News >> ഗോർബച്ചേവിന് പരിശുദ്ധാത്മാവിനെ നല്കിയ മാർപാപ്പ
സോവിയറ്റ് കമ്മ്യൂണിസം തകർന്നടിഞ്ഞത് ഗോർബച്ചേവിന്റെ ദുഷ്‌ചെയ്തികൾ മൂലമാണെന്ന വാദം അംഗീകരിക്കുന്നവർ വളരെ വിരളമാണിപ്പോൾ. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും റഷ്യയോടും അവികലമായ കൂറും വിധേയത്വവും പുലർത്തിയ വ്യക്തിയായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് വ്യവസ്ഥകളിൽ കടന്നുകൂടിയ അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിച്ച് റഷ്യയെ സോഷ്യലിസത്തിന്റെ ലോകോത്തര മാതൃകയാക്കുന്നതായിരുന്നു, അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം."രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി എന്നതിലുളവാക്കുന്ന ദു:ഖം എനിക്ക് താങ്ങാനാവുന്നതിലേറെയാണ്" ഓർമ്മക്കുറിപ്പുകളിൽ ഗോർബച്ചേവ് എഴുതി. രാജ്യത്തിനുള്ളിൽ നീതിയും ക്ഷേമവും വളരണമെന്നും ഇതര രാഷ്ട്രങ്ങളുമായുള്ള റഷ്യയുടെ ബന്ധം സത്യസന്ധവും സമാധാനപരവും ആയിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.ലെനിൻ-സ്റ്റാലിൻമാരെ ആദർശപുരുഷന്മാരായി അവതരിപ്പിക്കുന്ന പാഠപുസ്തകങ്ങൾ വായിച്ചാണ് ഗോർബച്ചേവ് വളർന്നത്. സോവ്യറ്റ് യൂണിയന്റെ ചോരപുരണ്ട ഭീകരചരിത്രം അദ്ദേഹത്തിനു ഒരടഞ്ഞ പുസ്തകമായിരുന്നു. തനിക്കെതിരെ പ്രകോപനങ്ങളും വെല്ലുവിളികളും ഉയർന്നപ്പോഴും ലെനിനിസ്റ്റ് ശൈലിയിൽ സായുധ സേനയെ ഉപയോഗിച്ച് വിമതരെ അടിച്ചമർത്തുകയല്ല ഗോർബച്ചേവ് ചെയ്തത്. എതിരാളികളോടുള്ള അദ്ദേഹത്തിന്റെ സമീപനം അന്തസുറ്റതും നീതിനിഷ്ഠവുമായിരുന്നു. ദീർഘകാലം സോവ്യറ്റ് വ്യവസ്ഥിതിയുടെ നിപുണ നിരീക്ഷകനായിരുന്ന പ്രശസ്ത പത്രലേഖകൻ അനറ്റോൾ ലീവന്റെ വാക്കുകളിൽ കുലീനവും മനുഷ്യത്വപരവുമായ രീതിയിൽ അധികാരം കയ്യാളിയിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണാധിപനാണ് ഗോർബച്ചേവ്. ഭാവി തലമുറകൾക്ക് നന്ദിയോടെ മാത്രമേ അദ്ദേഹത്തെ അനുസ്മരിക്കാനാവൂ.ദശലക്ഷക്കണക്കിന് നിരപരാധികളെ നിഷ്‌ക്കരുണം കൊന്നൊടുക്കിയ ലെനിൻ-സ്റ്റാലിൻ പ്രഭൃതികളുടെ പിൻഗാമിയായി രംഗത്തു വന്ന ഗോർബച്ചേവിൽ തുടിച്ചു നിന്ന ധാർമ്മികമേന്മ എവിടെ നിന്നുണ്ടായി? മറ്റെല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കുമെന്നപോലെ അദ്ദേഹത്തിന് ലഭിച്ചത് വൈരുദ്ധാത്മാകഭൗതികവാദത്തിൽ അധിഷ്ഠിതമായ നാസ്തികദർശനമായിരുന്നു. മതവിശ്വാസത്തിനും അതിൽ സ്ഥാനമുണ്ടായിരുന്നില്ല.ഗോർബച്ചേവിന്റെ അമ്മ പക്ഷേ ഉത്തമ ക്രൈസ്തവ ജീവിതം നയിച്ച ഭക്തയും വിനയാന്വിതയുമായ ഗ്രാമീണ വനിത ആയിരുന്നു. അദ്ദേഹം അവരെ ഉള്ളഴിഞ്ഞ് ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. അമ്മയുടെ മൃതശരീരം ക്രൈസ്തവാചാരങ്ങളോടെ സംസ്‌കരിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ചെറുപ്പകാലത്ത് അമ്മയോടൊപ്പം പള്ളിയിൽ പോകുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടാവുക സ്വാഭാവികം മാത്രം. പിന്നീട് പാർട്ടി പ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തമാവാം അദ്ദേഹത്തെ നിരീശ്വരനാക്കി മാറ്റിയത്. എന്നിട്ടും മനുഷ്യജീവിതത്തിന്റെ ആധ്യാത്മിക മാനങ്ങളോട് തുറവിയാർന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു.അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് ജോൺപോൾ മാർപാപ്പയുമായി ഗോർബച്ചേവ് പുലർത്തിയിരുന്ന ഗാഢസൗഹൃദം. ഇരുവരും സ്ലാവ് വംശജർ. റഷ്യയുടെ അടുത്ത രാജ്യമായ പോളണ്ടിൽ നിന്നാണ് കർദ്ദിനാൾ കാരൾ വോയ്റ്റീവ പാപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏതാനും മാസങ്ങൾക്കകം സ്വന്തം ജന്മനാട് സന്ദർശിക്കാൻ അദ്ദേഹം വാർസോവിലെത്തി.അന്ന് ഫ്രാൻസിലെ സ്റ്റാമ്പ് ബർഗ്ഗ സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ഈ ലേഖകന് അയച്ചു തന്ന ഒരു കത്തിൽ എൻ.വി കൃഷ്ണവാര്യർ ചോദിച്ചു. ഈ സന്ദർശനത്തിന്റെ ആന്തരാർത്ഥം എന്തായിരിക്കും? കമ്മ്യൂണിസം മതവുമായി ഒത്തുതീർപ്പിനെത്താനുള്ള സമയമായോ? മതം കമ്മ്യൂണിസ്റ്റ് ലോകത്തിലേക്ക് തിരിച്ചു വരികയാണോ? ആണെങ്കിൽ അതിൻഫലമായി കമ്മ്യൂണിസത്തിനും മതത്തിനും വരുന്ന പരിണാമങ്ങൾ എന്തായിരിക്കും? പത്രാധിപർ ഉന്നയിച്ച ഏറെ പ്രസക്തമായ ഈ ചോദ്യങ്ങൾക്കുള്ള എന്റെ മറുപടി ലേഖന രൂപത്തിൽ മാതൃഭൂമി ആഴ്ചപതിപ്പിൽ (16 സെപ്തംബർ 1979) അച്ചടിച്ച് വരികയും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ അതിനോട് വിശദമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിനുശേഷവും ലക്ഷക്കണക്കിനു വിശ്വാസികളാണ് മാർപാപ്പയെ സ്വീകരിക്കാൻ ഉത്സാഹഭരിതരായി വിവിധ കേന്ദ്രങ്ങളിൽ തടിച്ചു കൂടിയത്. സ്‌നേഹം, നീതി, സത്യം, സ്വാതന്ത്ര്യം എന്നീ ധാർമ്മിക മൂല്യങ്ങളുടെ പരമപ്രാധാന്യത്തെപ്പറ്റിയും അവ ജനമധ്യത്തിൽ നിലനിർത്താൻ സഭ നിർവഹിക്കുന്ന സേവനങ്ങളെപ്പറ്റിയും അദ്ദേഹം ജനക്കൂട്ടത്തോട് സംസാരിച്ചു.സ്റ്റാലിനും ഹിറ്റ്‌ലറും നിരപരാധികളുടെ മേൽ അടിച്ചേൽപ്പിച്ച കൊടും ക്രൂരതകളെ ശക്തമായ ഭാഷയിൽ അപലപിച്ചു. തലമുറകളെ പരസ്പര സ്‌നേഹത്തിലും അനുസരണത്തിലും നീതിബോധത്തിലും വളർത്താൻ യേശുക്രിസ്തു നൂറ്റാണ്ടുകളിലൂടെ വഹിച്ചിട്ടുള്ള രക്ഷാകരദൗത്യത്തെ പ്രകീർത്തിച്ചു. മാനവചരിത്രത്തിൽ നിന്നും ക്രിസ്തുവിനെ ഒഴിവാക്കുന്നത് മനുഷ്യനെതിരായ പ്രവൃത്തിയാണ്. കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളുടെ മതവിരുദ്ധ നടപടികളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു. ഈ സന്ദർശനം ലോകമാധ്യമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശദമായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.