News >> സഹോദരന്മാർ ഏകമനസായി വസിക്കുന്ന ഇടം
101 രാജ്യങ്ങളിലായി സേവനം ചെയ്യുന്ന കപ്പൂച്ചിൻ സഹോദരന്മാർ ഉപരിപഠനത്തിന് എത്തിച്ചേരുന്ന വിശുദ്ധ ലോറൻസ് ഓഫ് ബ്രിൻഡിസിയുടെ നാമത്തിലുള്ള റോമിലെ അന്തർദേശീയ കോളജിനെക്കുറിച്ച്...കപ്പൂച്ചിൻ സഭയ്ക്ക് അന്തർദേശീയ കോളജോ...? കേൾക്കുമ്പോൾ കപ്പൂച്ചിൻ സഭയെ അല്പമെങ്കിലും പരിചയമുള്ളവരുടെ നെറ്റി ചുളിയും. സന്യാസികളിൽ പാവങ്ങളാണെന്നാണല്ലോ കപ്പൂച്ചിൻകാർ അ റിയപ്പെടുന്നത്. എന്നാൽ അന്തർദേശീയ കോളജെന്ന പേരിൽ റോമിലുള്ളത് ഒരു വിദ്യാഭ്യാസ സ്ഥാപനമല്ല. 101 രാജ്യങ്ങളിലായി സഭാസേവനം ചെ യ്യുന്ന കപ്പൂച്ചിൻ സഹോദരന്മാർ ഉപരിപഠനത്തിനായി എത്തിച്ചേരുന്ന ആശ്രമമാണിത്. ഇവിടെ താമസിച്ചുകൊണ്ട്, റോമിലുള്ള വിവിധ സർവകലാശാലകളിൽ പഠിക്കുക എന്ന ഉത്തരവാദിത്വത്തിലാണ് ഓരോരുത്തരും മുഴുകിയിരിക്കുന്നത്. ഇവിടെയുള്ള ചില സഹോദരന്മാർ വത്തിക്കാനിലെ കമ്മീഷനുകളിൽ ജോലി ചെയ്യുകയും യൂണിവേഴ്‌സിറ്റികളിൽ പഠിപ്പിക്കുകയും ചെയ്യുന്നു.റോമിൽ ഈ കോളജ് സ്ഥാപിതമായിട്ട് 2008 ഫെബ്രുവരിയിൽ 108 വർഷം പൂർത്തിയായി. ഈ 108 വ ർഷത്തിനിടയ്ക്ക് കോളജ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. ആദ്യം കോളജ് നിലനിന്നിരുന്നത് ടൗണിനോട് ചേർന്നായിരുന്നു. ഇപ്പോഴുള്ള സ്ഥലത്ത് നാൽപത് വർഷം പൂർത്തിയാക്കി. റോമിന്റെയും വത്തിക്കാന്റെയും തിരക്കുകളിൽ നിന്നും മാറി, ശാന്തസുന്ദരമായ ഒരിടമാണത്. ഇവിടെ ധാരാളം മരങ്ങളും അതിനോട് ചേർന്ന് നല്ല പച്ചപ്പുമുണ്ട്. പഠനത്തിന്റെ മടുപ്പുകൾക്കിടയിൽ ഒന്ന് നടന്ന് വരുമ്പോൾ മനസ് ശാന്തമായ ജലാശയം പോലെ സുന്ദരമാകും. ഇവിടെ ഞാൻ എന്നും കാണുന്ന ഒരു പക്ഷി മയിലിനെപ്പോലെയുള്ള ഒന്നാണ്. അത് പുറപ്പെടുവിക്കുന്ന സ്വരവും ഈ പരിസരവും എല്ലാം വിശുദ്ധ ഫ്രാൻസീസിന്റെ നാളുകളുടെ പ്രതീതി ഉണർത്തുകയും ചെയ്യുന്നു.നിരത്തുകൾ തിരക്കു കുറഞ്ഞതാണെങ്കിൽ അരമണിക്കൂർ നേരത്തെ യാത്രകൊണ്ട് സഭാകേന്ദ്രമായ വത്തിക്കാനിൽ എത്തിച്ചേരാം. ഇവിടെ നിന്നും റോമി ന്റെ ഹൃദയഭാഗത്തേക്ക് യാത്രാസൗകര്യം അല്പം കുറവാണ്. അതിനാൽ തിങ്കൾ മുതൽ വെള്ളി വരെ സർവകലാശാലകളിലേക്ക് ക്ലാസുകൾക്ക് കൃത്യമായി എത്തിച്ചേരുവാൻ സഭ തന്നെ ബസ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രണ്ടു ബസുകളാണ് ഇവിടെനിന്നും പുറപ്പെടുന്നത്. രാവിലെ 7.20 ന് ബസ് പുറപ്പെടും. ബസിൽ ടൗണിലെത്തുകയും അതേ ബസി ൽ ക്ലാസിനുശേഷം തിരികെ വരികയും ചെയ്യുന്നതിനാൽ, സ്‌കൂൾ കുട്ടികൾക്ക് സുഖമാണോ, നിങ്ങളുടെ സ്‌കൂൾബസ് എപ്പോഴാണ് എന്നൊക്കെ ചോദിച്ച് ഞങ്ങളെ കളിയാക്കുന്നവരും ഉണ്ട്.