News >> സാധാരണമായവകൊണ്ട് തൃപ്തിയടയരുത്


ക്രാക്കോവ്, പോളണ്ട്: വൈദികരും സന്യസ്തരും സാധാരണമായ കാര്യങ്ങൾക്കൊണ്ട് തൃപ്തരാവരുതെന്നും സുവിശേഷവൽക്കരണം എന്ന ദൗത്യത്തിൽ ആനന്ദം കണ്ടെത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ. ക്രാക്കോവിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തീർത്ഥാടന കേന്ദ്രത്തിലർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

യേശുവിൽ ആനന്ദം കണ്ടെത്തുന്നവർ സാധാരണ ജീവിതം നയിച്ചുകൊണ്ട് തൃപ്തരാവുകയില്ല. യേശുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തുവാനുള്ള തീക്ഷണതയാൽ അവർ എരിയുന്നു. സാധാരണപോലെ ജീവിച്ചുപോവുന്നതിലുപരിയായി സുവിശേഷം പ്രഘോഷിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു. സുവിശേഷം ഒരു തുറന്ന പുസ്തകമാണെന്നും കാരുണ്യത്തിന്റെ പ്രവൃത്തികൾകൊണ്ട് അതിൽ തുടർരചന നടത്താമെന്നും പോളിഷ് വൈദികരെയും സന്യസ്തരെയും പാപ്പ ഓർമിപ്പിച്ചു.

'വാതിലുകൾ തുറക്കുക' എന്ന വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനത്തിന്റെ പ്രതിധ്വനി കേട്ടില്ലെന്ന് നമുക്ക് നടിക്കാനാവില്ല. ഭയംകൊണ്ടൊ സൗകര്യാർത്ഥമോ അടച്ചുപൂട്ടിയിരിക്കാനുള്ള പ്രലോഭനം വൈദികരും സന്യസ്തരും നേരിടുന്നുണ്ട്. പക്ഷെ യേശു ഒരു വൺ-വേ തെരുവിലേക്കാണ് വിളിക്കുന്നത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റില്ലാത്ത ഒരു വൺ-വേ യാത്രയാണത്. നമ്മുടെ ഉള്ളിൽ നിന്ന് പുറത്ത് കടന്ന് അവനെപ്രതി സ്വജീവൻ ത്യജിച്ചുകൊണ്ടുള്ള ഒരു പുറപ്പാട്; പാപ്പ വിശദീകരിച്ചു.

യേശുവിനെ മാതൃകയാക്കിയവർ ലോകത്തിന്റെ അധികാരം പോലെ ഇളക്കമുള്ള അടിത്തറയിൽ ജീവിതം കെട്ടിപ്പടുക്കുവാൻ പരിശ്രമിക്കുകയില്ല. അവർ സൗകര്യാർത്ഥം സുവിശേഷവൽക്കരണത്തിൽ വിട്ടുവീഴ്ച ചെയ്യുകയുമില്ല. സുരക്ഷിതമായ ഭാവിക്കായി പദ്ധതികൾ വിഭാവനം ചെയ്ത് സമയം പാഴാക്കുകയില്ല. സ്വയകേന്ദ്രീകരണത്തിന്റെ അടഞ്ഞ മതിലുകൾക്കുള്ളലിൽ ഏകാന്തതയനുഭവിക്കുന്നവരും ദുഃഖിതരുമായി അവർ മാറുകയില്ല. കർത്താവിൽ ആനന്ദം കണ്ടെത്തുന്ന അവർ യേശുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് സുവിശേഷം പ്രഘോഷിക്കുവാനുള്ള തീക്ഷണതയാൽ എരിയുന്നവരായിരിക്കും; പാപ്പ വ്യക്തമാക്കി.

Source: Sunday Shalom