News >> ക്രൂശിതനെ കൈവിടാത്ത ന്യായാധിപൻ


"കുരിശുരൂപം ക്രൈസ്തവവിശ്വാസത്തിന്റെ അടയാളമാണ്. യൂറോപ്പിന്റെ സംസ്‌കാരത്തിന്റെ ചിഹ്നമാണ് കുരിശ്. സ്വന്തം മണ്ണിന്റെ ഉറവിടങ്ങളും വേരുകളും അറുത്തുകളയുന്നത് തീർത്തും അപകടകരമാണ്."

ക്രൈസ്തവർ മതപരമായ ചിഹ്നങ്ങൾ ജോലി സ്ഥലത്ത് ഉപയോഗിക്കരുത്, വിശ്വാസം വീട്ടിൽ ഉപേക്ഷിക്കണം. ഇങ്ങനൊക്കെയുള്ള യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷൻ അടുത്ത കാലത്ത് നടത്തിയ ചില പരാമർശങ്ങളെക്കുറിച്ച് സൺഡേശാലോമിനോട് പ്രതികരിക്കുകയായിരുന്നു ജർമ്മനിയിലെ റേഗൻസ്ബുർഗിലുള്ള ജില്ലാ കോടതി മജിസ്‌ട്രേറ്റ് ജസ്റ്റീസ് ഹാൻസ് പീറ്റർ വൈസ്.

"ആധുനികയൂറോപ്പിന്റെ ഉറവിടങ്ങളിൽ ക്രൈസ്തവവിശ്വാസത്തിന്റെ ശക്തമായ വേരുകൾ നമുക്ക് കാണാം. ഇന്ന് നാമത് വിസ്മരിക്കുന്നു. അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അത് ശരിയല്ല. ദൈവവും വിശ്വാസവുമായുള്ള ബന്ധത്തിന്റെ വേരുകൾ ആദ്യം നാം പിഴുതെറിയും. തുടർന്ന് മനുഷ്യമഹത്വത്തിന്റെ വേരും. മനുഷ്യനു മാനവും മഹത്വവും കല്പിക്കുന്ന ദൈവത്തെ നിഷേധിച്ചാൽ എന്തിന്റെ പേരിലാകും വരുംനാളുകളിൽ നാം മനുഷ്യന്റെ വില നിശ്ചയിക്കുക? മനുഷ്യമഹത്വം മനുഷ്യൻ തന്നെ നിശ്ചയിക്കാൻ ആരംഭിച്ചാൽ അവനിഷ്ടപ്പെടുംപോലെ അതിനെ തകിടം മറിക്കും. ദൈവമാണ് മനുഷ്യന് വില നിശ്ചയിക്കുന്നതെങ്കിൽ മനുഷ്യന്അതിന്റെ മേൽ കടന്നു കയറാൻ അനുവാദമില്ല.

ജർമ്മനിയുടെ ഭരണഘടന ആരംഭിക്കുന്നത് തന്നെ മനുഷ്യമഹത്വത്തിന്റെമേൽ കടന്നു കയറാൻ ഒരാൾക്കും അനുവാദമില്ല എന്ന വാക്കുകളോടെയാണ്. ഇത് രൂപം കൊടുത്ത ഭരണാധികാരികൾ, ഈ വാചകം എഴുതിച്ചേർത്തത് വിശുദ്ധമായ ദൈവസങ്കല്പത്തിൽ നിന്നാണ്. ഉറവിടങ്ങളെ മറന്നാൽ യൂറോപ്പിന്റെ സ്ഥിതി ശോചനീയമാകും. അതിനാൽ വിശ്വാസത്തിന്റെ അടയാളങ്ങൾ ധരിക്കാൻ വിശ്വാസികളെ അനുവദിക്കണം എന്നതാണ് എന്റെ വാദം.

