News >> കാരുണ്യത്തിന്‍റെ തീര്‍ത്ഥാടകന്‍ പോര്‍സ്യൂങ്കൊള തീര്‍ത്ഥത്തിരുനടയില്‍


അസ്സീസിയിലെ പോര്‍സ്യൂങ്കൊള, കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനട പാപ്പാ ഫ്രാ‍ന്‍സിസ് സന്ദര്‍ശിച്ചു, പ്രാര്‍ത്ഥിച്ചു. ആഗസ്റ്റ് 4-ാം തിയതി വെള്ളി. ഇറ്റലിയിലെ 'അസ്സീസി നല്കുന്ന പാപമോചനം'  (the Pardon of Assisi) എന്ന വിഖ്യാതമായ അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം പ്രമാണിച്ചും, അത് കാരുണ്യത്തിന്‍റെ ജൂബിലിവത്സരവുമായി സന്ധിചേരുന്നതും കണക്കിലെടുത്താണ് പാപ്പായുടെ ലളിതമായ ഈ തീര്‍ത്ഥാടനം.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്ക് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലികോപ്റ്ററില്‍ പാപ്പാ പുറപ്പെട്ടു. അസ്സീസി പട്ടണ പ്രാന്തത്തിലെ സ്പേര്‍ട്സ് മൈതിനായിലാണ് പാപ്പാ ഇറങ്ങി. പെറൂജിയ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് സൊറെന്തീനോ, ഫ്രാ‍സിസ്ക്കന്‍ സഭയുടെ ഫ്രയര്‍ ജനറല്‍, ഫാദര്‍ മൈക്കിള്‍ ആന്‍റെണി പെറി, പ്രവിന്‍ഷ്യല്‍ ഫാദര്‍ ക്ലാവുദിയോ ഡുറിഗേത്തോ, മേയര്‍ സ്തെഫാനിയ പ്രൊയേത്തി എന്നിവര്‍ ചേര്‍ന്ന് പാപ്പായെ അനൗപചാരികമായി സ്വീകരിച്ചു.

