദൈവാലയം എന്നിവ തുടങ്ങിയത്. ഗ്രാമങ്ങളിലെ വീടുകളിൽ രോഗികളായി അവശതയനുഭവിക്കുന്നവർക്ക് രോഗീലേപനത്തിനായുള്ള ശുശ്രൂഷകൾക്ക് ഫാ. ജേക്കബ് മുൻതൂക്കം നൽകിയിരുന്നു.1979ൽ നാഗാലാന്റ് ആസാം അ തിർത്തി തർക്കം ഉണ്ടായതിനെ തുടർന്ന് നാഗ ആദിവാസി അക്രമമുണ്ടായപ്പോൾ ഫാ. ജേക്കബ് ഇടശേരി ജനങ്ങൾക്കിടയിൽനിന്ന് പ്രവർത്തിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തു. നാഗന്മാർ, ഗാരോ, ബോഡോ തുടങ്ങിയ ഗോത്ര വിഭാഗങ്ങളുടെ ഇടയിലാണ് അദേഹം സേവനം ചെയ്തത്. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾക്കിടയിൽ നവമിഷൻ വൈദികർക്ക് നിരന്തരമായ പ്രാർത്ഥനയുടെയും സഹകരണത്തിന്റെയും വഴികൾ തുറക്കാൻ ക്രൈസ്തവ സമൂഹത്തിനാകണമെന്ന് അദേഹം ഓർമിപ്പിക്കുന്നു.Source: Sunday Shalom