News >> ബ്രദർ ആന്ദ്രെ കാനഡയിലെ ആദ്യവിശുദ്ധൻ


1870 - ൽ ആൽഫ്രഡ് ബാസറ്റ് എന്ന യുവാവ് സന്യാസിയാകാനുള്ള ആഗ്രഹത്തോടെ 'വിശുദ്ധ കുരിശിന്റെ സഭ' എന്ന സന്യാസ സഭയുടെ ആശ്രമത്തിലെത്തി. വിദ്യാലയങ്ങളും കോളജുകളും നടത്തി വന്നിരുന്ന സഭയിൽ ആ വിദ്യാവിഹീനന് എന്തു സ്ഥാനം നൽകും? ആശ്രമാധിപൻ ഒരു വഴി മാത്രമേ കണ്ടെത്തിയുള്ളൂ, "നീ ഈ സന്യാസഭവനത്തിലെ വാതിൽ കാവൽക്കാരനായിക്കോളൂ, മറ്റൊന്നും തന്നെ നിന്നെക്കൊണ്ടാവില്ല." ആൽഫ്രഡ് തനിക്കു ലഭിച്ച എളിയ കർത്തവ്യം സസന്തോഷം സ്വീകരിച്ചു, 'നോത്രെദാം' കോളജിൽ തുടർന്നുള്ള നീണ്ട 40 വർഷം ആ ജോലി തന്നെ ചെയ്തു.

1845 ൽ കാനഡയിലെ മോൺട്രീയൽ നഗരത്തിൽനിന്നും ഏതാനും മൈൽ അകലെയുള്ള ഐബർവിൽ എന്ന ഗ്രാമത്തിൽ മരപ്പണിക്കാരനായ ഐസക്കിനും ഭാര്യ ക്ലോടിൻഡയ്ക്കും ആറാമനായി ജനിച്ച ആൽഫ്രഡിന് ചെറുബാലനായിരുന്നപ്പോൾത്തന്നെ, അതീവഭക്തയായിരുന്ന അമ്മയിൽനിന്നും തിരുക്കുടുംബത്തോടുള്ള ഭക്തി പകർന്നുകിട്ടി. സായംകാലങ്ങളിൽ കുടുംബാംഗങ്ങൾ എല്ലാവരുംകൂടി ഒന്നിച്ചു മുട്ടിന്മേൽ നിന്നുകൊണ്ടു ജപമാല ചൊല്ലുമായിരുന്നു. ദാരിദ്ര്യത്തിനും അതിന്റേതായ നന്മകളുണ്ടല്ലോ! ആൽഫ്രഡിന് 12 വയസായപ്പോഴേക്കും അപ്പനും അമ്മയും മരിച്ചുപോയിരുന്നു. ബന്ധുക്കൾ ആ കുട്ടികളെ ഓരോരുത്തരായി ഏറ്റെടുത്തു. അങ്ങനെ സഹോദരങ്ങളിൽനിന്നും വേർപെട്ട് ഏകനായി മാതൃസഹോദരിയോടൊപ്പം വളർന്നു.

15 വയസുമുതൽ മുന്തിരിത്തോട്ടത്തിൽ കൂലിപ്പണി ചെയ്തും ചെരിപ്പുകുത്തിയുടെയും കൊല്ലപ്പണിക്കാരന്റെയും സഹായിയുമൊക്കെയായി ജോലി ചെയ്ത് നിത്യവൃത്തി കഴിച്ചുവന്നു. ബാല്യംമുതൽ തന്നെയുള്ള അനാരോഗ്യം- പ്രത്യേകിച്ചും കഠിനമായ വയറുവേദന- മൂലം, ഒരു ജോലിയിലും വിജയിക്കാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരുടെ പരിഹാസവും കുത്തുവാക്കുകളും മാത്രം കിട്ടിക്കൊണ്ടിരുന്നു.
എന്നാൽ, അവയൊക്കെയും വിനയത്തോടെ സ്വീകരിച്ചും ദീർഘനേരം ക്രൂശിതരൂപത്തിൻ മുന്നിൽ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചും പ്രസന്നത കൈവരിച്ചിരുന്നു.

