News >> പുതിയ രൂപത മാർപാപ്പയ്ക്ക് സീറോ മലബാർ സഭയോടുള്ള കരുതലിന്റെ അടയാളം: ബിഷപ് മൈക്കിൾ കാമ്പെൽ


ലങ്കാസ്റ്റർ: ബ്രിട്ടനിലെ ആദ്യ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷനായി നിയുക്തനായ ബിഷപ് ജോസഫ് സ്രാമ്പിക്കലിന് ലങ്കാസ്റ്റർ ബിഷപ് മൈക്കിൾ കാമ്പലിന്റെ അഭിനന്ദനം. ബ്രിട്ടനിലെ മുഴുവൻ സീറോ മലബാർ വിശ്വാസികളുടെയും ചുമതല വഹിക്കുന്ന ബിഷപ് സ്രാമ്പിക്കലിനൊപ്പം സുഹൃത്തും അടുത്ത സഹശുശ്രൂഷകനുമായി ഒരുമിച്ച് പ്രവർത്തിക്കുവാനുള്ള അവസരം പ്രതീക്ഷയോടെ ഉറ്റുനോക്കുയാണെന്ന് നിയുക്ത ബിഷപ്പിന് ആശംസകളർപ്പിച്ചുകൊണ്ട് ബിഷപ് കാമ്പെൽ പറഞ്ഞു.

ബ്രിട്ടൻ ആസ്ഥാനമായ പുതിയ രൂപത പരിശുദ്ധ പിതാവിന് ബ്രിട്ടിനനിലെ ആയിരക്കണക്കിന് സിറോ മലബാർ വിശ്വാസികളോടുള്ള കരുതലിന്റെ അടയാളമാണ്. സീറോ മലബാർ മേജർ ആർച്ച് ബിഷപ് ജോർജ് ആലഞ്ചേരിയെയും സിറോമലബാർ സഭയുടെ വൈദികസിനഡിനെയും സന്യസ്തരെയും ബ്രിട്ടനിലുള്ള വിശ്വാസികളെയും ഞാൻ അഭിനന്ദിക്കുന്നു. പ്രെസ്റ്റണിലെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ (സെന്റ്. അൽഫോൻസാ ഇടവക) രൂപതയുടെ ആസ്ഥാനമായത് ഏറെ ആനന്ദത്തോടെയാണ് കാണുന്നത്; ബിഷപ് കാമ്പെൽ വ്യക്തമാക്കി.

2015 ജനുവരി മാസത്തിൽ സെന്റ് ഇഗ്നേഷ്യസ് ദൈവാലയത്തെ സീറോ മലബാർ സഭയുടെ മിഷൻ കേന്ദ്രമാക്കി മാറ്റിയിരുന്നു. തുടർന്ന് 2015 ഒക്‌ടോബർ മാസത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി കത്തീഡ്രൽ ദൈവാലയം സന്ദർശിക്കുകയും സീറോ മലബാർ വിശ്വാസികൾക്കായി രണ്ട് ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ യൂറോപ്പിലെ ആദ്യ ഇടവകകളായിരുന്നു അവ. കേരളത്തിൽ നിന്നുള്ള കർമ്മലീത്ത സന്യാസിനിമാരും ഇടവകയുടെ പ്രവർത്തനങ്ങളിൽ സഹായിച്ചുവരുന്നു.

പുതിയ രൂപതയുടെ സ്ഥാപനത്തോടെ ഇന്ത്യക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് മൂന്ന് രൂപതകളാണുള്ളത്. യു.എസിലും ഓസ്‌ട്രേലിയയിലുമാണ് മറ്റ് രൂപതകൾ.

Source: Sunday Shalom