News >> സ്ത്രീകളുടെ ഡീക്കന്‍പട്ടം സംബന്ധിച്ച് പഠിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചു
സ്ത്രീകള്‍ക്ക് ശുശ്രൂഷാപട്ടം അല്ലെങ്കില്‍ 'ഡീക്കന്‍'പട്ടം നല്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് കമ്മിഷന്‍ രൂപീകരിച്ചു.സഭയില്‍ സ്ത്രീകള്‍ക്കും ശുശ്രൂഷാപട്ടം നല്കുന്നതിനെപ്പറ്റി ആലചോക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. "ആദിമ സഭയിലെന്നപോലെ, സ്ത്രീകള്‍ക്ക് ശുശ്രൂഷാപട്ടം ഇന്നും നല്‍കുന്നതു സംബന്ധിച്ച് പഠിക്കാന്‍ കമ്മിഷന്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു," എന്ന് 2016 മെയ് 12-ാം തിയതി വത്തിക്കാനില്‍ സന്ന്യാസിനീ സഭാസമൂഹങ്ങളുടെ മേലധികാരികളായി നടന്ന സമ്മേളനത്തിലാണ് പാപ്പാ പ്രസ്താവിച്ചത്. ഏറെ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനുംശേഷമാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഇപ്പോള്‍ അതിനുവേണ്ടുന്ന പഠനങ്ങള്‍ക്കായി പാപ്പാ കമ്മിഷന്‍ രൂപീകരിച്ചു.വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ്
ലൂയിസ് ഫ്രാന്‍സിസ് ലെദാരിയ ഫെറാറ അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടാണ്, ആഗസ്റ്റ് 2-ാം തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ 13 അംഗ കമ്മിഷന്‍ പാപ്പാ രൂപീകരിച്ചത്. ഏറെ പഠനവും വിചിന്തനവും ആവശ്യമുള്ള ഈ സഭാപാരമ്പര്യം വിലയിരുത്തുന്നതിന് സഭയിലെ ദൈവശാസ്ത്ര വിദ്യാപീഠങ്ങളുടെ പ്രഫസര്‍മാരെയും വിദഗ്ദ്ധരെയും കേന്ദ്രീകരിച്ചുള്ളതാണ് പുതിയ കമ്മിഷന്‍. പേരുവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:
- പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്‍ അംഗമായ സിസ്റ്റര്‍ നീറിയ കല്‍ദൂക്ക്-ബെനാഞ്ഞസ്. ( Missionary Sister of the Holy Family of Nazareth - MHSFN).
- റോമിലെ അഗസ്തീനിയാനും യൂണിവേഴ്സിറ്റി പ്രഫസര്‍, ഫ്രാന്‍ചേസ്കാ കൊചീനി.
- ഇറ്റലിയിലെ ലൊപ്പിയാനോ സോഫിയ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും രാജ്യാന്തര ദൈവശാസ്ത്ര കമ്മിഷനിലെ അംഗവുമായ മോണ്‍സീഞ്ഞോര്‍ പിയിരോ കോഡാ (ഇറ്റിലിയിലെ ഫ്രെസ്ക്കാത്തി രൂപതാംഗവും സൈദ്ധാന്തിക ദൈവശാസ്ത്ര പണ്ഡിതനുമാണ്).
- റോമിലെ അഗസ്റ്റീനിയന്‍ യൂണിവേഴ്സിറ്റിയിലെ പട്രോളജി പ്രഫസര്‍, അഗസ്തീനിയന്‍ സഭാംഗം, ഫാദര്‍ റോബര്‍ട് ദൊരാരോ (Order of St. Augustine OSA).
- സ്പെയിനിലെ കമിലസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെ സഭാവൈജ്ഞാനികം പ്രഫസര്‍, ഈശോ സഭാഗം, ഫാദര്‍ സന്തിയാഗോ മാഡ്രിഗാല്‍ തെരസാസ്.
- റോമിലെ അന്തോണിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ റെക്ടര്‍ മാഞ്ഞിഫിക്കൂസ്, ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായ സിസ്റ്റര്‍ മേരി ഡോമിനിക് മെലോണെ (S.F.A.).
- ജര്‍മ്മനിയിലെ ബോണ്‍ യൂണിവേഴ്സിറ്റി പ്രഫസറും, വത്തിക്കാന്‍റെ രാജ്യാന്തര ദൈവശാസ്ത്ര കമ്മിഷന്‍ അംഗവുമായ ഫാദര്‍ കാള്‍ ഹെയിന്‍സ് മെങ്കേ,
- റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയിലെ സഭാവൈജ്ഞാനികം പ്രഫസര്‍, സലീഷ്യന്‍ സഭാംഗം ഫാദര്‍ ഐമാബിലെ മുസോണി.
- ബ്രസ്സല്‍സിലെ എത്യൂഡ്സ് ദൈവശാസ്ത്ര കേന്ദ്രത്തിലെ പ്രഫസറും വത്തിക്കാന്‍റെ രാജ്യാന്തര ദൈവശാസ്ത്ര കമ്മിഷന്‍ അംഗവും ഈശോസഭാ വൈദികനുമായ ഫാദര്‍ ബെര്‍ണാര്‍ഡ് പോത്തിയര്‍
- വിയെന്ന യൂണിവേഴ്സിറ്റിയിലെ ആദ്ധ്യാത്മിക ദൈവശാസ്ത്രം പ്രഫസറും, വത്തിക്കാന്‍റെ രാജ്യാന്തര ദൈവശാസ്ത്ര കമ്മിഷന്‍ അംഗവുമായ മരിയാന്ന ഷ്ലൂസര്‍
- റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലെ സൈദ്ധാന്തിക ദൈവശാസ്ത്രം പ്രഫസര്‍, മെഷെലീന ടെനെയ്സ്
- ന്യൂയോര്‍ക്കിലെ ഹെസ്റ്റെഡ് ഹോഫ്സാ യൂണിവേഴ്സിറ്റി പ്രഫസര്‍, ഫീലിസ് സഗാനോ.
എന്നിവരാണ് സ്ത്രീകളുടെ ശുശ്രൂഷാപട്ടം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച 12 അംഗ കമ്മിഷന്‍.ആറു സ്ത്രീകളുടെയും ആറു പുരുഷന്മാരുടെയും സാന്നിദ്ധ്യകൊണ്ട് തുല്യമായി ലിംഗപ്രാതിനിധ്യമുള്ളതുമാണ് കമ്മിഷന്‍. ഏറെ പാണ്ഡ്യത്യവും പരിചയസമ്പത്തുമുള്ള സമര്‍ത്ഥരുടെ രാജ്യാന്തര കമ്മിഷനുമാണിത്.Source: Vatican Radio