നാലുമണിയോടെ കാറില്‍ യാത്രചെയ്ത് പോര്‍സ്യൂങ്കൊളിയില്‍ പാപ്പാ എത്തിചേര്‍ന്നു. മാലാഖമാരുടെ രാഞ്ജിയുടെ നാമത്തിലുള്ള ബസലിക്കയ്ക്ക് അകത്തുള്ള പോര്‍സ്യൂങ്കൊള കപ്പേളയില്‍ പ്രവേശിച്ച് പാപ്പാ ആദ്യം മൗനമായി 10 മിനിറ്റോളം പ്രാര്‍ത്ഥിച്ചു, ധ്യാനിച്ചു. കപ്പേളയിലുണ്ടായിരുന്ന 200-ല്‍പ്പരം വിശ്വാസികളും ഗായകസംഘവും പോര്‍സ്യൂങ്കൊള ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിലെ സന്ന്യാസികളും പാപ്പായുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിവച്ച പോര്‍സ്യൂങ്കൊള തീര്‍ത്ഥാനടത്തിന്‍റെ ചരിത്രം പാരായണംചെയ്യപ്പെട്ടു. ആമുഖ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണമായിരുന്നു.  അവിടെ സന്നിധാനത്തില്‍ നിന്നുകൊണ്ട് ലോകത്തിന്ന് ക്ഷമയുടെ ആവശ്യകത എടുത്തുകാട്ടുന്ന സന്ദേശം പാപ്പാ നല്കി :  ഇന്ന് ലോകത്ത് സമാധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മനുഷ്യര്‍ പരസ്പരം ക്ഷമിക്കണം. ഏഴ് എഴുപതു പ്രാവശ്യം ക്ഷണിക്കണമെന്ന് പത്രോസിനോട് ക്രിസ്തു പറയുന്ന അനന്തമായ ക്ഷമയുടെ പാഠം സുവിശേഷത്തില്‍നിന്നും പ്രഘോഷിക്കപ്പെട്ടു (മത്തായി 18, 21-35). തുടര്‍ന്ന് പാപ്പാ പങ്കുവച്ച ധ്യാനപ്രസംഗമായിരുന്നു.  'പോര്‍സ്യൂങ്കൊള' തുറന്നിടുന്നത് ദൈവിക കാരുണ്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കവാടമാണ്. ക്ഷമിക്കാനാവാത്ത ലോകം ഇന്ന് കേഴുകയാണ്. ഇന്ന് ലോകത്തിന് ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെ സാക്ഷികളെയാണ് ആവശ്യം. ദൈവികകാരുണ്യം ലോകത്ത് പങ്കുവയ്ക്കണം. പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രഭാഷണാന്തരം ഏതാനും നിമിഷം എല്ലാവരും മൗനമായി ധ്യാനിച്ചു. മാനുഷികമായ അനുതാപത്തിന്‍റെയും, ദൈവം മനുഷ്യനോടു കാണിക്കുന്ന അനന്തമായ കാരുണ്യത്തിന്‍റെയും പ്രതീകമായി അനുരഞ്ജനത്തിന്‍റെ കൂദാശ (കമ്പസാരം) പരികര്‍മ്മം ചെയ്യുന്നതിനായി പാപ്പാ ഉപവിഷ്ടനായി. അരമണിക്കൂര്‍ സമയം വിവിധ വ്യക്തികളുടെ കുമ്പസാരം പാപ്പാ കേട്ടത്, കാരുണ്യ തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി. തുടര്‍ന്ന് കപ്പേളയില്‍ സന്നിഹിതരായിരുന്ന, സ്ഥലത്തെ മേയര്‍ സ്തെഫാനി പൊയേത്തി ഉള്‍പ്പെടെയുള്ള 200-ല്‍പ്പരം മാത്രം വരുന്ന വിശ്വാസസമൂഹത്തെ അഭിവാദ്യംചെയ്തു. പിന്നെ അസ്സീസി ആശ്രമ സമൂഹംവും അവിടത്തെ രോഗീപരിചരണ കേന്ദ്രവും (infirmary)  സന്ദര്‍ശിച്ചു. അന്തേവാസികളെ അഭിവാദ്യംചെയ്യുകയും അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും കുശലം പറയുകയും ചെയ്തു. 

പോര്‍സ്യൂങ്കൊള ആശ്രമ ചത്വരത്തില്‍ തന്നെ കാണാനായി  സന്നിഹിതരായ വലിയ ജനക്കൂട്ടത്തെയും പാപ്പാ അഭിവാദ്യംചെയ്തു. രോഗികളെയും കുട്ടികളെയും പ്രത്യേകം ആശീര്‍വ്വദിക്കുവാനും സമയം കണ്ടെത്തി. ക്ഷമിക്കാന്‍ മടിക്കരുതെന്നും... മറ്റുള്ളവരില്‍നിന്നും ക്ഷമ യാചിക്കുവാനും എളിമയോടെ സന്നദ്ധരാകണമെന്ന്, പോര്‍സ്യൂങ്കൊള പ്രദേശത്തെ ജനങ്ങളെ വളരെ ഹ്രസ്വമായി പാപ്പാ ഉദ്ബോധിപ്പിച്ചു. കന്യകാനാഥ നമ്മെ അനുഗ്രഹിക്കട്ടെ! എന്നാശംസിച്ചു. പിന്നെ ജനങ്ങള്‍ക്കൊപ്പം, നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന ചൊല്ലി. അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും, 'തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെ'ന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കാറില്‍ കയറി.

അസ്സീസി കുന്നിന്‍ ചുവട്ടില്‍ സന്ധമയങ്ങവെ... പ്രാദേശിക സമയം വൈകുന്നേരം 6.15 ! പോര്‍സ്യൂങ്കൊള തീര്‍ത്ഥത്തിരുനടയോട് പാപ്പാ യാത്രപറഞ്ഞ് രണ്ടു കി.മി. അകലെ സ്പോര്‍ട്സ് മൈതാനിയില്‍ എത്തി. വത്തിക്കാനിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍ മടങ്ങി.

Source: Vatican radio