മാത്രവുമല്ല, മതവിശ്വാസം ഒരാളുടെ ഏറ്റവും മൗലികഅവകാശങ്ങളിലൊന്നാണ്. അത് പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും മനുഷ്യാവകാശനിയമങ്ങളുടെ കാവൽക്കാർക്ക് ബാധ്യതയുണ്ട്. വിശ്വാസചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കുക, അതും യൂറോപ്പുപോലെ മഹത്തായ പാരമ്പര്യം കുടികൊള്ളുന്ന ഈ സംസ്‌കാരത്തിൽ, എനിക്ക് ചിന്തിക്കുകപോലും അസാധ്യം. ക്രിസ്തീയ വിശ്വാസം ഒരാളുടെയും വിശ്വാസത്തിന്റെയോ ബോധ്യങ്ങളുടെയോ മേലുള്ള കടന്നുകയറ്റമല്ല. കുരിശ് ധരിക്കുന്നത് ഒരാളുടെ ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും വിശ്വാസപരമായ അടയാളമാണ്.

മനുഷ്യാവകാശകോർട്ടിൽ ചർച്ചകൾ ഇതുമായി പുരോഗമിക്കുന്നു. ഇറ്റലിയിൽ പൊതുവേദികളിൽ മതചിഹ്നങ്ങൾ വിലക്കിയിട്ടില്ല. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഫ്രാൻസിൽ സ്ഥാപന ഉടമകൾക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അനുവാദമുണ്ട്. എന്തായാലും ദൈവസങ്കല്പത്തെ പൊതുവേദിയിൽ നിന്നും തുടച്ചുമാറ്റുന്ന ഒരു മനുഷ്യസമൂഹത്തെ വിഭാവന ചെയ്യുകപോലും ദുഷ്‌കരം." അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ഹാൻസ് പീറ്റർ വൈസ് പേരുപോലെ മനോഹരമാണ് ആ ജീവിതവും. വൈസ് എന്ന വാക്കിന് ജ്ഞാനമുള്ളവൻ എന്നാണ് അർത്ഥം. തികച്ചും ജ്ഞാനത്തിന്റെ സംഭാഷണമാണ് ഞങ്ങൾ നടത്തിയത്. ഭാര്യ ദോറിസും മക്കളായ ജോനസും ഫിലിപ്പും ചേർന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മുത്തശ്ശിയാണ് മക്കളുടെ ഇഷ്ടമിത്രങ്ങളിൽ ഒരാൾ. ജർമ്മനിപോലുള്ള രാജ്യത്ത് ഇന്ന് അത്ര എളുപ്പമല്ല ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ. ജർമ്മൻകാരന്റെ ധാർഷ്ട്യമോ അഹങ്കാരമോ ഒന്നും ജസ്റ്റിസിന്റെ മുഖത്തില്ല. അതുകൊണ്ട് ഞങ്ങൾ തുറന്ന് സംസാരിച്ചു.

? ജർമ്മനി വിശ്വാസത്തിന്റെ അപചയവഴിയിലാണ് എന്ന് പറയാറുണ്ടല്ലോ. വിശ്വാസി എന്ന നിലയിൽ എങ്ങനെ പ്രതികരിക്കുന്നു.

