News >> അപമാനത്തിന്‍റെ തളര്‍ച്ചയെ വെല്ലുന്ന ക്രിസ്തുവിലുള്ള വളര്‍ച്ച
ജൂലൈ 31 ഞായര്‍. ക്രാക്കോയിലെ സമാപന ബലിയര്‍പ്പണത്തില്‍ യുവജനങ്ങള്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷവിചിന്തനം : ശ്രവിച്ചത് 16 ലക്ഷം യുവജനങ്ങള്‍... ക്രാക്കോയിലെ ബ്ലോഞ്ഞാ പാര്‍ക്കില്‍..!പ്രിയ യുവതീയുവാക്കളേ, നിങ്ങള്‍ ക്രാക്കോയില്‍ വന്നത് ക്രിസ്ത്വാനുഭവത്തിനാണ്. ക്രിസ്തുവിനെ നേരില്‍ക്കാണുവാനും അടുത്തറിയുവാനും ആഗ്രഹിച്ച സഖേവൂസിനെപ്പോലെ (ലൂക്ക 19, 1-10). ജെറീക്കോയിലൂടെ യേശു കടന്നു പോവുകയായിരുന്നു. അതുപോലെ ക്രിസ്തു നമ്മുടെ മദ്ധ്യത്തിലൂടെ അനുദിനം കടന്നുപോകുന്നുണ്ട്. ചുങ്കക്കാരനും പാപിയുമായിരുന്നതിനാലും, റോമാക്കാരുമായി പക്ഷംചേര്‍ന്നതിനാലും സമൂഹത്തില്‍ വെറുക്കപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവിന്‍റെ അടുത്തെത്താന്‍ സാധിച്ചില്ല. എന്നാല്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് അയാളില്‍ മാറ്റമുണ്ടാക്കിയത്. അത് നമ്മിലും സംഭവിക്കാം.
- വ്യക്തി ജീവിതത്തിന്‍റെ 'ചെറുമ'
ക്രിസ്തുവുമായുള്ള കൂടിക്കായ്ചയ്ക്ക് സഖേവൂസില്‍ പല തടസ്സങ്ങളും ഉണ്ടായിരുന്നു. ആദ്യമായി, അയാള്‍ ശാരീരിക ഘടനയില്‍ ചെറുതായിരുന്നു (Small in stature), പൊക്കം കുറഞ്ഞവനായിരുന്നു. നമുക്കും ഈ ചെറുമ തോന്നാം. അയോഗ്യത അനുഭവപ്പെടാം. വലിയ പ്രലോഭനമാണിത്. അയോഗ്യത കഴിവിലും കരുത്തിലും മാത്രമല്ല, വിശ്വാസത്തിലും തോന്നിയേക്കാം. നാം ദൈവമക്കളാണ് (1യോഹ. 3, 1). ദൈവസൃഷ്ടിയാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയാണ്. ക്രിസ്തു നമ്മില്‍ വസിക്കുന്നു. അവിടുത്തെ അരൂപി നമ്മിലുണ്ട്. ക്രിസ്തുവിലുള്ള നന്മയും ആനന്ദവും ജീവിക്കാന്‍ നാം വിളിക്കപ്പെട്ടവരിക്കുന്നു.ക്രിസ്തുവില്‍ അടിയുറച്ച ആത്മീയതയായിരിക്കണം നമ്മുടെ ജീവിതത്തിന്‍റെ വലുപ്പം. നമ്മുടെ ആകാരം ആത്മീയതയുടെ വലുപ്പമായിരിക്കണം. ഇത് അലക്ഷ്യമായി കളയുന്നത് ക്രിസ്തുവിലുള്ള അന്യൂനത വലിച്ചെറിയുന്നതിനു തുല്യമാണ്. ദൈവത്തിന് നമ്മെക്കുറിച്ചുള്ള സ്വപ്നം, നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ നാം തട്ടിത്തെറിപ്പിക്കുകയാണ്. ക്രിസ്തു നമ്മെ എല്ലാവരെയും സ്നേഹിക്കുന്നു. ഒരുപോലെ സ്നേഹിക്കുന്നു. നമ്മുടെ പുറംമോടിയോ, ഫാഷനോ, കൈയിലുള്ള 'ലെയ്റ്റസ്റ്റ് ഫോണോ' ഒന്നുമല്ല നമ്മുടെ വലുപ്പം, വലിമ നിര്‍ണ്ണയിക്കുന്നത്. അമൂല്യമായ നമ്മുടെ വലിമ ക്രിസ്തീയതയാണ്. എന്നാല്‍ മനുഷ്യന്‍റെ ലക്ഷ്യങ്ങള്‍ പലപ്പോഴും തരംതാണു പോകുന്നുണ്ട്. എന്നിട്ടും ദൈവം വിശ്വസ്തനും, അവിടുത്തെ വിശ്വസ്തതയില്‍ പതറാത്തവനാണ്. അവിടുന്നു നമ്മെ കാക്കുന്നു നയിക്കുന്നു. ജീവിതവേദനകളിലും വിഷമങ്ങളിലും അവിടുന്നു ഏറെ ക്ഷമയോടും, പ്രത്യാശയോടുംകൂടെയാണ് നമ്മെ കാക്കുന്നത്, നയിക്കുന്നത്.ഇതിനു വിരുദ്ധമായി നമ്മുടെ ആത്മീയ ചപലതകളിലും അയോഗ്യതകളിലും മുഴുകി നാം ചുരുങ്ങിപ്പോകാം. കൃശഗാത്രരായിപ്പോകാം. ഈ നിഷേധാത്മക മനോഭാവം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന ഒരു രോഗാണു (Virus) തന്നെ. എന്നാല്‍ നമ്മുടെ നിരാശയുടെ അടഞ്ഞ അവസ്ഥയിലും ദൈവം പ്രത്യാശപൂര്‍ണ്ണനാണ്. ഓരോദിനവും അവിടുന്ന് നവമായി നമ്മെ ഉണര്‍ത്തുന്നു, വിളിച്ചുണര്‍ത്തുന്നു. എന്നും തെളിയുന്ന ദൈവത്തിന്‍റെ പതറാത്ത സ്നേഹത്തിന് നമുക്ക് നന്ദിപറയാം. കുറവുകള്‍ തിരുത്തേണ്ടതാണ്. അവയ്ക്കും ഉപരി അവിടുത്തെ ദാനമായ ജീവിതം ജീവിതം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതാണ് എന്ന അവബോധത്തില്‍ നാം ജീവിക്കേണ്ടതാണ്.
- അപമാനം കാരണമാക്കുന്ന തളര്‍ച്ച
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് സഖേവൂസിനു തടസ്സമായ രണ്ടാമത്തെ കാര്യം
അപമാനം കാരണമാക്കുന്ന തളര്‍ച്ചയാണ് (Paralysis of Shame). സിക്കമൂര്‍ മരം കയറുന്നതിനു മുന്‍പുള്ള സഖേവൂസിന്‍റെ മാനസിക അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. അയാള്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചു കാണണം. ക്രിസ്തുവിനെ കാണാനുള്ള ആകാംക്ഷ ഒരു ഭാഗത്തും, മറുഭാഗത്ത് മറ്റുള്ളവരുടെ മുന്നില്‍ അവഹേളിതനാകുന്ന അവസ്ഥയും. കാരണം അയാളൊരു പ്രമാണിയും അറിയപ്പെട്ട വ്യക്തിയുമായിരുന്നല്ലോ. എന്നിട്ടും ക്രിസ്തുവിനെ കാണാനുള്ള അതിയായ ആഗ്രഹത്താല്‍ ആ നാണക്കേട്, അല്ലെങ്കില്‍ അപമാനം സഹിക്കാന്‍ അയാള്‍ സന്നദ്ധനാകുന്നു. അപകടകരവും നിന്ദ്യവുമായ കാര്യംചെയ്യുന്നു. സഖേവൂസ് മരം കയറുന്നു. അയാളെ സംബന്ധിച്ച് യേശു അത്രയേറെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. തന്‍റെ നീചമായ നിജസ്ഥിതിയില്‍നിന്നും - പാപക്കുഴിയില്‍നിന്നും നൈരാശ്യത്തില്‍നിന്നും കൈപിടിച്ച് ഉയര്‍ത്താന്‍ കഴിവുള്ളവനാണ് ക്രിസ്തു!