പേപ്പൽ സന്ദർശനത്തെ തുടർന്ന് റഷ്യ ഉൾപ്പെടെയുള്ള പൗരസ്ത്യ യൂറോപ്യൻ രാഷ്ട്രങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണാധികാര കുത്തക തകർന്നടിഞ്ഞു. സ്ഥാനഭ്രഷ്ടരായവരുടെ കൂട്ടത്തിൽ ഗോർബച്ചേവും ഉണ്ടായിരുന്നു. കമ്മ്യൂണിസത്തിന്റെ ഭൂമുഖത്തുനിന്നുള്ള തിരോഭാവം എല്ലാംകൊണ്ടും സ്വാഗതാർഹമാണെന്ന ഉത്തമബോധ്യത്തിൽ ഇതിനകം ഗോർബച്ചേവ് എത്തിക്കഴിഞ്ഞിരുന്നു. വലിയ നാശനഷ്ടങ്ങൾക്കുമിടയാക്കുന്ന സൈനിക നടപടിയോ സായുധ വിപ്ലവമോ കൂടാതെ തികച്ചും സമാധാനപരമായ രീതിയിൽ ആ മാറ്റം യാഥാർത്ഥമാക്കിയത് പോപ്പ് ജോൺ പോൾ ആണെന്ന് ആദ്യം തിരിച്ചറിഞ്ഞ ലോകനേതാവത്രെ ഗോർബച്ചേവ്. അക്കാര്യത്തിൽ തനിക്കുള്ള സന്തോഷവും കൃതജ്ഞതയും മാർപാപ്പയെ നേരിട്ടറിയിക്കാൻ 1989-ൽ അദ്ദേഹം വത്തിക്കാനിൽ എത്തി. 2005-ൽ ദിവംഗതനായ പോപ്പിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾ റോമിൽ ആരംഭിച്ച സമയത്തും റോമിൽ അദേഹത്തിന്റെ സാനിധ്യമുണ്ടായിരുന്നു."സുപ്രധാനമായ രാഷ്ട്രീയ തീരുമാനങ്ങളൈടുക്കേണ്ടിവന്ന പല അവസരങ്ങളിലും താൻ മാർപാപ്പയുടെ ഉപദേശം തേടിയിട്ടുണ്ടെ"ന്ന് ഗോർബച്ചോവ് ഒരിക്കൽ വെളിപ്പെടുത്തി. "ഒട്ടനവധി വൻ പ്രശ്‌നങ്ങൾ സ്വന്തമായ രീതിയിൽ കൈകാര്യം ചെയ്തിട്ടുള്ള ഒരു അസാധാരണ വ്യക്തിയാണ് അദ്ദേഹം. തീരുമാനങ്ങൾ എപ്പോഴും ശരിയായിരുന്നു. അദ്ദേഹമാണ് എനിക്ക് പരിശുദ്ധാത്മാവിനെ നല്കിയത്. പോപ്പ് വൊയ്ത്തീവയുമായുള്ള എന്റെ വ്യക്തിഗത ബന്ധത്തെയും അദ്ദേഹത്തിൽ ഞാൻ കണ്ട വിശിഷ്ടഗുണങ്ങളെയുംപറ്റി സഭാധികൃതരുടെ മുമ്പിൽ സാക്ഷ്യം പറയാൻ ഞാൻ സന്നദ്ധനാണ്."സ്റ്റാലിന്റെ ഭരണകാലത്ത് പട്ടിണി മരണം റഷ്യയിൽ വ്യാപകമായപ്പോൾ ആ രാജ്യം സന്ദർശിച്ച ബർണാഡ് ഷാ അവിടെ കണ്ടത് അതിഭക്ഷണം മൂലം തടിച്ച് കൊഴുത്ത മനുഷ്യരെ മാത്രമായിരുന്നത്രെ. 1934-ൽ സ്റ്റാലിനെ നേരിട്ട് കണ്ട് സംസാരിച്ച ശേഷം എച്ച്.ജി വെൽസ് എഴുതി. "സ്റ്റാലിനെപ്പോലെ ഉദാരശീലനും നീതിനിഷ്ഠനും സത്യസന്ധനുമായ വേറൊരു മനുഷ്യനും ഈ ഭൂമുഖത്തില്ല"രണ്ട് വിശ്വസാഹിത്യകാരന്മാരുടെ അതിമനോഹരമായ അതിശയോക്തി പ്രയോഗമായി ഇതിനെ പ്രകീർത്തിക്കുന്നവരുണ്ടാകും. തെല്ലതിൽ സ്പർശമില്ലാതെ ഇല്ലലങ്കാരമെന്നൊന്ന് എന്നാണല്ലോ ചൊല്ല്.റഷ്യയിലെയും പൗരസ്ത്യ യൂറോപ്യൻ രാജ്യങ്ങളിലെയും ജനങ്ങൾ കമ്മ്യൂണിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് വിമോചിതരായി കഴിഞ്ഞു. ക്രൈസ്തവർ മാത്രമല്ല മുസ്ലീംങ്ങൾ, യഹൂദർ, ബൗദ്ധർ, ഹൈന്ദവർ തുടങ്ങിയവരെല്ലാം അവിടെ പൂർണ്ണസ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പുവരെ അചിന്ത്യമായിരുന്ന ഈ മാറ്റത്തിന്റെ പിന്നിൽ പോപ്പ് വൊയ്റ്റീവയോടൊപ്പം ഗോർബച്ചേവും വഹിച്ച പങ്കെന്തെന്ന് എല്ലാ രാഷ്ട്രീയ നേതൃത്വവും മനസിലാക്കിയിരുന്നെങ്കിൽ....
ഫാ. എ. അടപ്പൂർ എസ്.ജെSource: Sunday Shalom