= പ്രശ്‌നങ്ങളും അപചയങ്ങളും വന്നും പോയും ഇരിക്കും. ദൈവത്തിനു ദൈവത്തിന്റേതായ വഴികളുണ്ട്. കഴിഞ്ഞ ഇരുപത് മുപ്പത് വർഷങ്ങളായി സമൂഹം ഏറെമാറി. എങ്കിലും സഭ ക്രിസ്തുവിന്റേതായതിനാലും ആത്മാവ് ഇവളെ നയിക്കുന്നതിനാലും ഇത് തകരില്ല എന്നതാണെന്റെ വിശ്വാസം. യൂറോപ്യൻ കമ്മ്യൂണിസത്തെ നേരിടാൻ അനുഗ്രഹീതനായ ജോൺ പോൾ രണ്ടാമൻ പാപ്പായെ ദൈവം നിയോഗിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ ആ കാലയളവിൽ ദൈവത്തിന്റെ തന്നെ ഇടപെടലായിരുന്നു. ഇന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. പാണ്ഡിത്യവും ജ്ഞാനവും ഇടകലർന്ന ഇദ്ദേഹത്തിലൂടെ ദൈവം സംസാരിക്കുന്നു, ഇടപെടുന്നു. വരും കാലങ്ങളിൽ ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും മാർപാപ്പമാർ ഉണ്ടായേക്കും. അന്ന് സഭ ലോകത്തിന്റെ മുഴുവന്റേതുമാണെന്ന് നാമറിയും. വിശ്വാസം ജീവിക്കുക അതാണ് വിശ്വാസ അപചയത്തിന്റെ കാലത്ത് നാം ചെയ്യേണ്ടത്. യൂറോപ്പിലെ കത്തോലിക്കർ കരുതുന്നത് അവരുടേതാണ് ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നാണ്. മറ്റ് രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും വെല്ലുവിളികൾ ഇതിനെക്കാൾ തീവ്രമാണ്. സഭ എന്ന നിലയ്ക്കും അതാണെന്റെ വിശ്വാസം, പക്ഷേ, അതിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ വന്നേക്കാം. ആദ്യകാലങ്ങളിൽ മാർപാപ്പ എന്നത് രാജാവിനു സദൃശ്യനായിരുന്നു. പടയും പടക്കോപ്പുകളുമുള്ള രാജാവ്. ഇന്നതിന് മാറ്റം വന്നു. രണ്ടു ലോകമഹായുദ്ധങ്ങൾ പിന്നിട്ടപ്പോൾ സഭ കുറെക്കൂടി സുവിശേഷാടിസ്ഥിതമായി.

? ജനബന്ധിതമാകാൻ ഇന്നത്തെ സഭ ഏറെ മാറേണ്ടതുണ്ട് എന്ന അഭിപ്രായം ഏറെ പ്രബലമാണ്. അങ്ങയുടെ അഭിപ്രായം.

= ഏറെ കാര്യങ്ങൾ മാറേണ്ടതുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ആ മാറ്റം ജനത്തിന്റെ ഇഷ്ടത്തിനൊപ്പം മാത്രമാകണം എന്ന അഭിപ്രായത്തോട് യോജിപ്പില്ല. അവർ ഇന്ന് ഒരു കാര്യം പറയും, നാളെ മാറ്റി പറയും. സഭ ക്രിസ്തുവിൽ പണിയപ്പെട്ടിരിക്കുന്നതാണ്. പത്രോസിനാണ് സഭയുടെ താക്കോൽ നല്കിയതും. പത്രോസും മറ്റ് ശിഷ്യഗണവും ചേർന്നതാണ് സഭ. സഭയുടെ അടിസ്ഥാനപരമായ പ്രബോധനങ്ങളെ മാറ്റുക ദൈവികമല്ല. രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പ് ബലിയർപ്പണം ലാറ്റിൻ ഭാഷയിൽ മാത്രമായിരുന്നു. പലപ്പോഴും ജനത്തിനു അത് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. കൗൺസിലിനുശേഷം ഇതിന് മാറ്റമുണ്ടായി. അതേ സമയം ഭ്രൂണഹത്യ, സ്വവർഗരതി ഇവയെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങൾ അടിസ്ഥാനപരമാണ്. ജനത്തിന്റെ ഇഷ്ടാനിഷ്ടമനുസരിച്ച് അവ മാറ്റുക സാധ്യമല്ല. ഇവിടെ സഭാ പ്രതിനിധികളായ മെത്രാന്മാരുടെ വാക്കുകൾ വെറും മാനുഷികമായും അവരെ സംതൃപ്തിപ്പെടുത്താനുള്ളതായും മാറരുത്. ആധുനികവൽക്കരിക്കാം പല കാര്യങ്ങളും. സംഗീതം, പ്രാർത്ഥനകൾ, ആരാധനാരീതികൾ. സുവിശേഷം എന്നും നിലനിൽക്കും. അതിന്റെ വിശ്വാസപ്രഘോഷണം മാറ്റത്തിനു വിധേയമാകും.

