News >> ക്ഷമിക്കാനായാല്‍ ലോകത്ത് സമാധാനം കൈവരിക്കാം - പാപ്പാ ഫ്രാന്‍സിസ്
ആസ്സീസിയിലെ പോര്‍സ്യൂങ്കൊള - കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനട പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ചയായിരുന്നു സന്ദര്‍ശനം. 'അസ്സീസി നല്കുന്ന പാപമോചനം' (the Pardon of Assisi) എന്ന വിഖ്യാതമായ അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം പ്രമാണിച്ചാണ് പോര്‍സ്യൂങ്കൊളയിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് തീര്‍ത്ഥാടനം നടത്തിയത്. നാലുമണിയോടെ പോര്‍സ്യൂങ്കൊളിയില്‍ പാപ്പാ എത്തിചേര്‍ന്നു. സന്നിധാനത്തില്‍നിന്നുകൊണ്ട് ലോകത്തിന്ന് ക്ഷമയുടെ ആവശ്യകത എടുത്തുകാട്ടുന്ന സന്ദേശം നല്കി:ലോകത്തെ നവീകരിക്കാന്‍ ക്ഷമയ്ക്ക് ആകുമെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. ഇന്ന് ലോകത്ത് സമാധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മനുഷ്യര്‍ പരസ്പരം ക്ഷമിക്കണം. പത്രോസിനോട് ക്രിസ്തു പറയുന്ന, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം, എന്ന അനന്തമായ ക്ഷമയുടെ പാഠം സുവിശേഷത്തെ ആധാരമാക്കി പാപ്പാ പങ്കുവച്ചു (മത്തായി 18, 21-35). ക്ഷമിക്കുവാനും തെറ്റുകള്‍ തിരുത്തുവാനുമുള്ള തുറവ് കാലികമായ സഭാനവീകരണത്തിനും അനിവാര്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. 'പോര്‍സ്യൂങ്കൊള' തുറന്നിടുന്നത് ദൈവികകാരുണ്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കവാടമാണ്. ക്ഷമിക്കാനാവാത്ത ലോകമാണ് ഇന്ന് കേഴുന്നത്. അതിനാല്‍ നാം ഇന്ന് ലോകത്തിന് ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെ സാക്ഷികളാകണം. ദൈവികകാരുണ്യം ലോകത്ത് പങ്കുവയ്ക്കപ്പെടണം. പാപ്പാ ഉദ്ബോധിപ്പിച്ചു. ക്ഷമിക്കാന്‍ കഴിവില്ലാത്തവര്‍ വെറുപ്പം വൈരാഗ്യവുമാണ് ചുറ്റും വളര്‍ത്തുന്നത്. അവര്‍ സ്വന്തം ജീവിതങ്ങള്‍ മാത്രമല്ല, ജീവിത ചുറ്റുപാടുകളും മറ്റുള്ളവരുടെ ജീവിതങ്ങളും കലുഷിതമാക്കുന്നു. അങ്ങനെയുള്ളൊരു ലോകത്ത്, "എന്നെ അങ്ങേ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ," എന്നു പ്രാര്‍ത്ഥിച്ച അസ്സീസിയിലെ ഫ്രാന്‍സിസാണ് പാപമോചനത്തിന്‍റെയും ദൈവിക കാരുണ്യത്തിന്‍റെയും