ആൽഫ്രഡിനെ സന്യാസസഭയിൽ ചേർക്കുവാൻ ശുപാർശ ചെയ്തുകൊണ്ടുള്ള കത്തിൽ, ഇടവകവികാരി ഇപ്രകാരം എഴുതി. "ഒരു വിശുദ്ധനെയാണ് ഞാൻ നിങ്ങളുടെ സഭയിലേക്ക് അയക്കുന്നത്." സഭാവസ്ത്രം സ്വീകരിച്ചുകൊണ്ട് ആൽഫ്രഡ് 'ബ്രദർ ആന്ദ്രെ' എന്ന പേര് സ്വീകരിച്ചു. പഠനത്തിൽ ഏറെ പിന്നിലും നിത്യരോഗിയുമായിരുന്ന ബ്രദർ ആന്ദ്രെയെ, "ഒന്നിനും കൊള്ളാത്തവൻ" എന്നു മുദ്രകുത്തി സഭയിൽനിന്നും പറഞ്ഞുവിടാൻ അധികാരികൾ പലതവണ ഒരുമ്പെട്ടെങ്കിലും ബിഷപ് ബൂർജെയുടെ നിർദേശങ്ങൾക്കു വഴങ്ങി, ബ്രദറിനെ സഭയിൽ തുടരുവാൻ വൈമനസ്യത്തോടെയെങ്കിലും അവർ അനുവദിച്ചു. ആശ്രമവും പരിസരവും വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകുക, പൂന്തോട്ടം പരിപാലിക്കുക, പ്രാർത്ഥനാ സമയമെത്തുമ്പോൾ മറ്റു സന്യാസികളെ മുറിയിൽ ചെന്നു വിളിച്ചുകൊണ്ടുവരിക, സന്ദർശകരെ സ്വീകരിക്കുക എന്നിങ്ങനെ വിശ്രമമില്ലാത്ത ജോലികൾക്കിടയിലും നിരന്തര പ്രാർത്ഥന അദ്ദേഹത്തിന് ഉന്മേഷവും ശാന്തതയും നൽകി.

കോളജിനു മുൻവശം റോഡിനപ്പുറമുള്ള കുന്നിൻചരുവിൽ, തന്റെ സ്വർഗീയ മധ്യസ്ഥനായിരുന്ന വിശുദ്ധ യൗസേപ്പിന് ഒരു പ്രാർത്ഥനാലയം പണിയണം എന്നുള്ള തന്റെ ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരത്തിനായി ബ്രദർ ആന്ദ്രെ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിൽ അവിടെ നടക്കാൻ പോകുമ്പോൾ പലയിടത്തും കാശുരൂപങ്ങൾ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഒരിക്കൽ ഒരു യുവസന്യാസി ഈ പ്രവൃത്തി കണ്ടു ബ്രദറിനോട് ചോദിച്ചു, 'ആന്ദ്രെ നിങ്ങളെന്തിനാ ഈ കാശുരൂപങ്ങൾ മണ്ണിലേക്കിടുന്നത്?"

"ഓ! വിശുദ്ധ യൗസേപ്പിന് പ്രാർത്ഥനാലയം പണിയുവാൻ ഇതു സഹായകരമാവും, അതിനാണ്." "അസംബന്ധം, അസംഭവ്യം" പണ്ഡിതനായ യുവസന്യാസി പുച്ഛിച്ചുകൊണ്ടു കടന്നുപോയി. മാത്രമല്ല, സഹസന്യാസികളോടെല്ലാം ഈ സംഭവം പറഞ്ഞു; അവരൊക്കെയും ആന്ദ്രെയെ കണക്കറ്റു പരിഹസിക്കുകയും ചെയ്തു.

1896 ൽ ഹോളിക്രോസ് സന്യാസ സഭ ആ കുന്നിൻചരിവു മുഴുവൻ വിലയ്ക്കുവാങ്ങി. ഒന്നാംതരം ഒരു കോളജ് അവിടെ പണിതുയർത്തണം എന്നുമാത്രമാണ് സഭയുടെ ഉന്നതാധികാരികൾ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, വിശുദ്ധ യൗസേപ്പിന് ഒരു മഹാദേവാലയം എന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ബ്രദർ ആന്ദ്രെയ്ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇതിനിടെ, ബ്രദർ ആന്ദ്രെയുടെ മധ്യസ്ഥ പ്രാർത്ഥനയും രോഗശാന്തിവരവും തേടി അനേകർ ആശ്രമത്തിൽ വരുവാൻ തുടങ്ങി. ആശ്രമാധിപന്മാർക്ക് ഇത് യുക്തിഹീനവും അരോചകവും അസഹ്യവുമായി തോന്നിയതിനാൽ അദ്ദേഹത്തോട് ആ കുന്നിൻചെരുവിൽ ഒരു കൊച്ചുമുറി പണിത് അങ്ങോട്ടു താമസം മാറ്റിക്കൊള്ളുവാൻ അവർ അനുവാദം നൽകി.