ഓരോ വർഷവും പല രാജ്യങ്ങളിൽ നിന്നായി ചുരുങ്ങിയത് മുപ്പത്തിയഞ്ചോ നാൽപതോ പേർ പഠനത്തിനായി വിശുദ്ധ ലോറൻസ് ഓഫ് ബ്രിൻഡിസിയുടെ നാമത്തിലുള്ള ഈ കോളജിൽ എത്തിച്ചേരാറുണ്ട്. കളേഴ്‌സ് ഓഫ് ലൈഫ് എന്ന് ഇംഗ്ലീഷിൽ പറയുന്നത് സത്യമായ ഒരിടമാണിത്. പാശ്ചാത്യനാട്ടുകാരുടെ വെളുത്ത നിറവും ആഫ്രിക്കയിൽ നിന്നുള്ളവരുടെ കറുത്ത നിറവും ഏഷ്യക്കാരുടെ ഇരുനിറവും ഇവിടെ സമന്വയിക്കപ്പെട്ടിരിക്കുന്നു. സ്വന്തം നാട്ടിൽ അവർ വഹിച്ചിരുന്ന ഉത്തരവാദിത്വം എന്തുതന്നെയായിരുന്നെങ്കിലും ഇവിടെ വന്നു കഴിയുമ്പോൾ എല്ലാവരും തുല്യരാണ്. അതാണിവിടുത്തെ പ്രത്യേകത. പ്രായവ്യത്യാസങ്ങളോ പഠിക്കുന്ന വിഷയത്തിന്റെ പ്രത്യേകതയോ വന്നിരിക്കുന്ന സ്ഥലത്തിന്റെ മാഹാത്മ്യമോ ഒന്നും ഇവിടെ നിലിൽക്കുന്നില്ല. ഇവിടെ എല്ലാവരും അസ്സീസിയിലെ വലിയ മനുഷ്യന്റെ വഴിയിലൂടെ ഈശോയെ അനുഗമിക്കുന്നവരാണ്.ലോകത്തിലെ ഏറ്റവും വലിയ കപ്പൂച്ചിൻ സമൂഹമാണിത്. ഇവിടുത്തെ സഹോദരങ്ങളുടെ എണ്ണം ഒരിക്കലും നൂറ്റിയിരുപതിൽ കുറയാറില്ല. ഒരമ്മ പെറ്റ മക്കളായി കഴിയുന്ന സഹോദരന്മാർ. ഒരേ കുടുംബാംഗങ്ങളായ എന്നാൽ വിദൂരങ്ങളിൽ സുവിശേഷവേല ചെ യ്യുന്ന ഇത്രയധികം സഹോദരന്മാർ, അവരിൽ ഒരാളാ യി ഇവി ടെ അല്പനാളുകൾ ചിലവഴിക്കാനാകുന്നത് അത്യപൂർവമായി മാത്രം ലഭ്യമാകുന്ന കൃപയാണ്. കാ രണം ഓരോ വർഷവും മാറ്റത്തിനു വിധേയമാണീ സമൂഹം. റോമിലാണ് ഈ കോളജെങ്കിലും ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത് ഏഷ്യക്കാരാണ്. കൂടുതൽ പേരും ഇന്ത്യയിൽനിന്നുള്ളവരും അതിൽ മലയാളികൾ ഭൂരിപക്ഷവുമാണ്. അതിനൊരു കാരണമുണ്ട്, ഇന്ത്യയിൽ കപ്പൂച്ചിൻ സഭയ്ക്ക് ഒന്നിലേറെ പ്രവിശ്യകളുള്ള സം സ്ഥാനം കേരളമാണ്. ഇപ്പോൾ കേരളത്തിൽ നാല് കപ്പൂച്ചിൻ പ്രവിശ്യകളാണുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും എന്നും ശത്രുതയുടെ പര്യായമാണെങ്കിലും ഇവിടെയുള്ള പാക്കിസ്ഥാനികളായ കപ്പൂച്ചിൻ സഹോദരന്മാർ മിത്രങ്ങളാണ്. അതുമാത്രമല്ല, ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ഒന്നിച്ചാണ് പല കാര്യങ്ങളും ചെയ്യുന്നത് എന്നത് മറ്റൊരു സന്തോഷകരമായ കാര്യമാണ്.