അപമാനത്തിന്‍റെ തളര്‍ച്ചയെക്കാള്‍ ക്രിസ്തുവിലുള്ള വളര്‍ച്ചയ്ക്കാണ് അയാള്‍ മുന്‍തൂക്കം നല്‍കിയത്. സുവിശേഷം പറയുന്നത്, സഖേവൂസ് 'മുന്നേ ഓടി,' 'മരത്തില്‍ കയറി,' പിന്നെ ക്രിസ്തു വിളിച്ചപ്പോള്‍ അയാള്‍ തിടുക്കത്തില്‍ 'ഇറങ്ങി വന്നു' (4, 6). ജീവിതത്തില്‍ അയാള്‍ എടുത്ത ഉറച്ച തീരുമാനവും, അയാള്‍ എടുത്ത അപമാനത്തിന്‍റെ തളര്‍ച്ചയെ വെല്ലുന്ന സാഹസികതയുമാണ് ജീവിത വിജയത്തിനുവഴി തെളിച്ചത്. ഇഷ്ടപ്പെട്ടൊരു വ്യക്തിയെ കണ്ടുമുട്ടാനും, അയാളുമായി നേരില്‍ കാണാനുമായി എന്തു സാഹസവും നാം ജീവിതത്തില്‍ എടുക്കുന്നത് സ്വാഭാവികമല്ലേ! നല്ലതായ ഒരു ജിജ്‍ഞാസയെ നാം കെടുത്തിക്കളയാതെ, അപകടകരമായത് ചെയ്യാനുള്ള സന്നദ്ധത ജീവിത സന്തോഷത്തിന് കാരണമാകും. പിന്നെ അത് ക്രിസ്തുവാകുമ്പോള്‍ നമുക്ക് കൈകെട്ടി ഇരിക്കാനാവില്ല. എന്തെങ്കിലും രണ്ടു വാക്ക് ടെക്സ്റ്റ്ചെയ്തിട്ട്, സ്വസ്ഥമായിരിക്കാനാവില്ല, നിസ്സംഗനായിരിക്കാനാവില്ല!
- സമൂഹത്തിന്‍റെ വിമര്‍ശനം... പിറുപിറുക്കല്‍...
മൂന്നാമത്തെ തടസ്സം സഖേവൂസ് അനുഭവിച്ച സംഘര്‍ഷമാണ്. അത് തന്‍റെ ഉള്ളിലുള്ളതല്ല... മറിച്ച് പുറത്ത് ജനങ്ങളില്‍നിന്നും അനുഭവിച്ച പിറുപിറുക്കലും വിമര്‍ശനവുമായിരുന്നു. ആദ്യം അവര്‍ ക്രിസ്തുവിനെ കാണാനുള്ള സാദ്ധ്യത തടസ്സപ്പെടുത്തി. പിന്നെ വിമര്‍ശനവും... ക്രിസ്തു പാപിയായ മനുഷ്യന്‍റെ വീട്ടില്‍ ചെന്നതിനെ ചൊല്ലിയുള്ള സംസാരവും അവഹേളനങ്ങളും... കരുണയില്‍ ഉദാരമതിയായ ദൈവത്തെ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള വൈമുഖ്യമാണിത്. എന്നിട്ടും ദൈവം നമ്മെ പേരുചൊല്ലി വിളിക്കുന്നു. സഖേവൂസ്...സഖേവൂസ്... എന്നു പേരുചൊല്ലി വിളിക്കുന്ന ദൈവത്തെ ഓര്‍ക്കുക. നമ്മെയും അവിടുന്ന് അതുപോലെ വിളിക്കുന്നുണ്ട്. ദൈവത്തിന്‍റെ ഓര്‍മ്മയുടെ കരുതലിനെക്കുറിച്ച് അവബോധമുണ്ടായിരിക്കുക അതു നമ്മുടെ കാര്യങ്ങളൊക്കെ 'സേവ്'ചെയ്യുകയും, ശേഖരിച്ചുവയ്ക്കുകയും ചെയ്യുന്നൊരു Hard Disk അല്ല. നമ്മുടെ കുറവുകളും തെറ്റുകളും മായിച്ചുകളയുന്ന (erase) ചെയ്തുകളയുന്നതില്‍ സന്തോഷിക്കുന്നവനാണ്. അതിനാല്‍ ഇവിടെ ഈ കൂട്ടായ്മയുടെ ഭാഗമാകാന്‍ സാധിച്ചതിന് ദൈവത്തിനു നന്ദി.
Source: Vatican Radio