അങ്ങനെ 12 അടി ചതുരമുള്ള ഒരു കൊച്ചുമുറിയിൽ ബ്രദറിന് വാസസ്ഥലം തയാറായി. ഒരു മരക്കട്ടിലും മേശയും രണ്ടു കസേരയും സ്വന്തമായി കിട്ടി! 1904 ൽ അദ്ദേഹത്തിന്റെ അത്ഭുത രോഗശാന്തി ലഭിച്ചു ധന്യരായവർ നൽകിയ സംഭാവനകൊണ്ട് വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഒരു ചെറിയ ചാപ്പലും പണിതീർത്തു.

ഇന്നവിടെ കോളജിനു പകരം ഒരു മഹാദേവാലയം പണിതുയർത്തിയിരിക്കുന്നു. കാനഡയിലെ ഏറ്റവും വലുതും മനോഹരവുമായ പള്ളി! പ്രതിവർഷം 20 ലക്ഷം തീർത്ഥാടകർ അവിടെ വന്ന് പ്രാർത്ഥിക്കുന്നു. 1937 ജനുവരി ആറിന് ബ്രദർ ആന്ദ്രെ മരണമടഞ്ഞു. "അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധനാവുമെന്ന് എനിക്കുറപ്പായിരുന്നു" എന്ന് ക്യൂബക്കിലെ ആർച്ച് ബിഷപ് മൃതസംസ്‌കാര ശുശ്രൂഷാമധ്യേ പ്രസംഗിക്കുമ്പോൾ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 70 ബിഷപ്പുമാരും 17 ആർച്ച് ബിഷപ്പുമാരും ആറ് കർദിനാൾമാരും ബ്രദർ ആന്ദ്രെയെ വിശുദ്ധ പദവിയിലേക്കുയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 1982 മെയ് 23 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയർത്തി. കാനഡയിലെ ആദ്യത്തെ വിശുദ്ധൻ!

രോഗശാന്തി ലഭിച്ചവരുടെ അനേകം സാക്ഷ്യപത്രങ്ങൾ, ഊന്നുവടിയുമായി വന്നിട്ട് ആരോഗ്യം വീണ്ടെടുത്തവർ ഉപേക്ഷിച്ചുപോയ നിരവധി ഊന്നുവടികൾ, ഒക്കെ ആ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ബ്രദർ ആന്ദ്രെയുടെ ഇന്നും അഴുകാതെയിരിക്കുന്ന ഹൃദയം, അവിടെ പ്രത്യേക പേടകത്തിൽ സൂക്ഷിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അവിടെ സകുടുംബം സന്ദർശിച്ചു പ്രാർത്ഥിക്കുവാൻ ഈ ലേഖകനും ഭാഗ്യം ലഭിച്ചു.
ബ്രദർ ആന്ദ്രെയോടൊപ്പം ആശ്രമ ഭവനത്തിൽ ജീവിച്ചിരുന്ന അനേകം പണ്ഡിതരായ, വാഗ്മികളായ സന്യാസികൾ മരിച്ച് വിസ്മൃതിയിൽ തള്ളപ്പെട്ടു കഴിഞ്ഞു.

അവരുടെയൊക്കെ നിരന്തരമായ പരിഹാസവും അവഗണനയും മാത്രം ഏറ്റുവാങ്ങി എളിയവനായി ജീവിച്ച ബ്രദർ ആന്ദ്രെയാവട്ടെ വിശുദ്ധനായി ഇന്ന് അനേകായിരങ്ങളുടെ മനസിൽ ജീവിക്കുന്നു. "വിജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു"(1 കോറി.1:27).

ഡോ. സിബി മാത്യൂസ് ഐ.പി.എസ്‌

Source: Sunday Shalom