കവാടം പോര്‍സ്യൂങ്കൊളയില്‍ നമുക്കായ് തുറന്നു തരുന്നത്. സ്നേഹസമ്പന്നനും കരുണാധനനുമായ പിതാവാണ് ക്രിസ്തു പറഞ്ഞ ഉപമയിലെ നല്ലയജമാനന്‍. നാം നിര്‍ദയനായ ഭൃത്യനെപ്പോലെയും! ദൈവം തന്‍റെ അനന്തമായ കരുണയില്‍ നമ്മോട് ക്ഷമിക്കുകയും കാരുണ്യം കാട്ടുകയും ചെയ്യുമ്പോള്‍ അപരനോട്, സഹോദരങ്ങളോട് ക്ഷമിക്കാന്‍ നാം മടിക്കുകയും അവരെ പ്രഹരിക്കുകയും ഞെരുക്കുകയും ചെയ്യുന്നു. അനുതപിക്കുന്നവര്‍ക്ക് ദൈവം തന്‍റെ കരുണയും ദയയും സ്നേഹവും നല്‍കുന്നു. സമാധാനവും സ്വൗര്യതയും അവിടുന്നു നമുക്ക് തരുന്നു.ദൈവം തരുന്ന സമാധാനമാണ് നിത്യതയുടെ ആനന്ദവും പ്രശാന്തതയും. ക്ഷമയും അനുതാപവും സ്വര്‍ഗ്ഗീയ ജീവനിലേയ്ക്കുള്ള പാതയാണ്. അതുകൊണ്ടാണ് 800-വര്‍ഷങ്ങള്‍ക്കു മുന്‍പ് അസ്സീസിയിലെ സിദ്ധന്‍ പ്രസ്താവിച്ചത്, "നിങ്ങളെ എല്ലാവരെയും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണമെന്നാണ് എന്‍റെ ആഗ്രഹം!" അതിനായിട്ടാണ് സിദ്ധന്‍ ഹൊനോരിയൂസ് മൂന്നാമന്‍ പാപ്പായില്‍നിന്നും അനുവാദം വാങ്ങി, പൂര്‍ണ്ണദണ്ഡവിമോചനത്തിന്‍റെ പോര്‍സ്യൂങ്കൊള (Porziuncola) അസ്സീസിയില്‍ തുറന്നത്. പ്രോസ്യൂങ്കൊള ഇന്നും ദൈവികകാരുണ്യത്തിന്‍റെ കവാടമാണ്.സ്നേഹത്തിന്‍റെ ദിവ്യരഹസ്യമാണ് സ്വര്‍ഗ്ഗം, അല്ലെങ്കില്‍ നിത്യത! വിശ്വാസപ്രമാണത്തില്‍ ഏറ്റുപറയുന്ന പുണ്യവാന്മാരുടെ ഐക്യമാണത് (The Communion of Saints). സകലവിശുദ്ധരും, ഈ ഭൂമിയില്‍നിന്നു കടന്നുപോയ നല്ലവരായ നമ്മുടെ പ്രിയപ്പെട്ടവരും അവരുടെ എളിയ വിശ്വാസം ലാളിത്യമാര്‍ന്ന സ്നേഹമായും സാഹോദര്യമായും ഈ ഭൂമിയില്‍ പങ്കുവച്ചവരാണ്. അങ്ങനെ ജീവിതാനന്ദം ഭൂമിയില്‍ പങ്കുവച്ചവര്‍ ദൈവികാനന്ദത്തിന്‍റെ നിത്യതയില്‍ എത്തിച്ചേരുന്നു.'പോര്‍സ്യൂങ്കൊള' തീര്‍ത്ഥാടനത്തിലൂടെ ദൈവികാരുണ്യത്തിന്‍റെ കവാടമാണ് ലോകത്തിനു വിശുദ്ധ ഫ്രാന്‍സിസ് തുറന്നുതരുന്നത്. അങ്ങനെ നിങ്ങളെയും എന്നെയും - സകലരെയും ക്രിസ്തുവിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ പാതയിലൂടെ പിതൃഗേഹത്തിലേയ്ക്ക് ആനയിക്കാന്‍ അസ്സീസിയിലെ സിദ്ധന്‍ ആഗ്രഹിച്ചു. ഇന്നും ആഗ്രഹിക്കുന്നു!! അതാണ് പോര്‍സ്യൂങ്കൊളാ - അസ്സീസി നല്കുന്ന മാപ്പും ദൈവികകാരുണ്യത്തിന്‍റെ കവാടവും...!Source: Vatican Radio