? നീതിയും കരുണയും പലപ്പോഴും ഒരുമിച്ചു പോകാറില്ലല്ലോ. നീതിയെ അതിലംഘിക്കുന്ന കരുണ നീതിന്യായ പീഠങ്ങളിൽ നിന്ന് പ്രതീക്ഷിക്കാമോ

= പാശ്ചാത്യനിയമവ്യവസ്ഥയിൽ പ്രധാന നിയമങ്ങളെല്ലാം ക്രിസ്തീയ നിയമങ്ങളുമായി ബന്ധപ്പെട്ടു രൂപപ്പെടുത്തിയതാണ്. നിയമത്തിൽ തന്നെ കരുണയ്ക്ക് ഏറെ ഇടമുണ്ട്. നന്നായി ജീവിക്കാൻ കുറ്റവാളികൾക്ക് അവസരം നല്കുന്നു. ഒരാളെ രണ്ടുവർഷത്തിലപ്പുറം കുറ്റവാളിയായി വിധിക്കുന്നുണ്ടെങ്കിലേ ജയിലിൽ കഴിയേണ്ടതുള്ളൂ. അല്ലാത്തപക്ഷം കോടതിക്ക് തീരുമാനമെടുക്കാം. ഒരു വർഷത്തെ തടവിനായി വിധിക്കുന്ന കേസുകളിൽ മിക്കവാറും അവരെ വീടുകളിൽ താമസിക്കാൻ അനുവദിക്കാറുണ്ട്. തുടർന്ന് വരുന്ന മൂന്നു വർഷം മര്യാദയോടും മാന്യമായി ജീവിച്ചാൽ ഒരു രാത്രിപോലും ജയിലിൽ കഴിയേണ്ടതില്ല. കുറ്റവാളികളും മനുഷ്യരാണ്. നന്മയുള്ളവരാണ്. അവരുടെ കളഞ്ഞുപോയ നന്മവീണ്ടെടുക്കാൻ നിയമവ്യവസ്ഥയിൽ അവസരങ്ങളുണ്ട്. കരുണയില്ലാത്തതാണ് നിയമമെന്ന് തോന്നുന്നില്ല.

? ഒരു വിശ്വാസി എന്ന നിലയിലും രാജ്യത്തെ പ്രധാന നിയമകൂടത്തിന്റെ ജോലിക്കാരനെന്ന നിലയിലും പ്രവർത്തനങ്ങളെ എങ്ങനെ കൂട്ടിയോജിപ്പിക്കുന്നു.

= എന്റെ ആത്മീയജീവിതവും പ്രഫഷനും വിരുദ്ധങ്ങളല്ല. പ്രാർത്ഥനയോടെയാണ് ഓരോ ദിവസവും ഞാൻ ആരംഭിക്കുന്നത്. എന്റെ ഓഫീസിലുള്ള കുരിശുരൂപത്തിന് കീഴിൽ ഞാൻ ശാന്തമായി പ്രാർത്ഥിക്കും. സാധിക്കുന്ന ദിവസങ്ങളിലൊക്കെ ദേവാലയത്തിൽ പോയി ദിവ്യബലിയിൽ പങ്കുചേരും. അടുത്തയിടെ, എന്റെ ഓഫീസിലെത്തിയ ഒരു യുവാവ് ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ ഓഫിസിൽ കുരിശ് തൂക്കിയിട്ടിരിക്കുന്നതെന്ന്. ഞാൻ പറഞ്ഞു, നാം ജീവിക്കുന്നത് ജർമനിയിലാണ്. നമ്മുടെ രാജ്യത്തെ നിയമങ്ങൾ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യാവകാശങ്ങളുടെ ഉറവിടം ക്രിസ്തീയ നിയമങ്ങളും ക്രിസ്തീയതയുമാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിന്റെ അടയാളങ്ങൾ നാം കാത്തുസൂക്ഷിക്കണം.

? ക്രിസ്തു നിങ്ങൾക്കാരാണ്.