ഇപ്പോൾ അന്തർദേശീയ കപ്പൂച്ചിൻ കോളജിന്റെ റെക്ടർ സ്വിറ്റ്‌സർലണ്ടുകാരനായ ഇസിദോർ പീറ്റർ ഹാൻസ് ആണ്. വർഷങ്ങളോളം ആഫ്രിക്കയിലെ ടാൻസാനിയായിലും കെനിയയിലും മിഷനറിയായി ശുശ്രൂഷ ചെയ്തശേഷമാണ് ഇവിടെ എത്തിയിരിക്കുന്നത്. അസിസ്റ്റന്റ് റെക്ടർ കർണാടകയിൽ നിന്നുള്ള ബോന മാർസൽ എന്ന സഹോദരനാണ്. (ഈ കഴിഞ്ഞ ജൂൺ മാസം തുർക്കിയിൽ വധിക്കപ്പെട്ട ലുയിജി പദോവേസെ എന്ന മെത്രാൻ ഈ കോളജിന്റെ മുൻ റെക്ടറായിരുന്നു. വധിക്കപ്പെടുന്നതിന്റെ ഒരാഴ്ച മുൻപ് അദ്ദേഹം ഇവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.)
ഈ കോളജിന്റെ എല്ലാമായ ഒരു ലൂക്കാച്ചനുണ്ട്. അദ്ദേഹമാണ് ഇവിടുത്തെ സാമ്പത്തിക കാര്യങ്ങളുടെ നടത്തിപ്പുകാരൻ. ഇറ്റലിയിലെ മിലാൻ ഭാഗത്താണ് അദ്ദേഹം ജനിച്ചത്. ഇപ്പോൾ ആഫ്രിക്കയി ലെ കാമറൂണിലെ മിഷനറിയാണ്. അദ്ദേഹത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത തന്റെ ഇടതുകരം പ്രവർ ത്തനക്ഷമമല്ല എന്നതാണ്. വർഷങ്ങൾക്ക് മുൻപ് ഒരപകടം കൊടുത്ത സമ്മാനം. എന്നാൽ തന്റെ മൃതമായ ഇടതുകരം അദ്ദേഹത്തിന്റെ ദൗത്യപൂർത്തീകരണത്തിന് തടസമാകാറില്ല. ഒറ്റക്കൈകൊണ്ട് ഓടിനടന്ന് എല്ലാം ചെയ്യുന്നത് കാണുന്നതുപോലും പ്ര ചോദനാത്മകമാണ്. അദ്ദേഹം എത്താത്ത സ്ഥലങ്ങളില്ല, ചെയ്യാനറിയാത്ത കാര്യങ്ങളുമില്ല.ഓരോ ആറു വർഷം കൂടുമ്പോഴും നടത്തുന്ന സഭാ അസംബ്ലി ആഘോഷിക്കുന്നതും ഇവിടെയാണ്. കപ്പൂച്ചിൻ സഭയുടെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന വലിയ വീടാണിത്. കാരണം പുതിയ നേ തൃത്വത്തെ തിരഞ്ഞെടുക്കുന്നതും അവർ ശുശ്രൂഷാദൗത്യം ഏറ്റെടുക്കുന്നതും ഈ വീട്ടിൽ വച്ചാണ്.ഈ കോളജിന് പല ഭാഗങ്ങളുണ്ട്. പഠിക്കാനായി വരുന്നവരും അവരുടെ ഉത്തരവാദിത്വം വഹിക്കുന്നവരുമാണ് ഇതിലെ പ്രധാന ഭാഗമലങ്കരിക്കുന്നത്. ഈ കോളജിനകത്ത് തന്നെ ഒരു ചരിത്രവിഭാഗം സ്ഥിതിചെയ്യുന്നു. ഏതാണ്ട് ഒൻപതോ പത്തോ സഹോദരന്മാർ ഇവിടെ ജോലി ചെയ്യുന്നു. കപ്പൂച്ചിൻ സഭയുടെ ചരിത്രവിഭാഗം എന്നു പറയാം. 