News >> ചെറിയ ശരീരവുമായി ജീവിച്ച സന്യാസിനിയുടെ മൃതകുടീരത്തിലേക്ക് ജനപ്രവാഹം
സിഡ്‌നി: വിശുദ്ധിയുടെ പരിമളം പരത്തുകയും തന്നെക്കാൾ കഷ്ടപ്പാടിൽ കഴിഞ്ഞിരുന്നവർക്ക് സാന്ത്വനത്തിന്റെ തൂവൽ സ്പർശമേകാൻ കൊതിക്കുകയും ചെയ്ത സിഡ്‌നിയിലെ ഏയ്‌ലിൻ ഒ കോണറുടെ മൃതകുടീരദേവാലയത്തിലേക്ക് തീർത്ഥാടക പ്രവാഹം. രോഗികൾക്കും അശരണർക്കുമായി സ്ഥാപിക്കപ്പെട്ട ഔർ ലേഡീസ് നഴ്‌സസ് ഫോർ ദ പുവർ എന്ന സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപക കൂടിയാണ് ഏയ്‌ലിൻ.കൂഗിയിലെ ഔർ ലേഡിസാ ഹോമിൽ ഒത്തു ചേരുന്ന വിശ്വാസികൾ ജപമാലചൊല്ലുകയും എലിൻ ഒ കോണറുടെ മാധ്യസ്ഥ്യവും അവളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് പതിവാണ്. 19 വർഷമായി അവളുടെ സന്യാസസഭാംഗങ്ങൾ എല്ലാ ദിവസവും കല്ലറയിലെത്തി നിരന്തരം പ്രാർത്ഥിക്കുന്നു.വൈകല്യങ്ങളെ മറികടന്ന് ദൈവസന്നിധിയിലേയ്ക്ക് പിച്ചവെച്ച പുണ്യചരിതയായിരുന്നു എയ്‌ലീൻ. ശാരീരിക വൈകല്യങ്ങൾ ജീവിതത്തിനുമേൽ കരിനിഴൽ വാരിയിട്ടപ്പോഴും തികച്ചും അസാധ്യമായ ഒരു കാര്യം അവൾ ചെയ്തു. വേദനയിൽ കഴിയുന്നവർക്ക് വേണ്ടി അവൾ ഒരു മിനിസ്ട്രി ആരംഭിച്ചു. അതുവഴി അവൾ അനിതരസാധാരണമായ സേവനമാണ് കാഴ്ചവെച്ചത്.മൂന്നാമത്തെ വയസിലുണ്ടായ വീഴ്ചയിലാണ് ഏയ്‌ലിന്റെ നട്ടെല്ല് തകർന്ന് ഗുരുതര വൈകല്യം ബാധിച്ചത്. അനേകം സർജറികൾക്ക് വിധേയയായതോടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ശയ്യാവലംബിയായി കഴിയേണ്ടി വന്നു. ശാരീരികമായ വൈഷമ്യങ്ങൾക്കു പുറമെ, ക്ഷയരോഗവും ആരോഗ്യസ്ഥിതി വഷളാക്കി.സേക്രട്ട് ഹാർട്ട് വൈദികനായിരുന്ന ഫാ. എഡ്വേർഡ് മഗ്രാത്ത് റാൻഡ് വിക് ഇടവകദേവാലയത്തിലെ പതിവുസന്ദർശനവേളയിലാണ് അവളെ കണ്ടെത്തുന്നത്. രണ്ടുപേരും മാതാവിനോടുള്ള ഭക്തിയിൽ ജ്വലിക്കുന്നവരായിരുന്നു. മാതാവിനോടുള്ള സ്‌നേഹത്തെ പ്രതി രോഗികളെ പരിചരിക്കുന്നതിന് ഒരു സഭ സ്ഥാപിക്കുവാൻ ഇരുവരും ആഗ്രഹിച്ചു. രോഗബാധിതരായി വീടുകളിൽ കഴിയുന്നവരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത്, വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഗവൺമെന്റിന്റെ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. രോഗവും ഉറ്റവരുടെ ഉപേക്ഷയും പാവപ്പെട്ടവരുടെ ജീവിതം നരകതുല്യമാക്കി.നിരവധി അഭ്യുദയാകാംക്ഷികളുടെയും ഫാദർ എഡ്വർഡ് ജെല്ലിന്റെയും അദ്ദേഹത്തിന്റെ സഹോദരിയുടെയും സഹായത്തോടെ 1913 ൽ കൂഗിയിലെ ഔർ ലേഡീസ് ഹോമിൽ അവൾ മിനിസ്ട്രിക്ക് തുടക്കമിട്ടു. തുടർന്നുള്ള വർഷങ്ങളിൽ അനേകം യുവതികൾ പാവപ്പെട്ടവരെയും രോഗികളെയും പരിചരിക്കുക എന്ന സത്കർമ്മത്തിൽ പങ്കെടുക്കുവാൻ സന്നദ്ധരായി എത്തി.എയ്‌ലീൻ ഒ കോണർ ജീവിതകാലം മുഴുവൻ മുടന്തിനടക്കുവാനായിരുന്നു ദൈവഹിതം. സന്യാസിനി സഭ നിലവിൽ വന്നതോടെ, അവരുടെ ജീവിതശൈലി ആളുകൾ തിരിച്ചറിഞ്ഞു. അവരെ ബ്രൗൺ നഴ്‌സസ് എന്നു വിളിച്ചു തുടങ്ങി.തന്റെ വൈകല്യത്തിനും അനാരോഗ്യത്തിനും വേദനയ്ക്കുമെതിരെ പോരാടി അവൾ തന്റെ സമൂഹത്തിന് കിടക്കയിൽ കിടന്നുകൊണ്ടുതന്നെ വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.തെരസേ മഗ്ലുഹാൻ എന്ന സന്യാസിനിയെ താൻ സ്ഥാപിച്ച സഭയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഭരമേൽപിച്ച് 1921 ൽ അവൾ കടന്നുപോയി. അന്നവൾക്ക് വെറും 28 വയസേയുണ്ടായിരുന്നുള്ളൂ.
1936 ൽ ഭൗതികാവശിഷ്ടം അവളുടെ ആ പഴയ കൊച്ചുമുറിയിലേക്ക് മാറ്റുന്നതിന് സഭാധികൃതർ അനുവാദം നൽകി. അവിടെ ഒരു ദേവാലയവും സ്ഥാപിക്കപ്പെട്ടു. 1953 ൽ അവൾ സ്ഥാപിച്ച സഭയ്ക്ക് വത്തിക്കാൻ അംഗീകാരം നൽകി.ഭൗതികാവശിഷ്ടം അവളുടെ പഴയ മുറിയിലേയ്ക്ക് മാറ്റുന്നതിനായി കല്ലറ തുറന്നപ്പോൾ അവളുടെ ശരീരം ഒട്ടും ജീർണിക്കാത്ത അവസ്ഥയിൽ കണ്ടു. 1990 ലാണ് നാമകരണ നടപടി തുടങ്ങിയത്.Source: Sunday Shalom