= ദൈവമാണെന്റെയും കുടുംബത്തിന്റെയും മുഴുവൻ ബലം. ക്രിസ്തു എന്റെ ദൈവമാണ്. ക്രിസ്തുവിലൂടെ ദൈവസ്‌നേഹം അവതീർണ്ണമായി. സ്‌നേഹത്തിന്റെ അനന്തതയാണ് ക്രിസ്തു. മറ്റൊരു മനുഷ്യനും ആ സ്‌നേഹത്തിന്റെ സമീപത്തുപോലും എത്തിയിട്ടില്ല എന്ന് ഞാൻ കരുതുന്നു. കരുണയോടെ വിധിക്കുന്ന ന്യായാധിപനാണ് അവിടുന്ന്. അവന്റെ സന്ദേശം ലളിതമാണ്. നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്‌നേഹിക്കുക. സന്ദേശം മനസിലാക്കുക എളുപ്പമെങ്കിലും ജീവിക്കുക അത്ര എളുപ്പമല്ല. സ്തുതിയർപ്പിക്കാൻ ദിവ്യബലിയും കാരുണ്യംതേടാൻ കുമ്പസാരക്കൂടും ഉണ്ടെന്നത് നമ്മുടെ മാത്രം ഭാഗ്യമാണ്. ഏതൊരു വിധിനിർണ്ണയത്തിനു മുമ്പും ഞാൻ ഏറെനേരം ശാന്തമായിരിക്കും. പെട്രോൾ സ്റ്റേഷനിൽ ഇന്ധനത്തിന് കാത്തുകിടക്കുന്നതുപോലെ. ശാന്തമായ ആത്മാവിൽ ലഭിക്കുന്ന ദൈവിക ഇന്ധനത്തിന്മേൽ വിധിനിർണ്ണയം നടത്തും. അതുകൊണ്ട് കഴിഞ്ഞകാലങ്ങളിലെ വിധികളെക്കുറിച്ച് വിഷമിക്കേണ്ടി വന്നിട്ടില്ല.

ഞാൻ എന്റെ ജോലി ഇഷ്ടപ്പെടുന്നു. ഇത് സ്വതന്ത്രമായ ഒരു സ്ഥാനമാണ്. എന്റെ മനഃസാക്ഷിയും അറിവും അനുസരിച്ച് നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കാം. വിധി നിർണ്ണയിക്കാം. രാഷ്ട്രീയപരമായ ഇടപെടലുകൾക്ക് വിധേയമാകേണ്ട ആവശ്യമില്ല. ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനും കഴിയും. ഈ സ്വാതന്ത്ര്യത്തിൽ ഞാൻ ഈ സേവനം എന്റെ രാജ്യത്തിനായി ചെയ്യുന്നു. പ്രതിസന്ധികളിലെ ഒരു ശരണം മാത്രമാകരുത് ദൈവം. അത് തെറ്റായ ഒരു ദൈവസങ്കല്പമല്ലേ. എന്നും അനുഭവിക്കേണ്ടതും ഒരുമിച്ച് സഞ്ചരിക്കേണ്ടതും എല്ലാം പങ്കുവയ്‌ക്കേണ്ടതുമായ ഒന്നാണ് എന്റെ ദൈവം. ഈ ബന്ധം നമ്മുടെ പ്രൊഫഷനെ വ്യത്യസ്തമാക്കും. ഏകാന്തതയിൽ അവൻ നമുക്കൊപ്പം സഞ്ചരിക്കും. ജീവിതത്തിന്റെ ഗതിതന്നെ മാറുന്നത് ഞാൻ കാണാറുണ്ട്. ജപമാല എപ്പോഴും എനിക്കൊപ്പമുണ്ട്. വീട്ടിലും വിശ്വാസത്തെ ജീവിക്കലാണ് എന്റെ ന്യായാധിപകസേരയിലെ ജോലി. ഏറ്റം വലിയ ന്യായാധിപനായ യേശുക്രിസ്തുവിന്റെ വിധിയിൽ പങ്കുപറ്റുക.

റോയി പാലാട്ടി സി.എം.ഐ

Source: Sunday Shalom