1930 ൽ അസ്സീസിയിലാണ് കപ്പൂച്ചിൻ ഹിസ്റ്റോറിക് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. പത്തുവർഷങ്ങൾക്കുശേഷം അത് റോമിലേക്ക് മാറ്റി. ഇപ്പോൾ ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പോളണ്ടുകാരനായ അലക്‌സാണ്ടർ എന്ന സഹോദരനാണ് അതി ന്റെ അസിസ്റ്റന്റ്. ഡയറക്ടർ മലയാളികൾക്ക് സുപരിചിതനും ചരിത്രകാരനുമായ ബനഡിക്ട് വടക്കേക്കരയച്ചനാണ്. ഓരോ വർഷവും ഇവർ ധാരാളം ചരിത്രപരമായ ഗവേഷണങ്ങളും അതിന്റെ തുടർച്ചയായി സിമ്പോസിയങ്ങളും സംഘടിപ്പിക്കുന്നു. ഒപ്പം ധാരാളം പുസ്തകങ്ങളും പുറത്തെത്തിക്കുന്നു.ഇവിടെയുള്ള മറ്റൊന്ന് ഫ്രാൻസിസ്‌കൻ മ്യൂസിയമാണ്. പെയിന്റിങ്ങുകളും ചിത്രങ്ങളും ഫോട്ടോകളും മുദ്രകളും പലതരം വസ്തുക്കളും നാണയങ്ങളും മെഡലുകളും തുടങ്ങി ഫ്രാൻസിസ്‌കൻ ജീവിതത്തിന്റെ ചരിത്രപരമായ ഏടുകൾ വെളിപ്പെടുത്തുന്നതാണീ മ്യൂസിയം. ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്ന് രണ്ടു നിലകളിലായാണിത് സ്ഥിതി ചെയ്യുന്നത്.മറ്റൊരു പ്രധാന ഇടം ഇവിടുത്തെ ലൈബ്രറിയാണ്. കപ്പൂച്ചിൻ സഭയുടെ അന്തർദേശീയ പുസ്തകശേഖരമാണിത്. അഞ്ചു നിലകളിലായി സ്ഥിതി ചെയ്യുന്ന ഒരു ബൃഹത്തായ സ്ഥാപനം. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട് എന്നത് ഒരു ആശീർവാദമായി കണക്കാക്കപ്പെടുന്നു. ലോകത്തെ എല്ലാ കപ്പൂച്ചിൻ പ്രവിശ്യകളുടെയും വാർത്താപത്രിക ഇവിടെ വരാറുണ്ട്. അത് സൂക്ഷിച്ചുവയ്ക്കാറുമുണ്ട്.
റോമിലെ അന്തോണിയാനം എന്ന യൂണിവേഴ്‌സിറ്റിയുടെ ഫ്രാൻസിസ്‌കൻ ആധ്യാത്മികതാ വിഭാഗത്തിന്റെ ഓഫിസ് സ്ഥിതിചെയ്യുന്നതും ഈ കോളജിലാണ്. ഇവിടെ എത്തുന്ന ധാരാളം സഹോദരന്മാർ ഫ്രാൻസിസിനെക്കുറിച്ച് പഠിക്കുന്നവരാണ്. മാത്രമല്ല ആ വിഭാഗത്തിന്റെ പ്രധാന അധ്യാപകരും ഇവിടെ നിന്നുള്ളവരാണ്. ഇതെല്ലാം കൂടിച്ചേർന്നതാണ് കപ്പൂച്ചിൻ സഭയുടെ അന്തർദേശീയ കോളജ്.റോമിലെ യൂണിവേഴ്‌സിറ്റികളിൽ ക്ലാസാരംഭിക്കുന്നത് ഒക്‌ടോബർ മാസത്തിലാണ്. എല്ലാ സഹോദരന്മാരും അപ്പോഴാണ് എത്തിച്ചേരുക. ഇറ്റാലിയൻ ഭാഷ അറിഞ്ഞിരിക്കേണ്ടത് റോമിലെ ജീവിതത്തിന് അത്യാവശ്യമായതിനാൽ ഈ നാട്ടുകാരല്ലാത്ത സ ഹോദരന്മാർക്കായി നാലുമാസം നീണ്ടുനിൽക്കുന്ന ഭാഷാ പരിശീലനം അധ്യയനവർഷം തുടങ്ങുന്നതിനുമുൻപ് നടത്താറുണ്ട്. വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളിനു മുൻപായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ധ്യാനവും എല്ലാ വർഷവും ക്രമീകരിക്കാറുണ്ട്.എല്ലാ ദിവസവും ഇവിടെ മൂന്നുനേരവും വിശുദ്ധ കുർബാനയുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും. ഏതു സമയമാണോ സഹോദരങ്ങൾക്ക് ഉചിതമായത് ആ സമയത്തെ സമൂഹബലിയിൽ പങ്കുചേരാം. എന്നാൽ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം മാത്രമാണ് വിശുദ്ധ കുർബാന. അന്ന് വിശുദ്ധ കുർബാന യ്ക്ക് നേതൃത്വം കൊടുക്കുന്നത് ഓരോ ഗ്രൂപ്പുകളാണ്. (ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ചേർ ന്ന ഒരു ഗ്രൂപ്പ്, ഇന്തോനേഷ്യക്കാരുടെ ഒരു ഗ്രൂപ്പ്, ലാറ്റിനമേരിക്കക്കാരുടെ ഒരു ഗ്രൂപ്പ്, ഇറ്റലിക്കാരുടെ ഒരു ഗ്രൂപ്പ്, പോളണ്ടുകാരുടെ ഒരു ഗ്രൂപ്പ്... എന്നാൽ ഒന്നോ രണ്ടോ പേർ മാത്രമുള്ള രാജ്യക്കാർ അവരുടെ പാരമ്പര്യത്തോട് അടുത്തുനിൽക്കുന്ന ഗ്രൂപ്പിൽ ചേരും) വിശുദ്ധ കുർബാന ഇറ്റാലിയൻ ഭാഷയിലാണെങ്കിലും അ ന്നത്തെ പാട്ടുകളും രീതികളും അവരുടേതായിരിക്കും. ഇന്ത്യാ പാക്കിസ്ഥാൻ ഗ്രൂപ്പ് വരുമ്പോൾ എല്ലാ ഭാഷക്കാർക്കും എപ്പോഴും അവസരം കിട്ടാറില്ല. ഹിന്ദി, ഉർദു, കൊങ്കണി, കന്നഡ, തമിഴ്, മലയാളം, പഞ്ചാബി, തെലുങ്ക്... തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇന്തോ-പാക്ക് ഭാഷകൾ. മനോഹരവും ഹൃദയസ്പർശിയുമായ ഒരനുഭവമാണത്. വേറെ ഏതെങ്കിലും ഇടത്ത് ഇങ്ങനെയുണ്ടോ എന്നറിയില്ല.ഓരോ മാസവും അവസാനത്തെ വെള്ളിയാഴ്ച അത്താഴത്തിനുശേഷം സഹോദരന്മാർ എല്ലാവരും ഒത്തുചേർന്ന്, ആ മാസം ജന്മദിനവും നാമഹേതുകതിരുനാളും ആഘോഷിക്കുന്നവരെ അനുമോദിക്കുന്ന ഒരു വേളയുണ്ട്. പാട്ടുകൾ പാടിയും അവരെ അല്പം കളിയാക്കിയും അവരുടെ കാരിക്കേച്ചറുകൾ പ്രദർശിപ്പിച്ചും ആ മാസത്തെ പ്രധാന താരങ്ങളെല്ലാം ഒന്നിച്ചൊരു കേക്ക് മുറിക്കലും ഒക്കെ ആയിട്ടുള്ള ഒരു ആഘോഷം.
ഇവിടുത്തെ പൊതുഭാഷ ഇറ്റാലിയനാണ്. അതുപോലെ ഇറ്റാലിയൻ ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്. ജന്മനാടിന്റെയും അമ്മയും പ്രിയപ്പെട്ടവരും വച്ചു വിളമ്പിത്തന്ന ഭക്ഷണത്തിന്റെയും രുചി നാവിൽനിന്ന് നഷ്ടമാകാതിരിക്കാൻ ഓരോ നാട്ടുകാർക്കും വല്ലപ്പോഴും ഭക്ഷണം വച്ചുണ്ടാക്കി കഴിക്കാനുള്ള ചെറിയ അടുക്കള ഒരുക്കിത്തന്നിട്ടുണ്ട്. മലയാളികൾക്ക് വല്ലപ്പോഴും കപ്പയും മീനും ചോറും കഴിച്ച് ദൈവത്തിന്റെ സ്വന്തം നാടിനെ ഓർക്കാനൊരവസരം.കപ്പൂച്ചിൻ സഭയുടെ ഈ വലിയ വീടും വീട്ടിലുള്ളവരെയും കാണാൻ എല്ലാവരെയും സ്‌നേഹപൂർവം ക്ഷണിക്കുന്നു.പോൾ കൊട്ടാരം കപ്പുച്ചിൻSource: Sunday Shalom